101 വയസ്സിൽ ആദ്യകുർബാന സ്വീകരണം

ബ്രസീൽ, റിയോ ഡി ജനീറോ :   101 വയസ്സുള്ള ദോണ പെൻഹായുടെ  (Doña Penha) നീണ്ട ജീവിതത്തിൽ സെപ്റ്റംബർ 28, 2016 വലിയ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനമായിരുന്നു. റിയോ ഡീ ജനീറയിലുള്ള കർമ്മലമാതാവിന്റെ നാമത്തിലുള്ള നേഴ്സിംങ്ങ് ഹോമിൽ  നൂറു കഴിഞ്ഞ പെൻഹാ ഈശോയെ ആദ്യമായി ഹൃദയത്തിൽ സ്വീകരിച്ചപ്പോൾ സ്വർഗ്ഗവും ഭുമിയും ഒരുമിച്ച് ആനന്ദനൃത്തമാടി. ഈ ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ദൈവസ്നേഹത്തിന്റെ വലിയൊരു സാക്ഷ്യത്തിനാണ് സാക്ഷികളായത്.

“ഇത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണ് ഞങ്ങൾക്ക് സമ്മാനിച്ചിരിക്കുന്നത്. ദൈവത്തെ അന്വേഷിക്കുന്നവർക്ക്, ആദ്യ  കുർബാന സ്വീകരിക്കാൻ  പ്രായമോ, നാണമോ  ഒരു തടസ്സമാവില്ലന്ന് ഈ സംഭവം തെളിയിക്കുന്നു.”  നേഴ്സിങ്ങ് ഹോമിന്റെ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ ജോസീനാ റിബേരിയോ പറയുന്നു.  ഇതുപോലുള്ള അവസരങ്ങൾ വിശ്വാസത്തിൻ ആഴപ്പെടാൻ സഹായിക്കുമെന്ന് ജോസീനാ കൂട്ടിച്ചേർത്തു.

ഒരു വർഷം മുമ്പാണ് ദോണാ പെൻഹാ ഫാത്തിമ മാതാവിന്റെ ജപമാലയുടെ പുത്രിമാർ എന്ന സന്യാസ സമുഹം നടത്തുന്ന ഈ ഭവനത്തിൽ എത്തിച്ചേർന്നത്. വിശുദ്ധ കുർബാന അർപ്പിക്കുന്ന ഒരു ചാപ്പൽ ഈ ഭവനത്തിൽ ഉണ്ടായിരുന്നു. ദോണ മറ്റു സ്ത്രീകളോടൊപ്പം വിശുദ്ധ കുർബാനയിൽ പതിവായി പങ്കെടുക്കുമായിരുന്നു. വിശുദ്ധ കുർബാന സ്വീകരണം ഇല്ലാതെയുള്ള ബലിയർപ്പണം അവളിൽ വേദനയുണ്ടാക്കി. ഈശോയെ സ്വീകരിക്കാൻ അവളുടെ ഹൃദയം തീവ്രമായി ദാഹിച്ചു. ഒരു ദിവസം കുമ്പസാരിക്കണമെന്ന്  അവൾ നിർബന്ധം പിടിച്ചു.  ആദ്യകുർബാനയോ കമ്പസാരമോ നടത്തിയിട്ടില്ലാത്ത ദോണയെ ഫാ: ഡോമിങ്ങോസ് സാവിയോ സിൽവായുടെ നിർദേശാനുസരണം സിസ്റ്ററ്റേഴ്സ് കൂദാശകൾ സ്വീകരിക്കാൻ പ്രത്യേകം  ഒരുക്കി.

അങ്ങനെ സെപ്റ്റംബർ 28 ദോണ ആഗ്രഹിച്ചിരുന്ന ആ പുണ്യ ദിനം വന്നെത്തി. പൂർണ്ണ ഒരുക്കത്തോടെ, ഈശോയെ ആദ്യമായി ദോണ നാവിൽ സ്വീകരിച്ചപ്പോൾ ഒരു നൂറ്റാണ്ടായി അവൾ കാത്തിരുന്ന സന്തോഷവും ആനന്ദവും അനുഭവിക്കുന്നതിന് നൂറുകണക്കിനാളുകൾ സാക്ഷികളായി.

റിബേരിയോയുടെ അഭിപ്രായത്തിൽ ഈ ആദ്യകുർബാന അനുഭവം ദൈവസ്നേഹത്തിന്റെ തലോടൽ അനുഭവിക്കാൻ അനേകർക്ക് പ്രചോദനമേകി. അതിനു പ്രായപരിധി ഒരു തടസ്സവും അല്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.