നോമ്പുകാല സന്ദേശം: കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ്

രക്ഷാകരമായ കഷ്ടാനുഭവം

മനുഷ്യവംശത്തോട് ദൈവം കാണിച്ച സ്‌നേഹം വാക്കുകളില്‍ വിവരിക്കുന്നതിന് പരിമിതികളുണ്ട്. ”എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിന് വേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ 3:16). ഈ സ്‌നേഹത്തെ നമുക്ക് അളക്കാന്‍ പ്രയാസമാണ്. കുരിശിന്റെ ഇരുപാര്‍ശ്വങ്ങളിലേക്കും ആണികള്‍ തറയ്ക്കപ്പെടുന്നതിനായി കൈകള്‍ വിരിച്ചുവയ്ക്കുവോളം വിശാലമാണ് ആ സ്‌നേഹം.

ഇത്രത്തോളം ലോകത്തെ സ്‌നേഹിക്കുവാന്‍ മനുഷ്യന്‍ ആരാണ്? പറുദീസായില്‍ ആദത്തിന് ലഭിക്കാതെ പോയ ജീവന്‍, കാല്‍വരിയിലെ പരമയാഗം വഴി യേശു ആദാമിന്റെ സന്തതികള്‍ക്ക് നേടിക്കൊടുത്തു. എന്നാല്‍ ഇന്നും മനുഷ്യകുലം ആകാശത്തിന്റെ കീഴില്‍ രക്ഷക്കായി നല്‍കപ്പെട്ട ഏക നാമം അന്വേഷിക്കാതെ ലോകം വച്ചുനീട്ടുന്ന പ്രലോഭനങ്ങളുടെ നടുവില്‍ ജീവിക്കുന്നു. ”നാശത്തിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അത് ദൈവത്തിന്റെ ശക്തിയത്രേ” (1 കോറി 1:18).

നമുക്കായി ദൈവം ഒരുക്കിയ രക്ഷയുടെ വലിയ പദ്ധതിയുടെ ഭാഗമാണ് യേശുവിന്റെ കഷ്ടാനുഭവവും കുരിശുമരണവും. രക്ഷാകരപദ്ധതി മനുഷ്യനുവേണ്ടി സ്വര്‍ഗ്ഗപിതാവ് ആവിഷ്‌കരിച്ച സ്‌നേഹത്തിന്റെ പദ്ധതിയാണ്. അത് കര്‍ത്താവിന്റെ ബലിയാണ്. ഈ ബലി യാദൃശ്ചികമായി സംഭവിച്ച ഒന്നല്ല. ”അവന്‍ ദൈവത്തിന്റെ വിശുദ്ധ പദ്ധതിയും പൂര്‍വ്വജ്ഞാനവും അനുസരിച്ച് നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കപ്പെട്ടു. അധര്‍മ്മികളുടെ കൈകളാല്‍ അവനെ നിങ്ങള്‍ കുരിശില്‍ തറച്ചുകൊന്നു.” (അ : പ്ര 2:23). എന്നാല്‍ ഈ പദ്ധതിയോട് കുരിശോളം വിനീതനായി യേശു സഹകരിച്ചത് തന്റെ രക്തത്താല്‍ മനുഷ്യകുലത്തെ കഴുകി വിശുദ്ധീകരിക്കുന്നതിനാണ്. കുരിശില്‍ ഉയര്‍ന്നപ്പോള്‍ കര്‍ത്താവ് ലോകത്തെ മുഴുവന്‍ തന്നിലേക്ക് ആകര്‍ഷിച്ചു. പാലസ്തീനായിലും ജറുസലെമിലും സമീപ പ്രദേശങ്ങളിലും നന്മ ചെയ്ത് നീങ്ങിയ കര്‍ത്താവ് അനേകരെ തന്നിലേക്ക് ആകര്‍ഷിച്ചു. എന്നാല്‍ കുരിശില്‍ ഉയര്‍ത്തപ്പെട്ടപ്പോള്‍ ലോകം മുഴുവനെയും തന്നിലേക്ക് ആകര്‍ഷിച്ചു. ”ഞാന്‍ ഭൂമിയില്‍ നിന്നും ഉയര്‍ത്തപ്പെട്ടപ്പോള്‍ എല്ലാ മനുഷ്യരേയും എന്നിലേക്ക് ആകര്‍ഷിക്കും” (യോഹ 12:32) എന്ന വചനം അര്‍ത്ഥപൂര്‍ണ്ണമായി!

ആധുനിക ലോകത്തില്‍ അരങ്ങേറുന്ന അനേകം കാര്യങ്ങള്‍ യേശുവിന്റെ കുരിശുമരണമാണ് നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്. യുദ്ധമുഖത്തും ഭീകരാക്രമണ സംഭവങ്ങളിലും യേശുവിലും അവിടുത്തെ പരിശുദ്ധ സഭയിലും വിശ്വസിക്കുന്നു എന്ന ഒറ്റ കാരണത്താല്‍ അനേകര്‍ കൂട്ടക്കുരുതിക്ക് വിധേയരായപ്പോള്‍ കുരിശ് നല്‍കുന്ന പ്രത്യാശയുടെ വലിപ്പം നാം കണ്ടതാണ്. തീവ്രമായ മത നിരാസത്തിന്റെ പേരിലോ, അന്ധമായ മതതീവ്രവാദത്തിന്റെ പേരിലോ ആണ് ഈ ക്രൂരതകള്‍ നടക്കുന്നത്. ജീവന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും വില മനസ്സിലാക്കാതെ വര്‍ദ്ധിച്ച് വരുന്ന ദുഷ്ടത കാരണം മനുഷ്യന്‍ സൃഷ്ടവസ്തുക്കളില്‍ ഏറ്റവും ക്രൂരതയുള്ള ഒന്നായി മാറിയിരിക്കുന്നു. മനുഷ്യന്റെ നിലവിളി മറ്റുള്ളവര്‍ കേള്‍ക്കാതെ പോകുന്നു. എന്നാല്‍ ഈ നിലവിളിയുടെ നടുവില്‍ യേശുവുണ്ട്.

ഭാരമേറിയ കുരിശുമായി പലപ്രാവശ്യം നിലത്തുവീണ യേശു രക്തം പുരണ്ട തന്റെ മുഖം ഉയര്‍ത്തി നോക്കുന്നു. ചോരച്ചാലുകളില്‍ എരിഞ്ഞടങ്ങാന്‍ വിധിക്കപ്പെട്ട അനേകരുടെ മധ്യത്തില്‍ ഭാരമേറിയ കുരിശുമായി കര്‍ത്താവുണ്ട്. വേദനിക്കുന്നവരുടെ, കഷ്ടതകള്‍ അനുഭവിക്കുന്നവരുടെ, രോഗികളുടെ ദൈന്യതയാര്‍ന്ന മുഖത്ത് നോക്കുമ്പോള്‍ യേശുവിനെ നമുക്ക് കാണാന്‍ കഴിയുന്നില്ലെങ്കില്‍ നാം വേദനകളില്‍ നിന്നും ഒളിച്ചോടുന്നവരാണ്. യേശുവിന്റെ കുരിശ് ദൈവം നമ്മോട് കാട്ടിയ സ്‌നേഹത്തിന്റെയും മനുഷ്യന്‍ ദൈവത്തോട് കാട്ടിയ അനീതിയുടെയും അടയാളമാണ്.

യേശുവിന്റെ കുരിശുമരണം നമുക്ക് പ്രത്യാശ പകരുന്നു. അത് നമ്മെ ചലിപ്പിക്കുന്നു. ആഴ്ചയുടെ ആദ്യ ദിവസം നിരാശയിലും വേദനയിലും ഉറങ്ങിക്കിടന്ന ശിഷ്യസമൂഹം അവന്റെ കല്ലറയിലേക്ക് ഓടിയത് അവന്‍ മരിച്ചവരില്‍ നിന്ന് ഉയര്‍ത്തു എന്നറിഞ്ഞുകൊണ്ടാണ്. നമുക്ക് പ്രത്യാശയ്ക്ക് വക നല്‍കുവാന്‍ യേശുവിനു മാത്രമേ കഴിയൂ. കുരിശിലൂടെ യേശു നേടിയ വിജയം ഇന്ന് ലോകത്ത് കഷ്ടതയും വേദനയും അപമാനവും സഹിക്കുന്നവരുടെ വിജയം കൂടിയാണ്. ആത്യന്തികമായ വിജയം സത്യത്തിന്റേതാണ്, നീതിയുടേതാണ്, ധീരന്മാരുടേതാണ്.

കൈകാലുകള്‍ ബന്ധിച്ച് ഒരാളെ നിസ്സഹായനാക്കി കഴുത്തറുക്കുന്നത് ധീരതയല്ല, ഭീരുത്വമാണ്. അപ്പോഴും മരണത്തെ ശാന്തതയോടെ കൈവരിച്ചവരാണ് ധീരന്മാര്‍. കുരിശ് ധീരന്മാരുടെ അടയാളം കൂടിയാണ്. ധൈര്യമായി നമുക്ക് കുരിശിനെ പിന്‍ചെല്ലാം. ഇങ്ങനെ പ്രാര്‍ത്ഥിക്കാം: ”ഞങ്ങള്‍ക്കതിനാലെ രക്ഷയുണ്ടായി എന്ന സ്ലീബായെ ഞങ്ങള്‍ കുമ്പിടുന്നു; മിശിഹാ തമ്പുരാനേ, നീ എഴുന്നള്ളി വരുമ്പോള്‍, ഞങ്ങളെയും ഓര്‍ക്കണമേ എന്ന് കള്ളനോടു കൂടി ഞങ്ങളും ചൊല്ലുന്നു.”

(ക്രൈസ്തവ കാഹളം)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.