നിനവേ താഴ്‌വരയിലേക്ക് ക്രിസ്ത്യാനികള്‍ തിരിച്ചെത്തുന്നു

പൊട്ടിത്തെറികളുടെയും ബോംബ് സ്‌ഫോടനങ്ങളുടെയും ശബ്ദം നിറഞ്ഞു നിന്നിരുന്ന അന്തരീക്ഷത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം ദേവാലയമണികള്‍ മുഴങ്ങി. ബഷീക്വ നഗരത്തിലെ ഐഎസ് അധീനതയിലായിരുന്ന മാര്‍ കോര്‍ക്കീസ് ക്രൈസ്തവ ദേവാലയം രണ്ടുവര്‍ഷത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു. മൊസൂളില്‍നിന്നു 15 കിലോമീറ്റര്‍ വടക്കു മാറിയാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.

ഐഎസിന്റെ നിയന്ത്രണത്തിലായിരുന്ന ഈ പ്രദേശം നവംബര്‍ 7-ന് നടന്ന പോരാട്ടത്തില്‍ ഇറാഖി സൈന്യം തിരികെ പിടിച്ചിരുന്നു. ഇതോടെയാണ് ഇവിടെ വീണ്ടും ദേവാലയം തുറക്കാനുള്ള ശ്രമം ആരംഭിച്ചത്. ഐഎസ് ഭീകരര്‍ തകര്‍ത്ത ദേവാലയത്തിലെ പ്രധാന കുരിശ് മാറ്റി പുതിയത് സ്ഥാപിച്ചു. സ്ത്രീകളടക്കമുള്ള നൂറുകണക്കിനു വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു. നിനവെയിലെ ഈ പ്രദേശം ആദിമ ക്രൈസ്തവരുടെ ഏറെ പ്രധാനപ്പെട്ട ഒരു കേന്ദ്രമായിരുന്നു.

മൊസൂളിനു സമീപം കാര്‍മിലിസ് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്‌റിയന്‍ ദേവാലയം ഐഎസ് തീവ്രവാദികള്‍ തകര്‍ത്തിരുന്നു.ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള പല ക്രൈസ്തവ ദേവാലയങ്ങളും ഐഎസ് തകര്‍ത്തിട്ടുണ്ട്. തകര്‍ക്കപ്പെട്ട അസ്‌റിയന്‍ ദേവാലയം ചരിത്ര പ്രാധാന്യമുള്ള ദേവാലയങ്ങളില്‍ ഒന്നായിരുന്നു.

ക്രൈസ്തവ മതത്തിന്റെ ഉറവിടങ്ങളാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. ഇവിടെയുള്ള ചരിത്രശേഷിപ്പുകള്‍ നശിപ്പിക്കുന്നതിലൂടെ ചരിത്രത്തെ തന്നെ മായിച്ചു കളയുവാനുള്ള ശ്രമങ്ങളാണ് ഐഎസ് തീവ്രവാദികള്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇറാഖി സൈന്യത്തിന്റെ ശക്തമായ മുന്നേറ്റം ക്രൈസ്തവ വിശ്വാസികളുടെ പ്രത്യാശ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.