
ലെയോ 14- മന്‍ പുതിയ മാര്‍പാപ്പാ. ആഗോള കത്തോലിക്കാ സഭയിലെ 267-ാമത് മാർപാപ്പയായി കർദിനാൾ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രേവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ലെയോ 14- മന്‍ എന്ന നാമമാണ് സ്വീകരിച്ചിരിക്കുന്നത്.
2025 മെയ് 7- ന് ആരംഭിച്ച കോണ്‍ക്ലേവിലാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തത്. വോട്ടവകാശമുണ്ടായിരുന്ന 133 കര്‍ദിനാളന്മാരായിരുന്നു കോണ്‍ക്ലേവില്‍ സംബന്ധിച്ചത്.
2013 മാർച്ച് 13 മുതൽ ആഗോള കത്തോലിക്കാ സഭയുടെ തലവനായിരുന്ന ഫ്രാൻസിസ് പാപ്പ 2025 ഏപ്രിൽ 21- ന്, ഈസ്റ്ററിന്റെ പിറ്റേന്ന് തിങ്കളാഴ്ച, പ്രാദേശിക സമയം 7.35 ന് മരണമടഞ്ഞതോടെയാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള സാഹചര്യം ഉളവായത്. കത്തോലിക്കാ സഭയിലെ 266-ാമത് മാർപാപ്പയായിരുന്നു ഫ്രാൻസിസ് പാപ്പ.
നൂറ്റിനാല്പത് കോടിയോളം അംഗസംഖ്യയുള്ള ആഗോള കത്തോലിക്കാ സഭയുടെ ആത്മീയ ആചാര്യൻ മാത്രമല്ല, ലോകത്തിന്റെ ധാർമ്മിക ശബ്ദവും ഐക്യത്തിന്റെ അടയാളവുമാണ് മാർപാപ്പ. ലോകനേതാക്കള്‍ക്കിടയിലെ ധാര്‍മികതയുടെയും ആത്മീയതയുടെയും ശബ്ദമാണ് പാപ്പാ സ്ഥാനം.
ആദ്യത്തെ മാര്‍പാപ്പ
യേശുക്രിസ്തുവിന്റെ ശിഷ്യപ്രമുഖന്‍ വി. പത്രോസാണ് ആദ്യത്തെ മാര്‍പാപ്പ. ആദ്യം വിളിച്ച പത്രോസിനെ (മത്തായി 4:18–19) യേശുക്രിസ്തു തന്നെയാണ് അപ്പസ്തോല തലവനായി നിയമിക്കുന്നത് (മത്തായി 16:18). ഈ പ്രാമുഖ്യം വെളിവാക്കുന്ന നിരവധി സംഭവങ്ങൾ വിശുദ്ധഗ്രന്ഥത്തിലുടനീളം കാണാം (മത്തായി 16:13–19, ലൂക്കോ. 22:31–32, യോഹ. 21:15–19). എല്ലായിടത്തും ഒന്നാമതായി പേരു പരാമർശിക്കപ്പെടുന്ന (മർക്കോ. 3:16–19, മത്തായി 10:1–4, ലൂക്കോ. 6:12–16) പത്രോസ് തന്നെയാണ് എല്ലാവർക്കും വേണ്ടി സംസാരിക്കുന്നവനും (മർക്കോ. 8:29, മത്തായി 18:21, ലൂക്കോ. 12:41, യോഹ. 6:67–69).
അപ്പസ്തോല സംഘത്തലവനും അന്ത്യോഖ്യയിലെയും റോമിലെയും സഭാസ്ഥാപകനും ആദ്യ മാർപാപ്പയുമായ പത്രോസ്, ഗലീലയിലെ ബത്‌സയ്ദായിൽ നിന്നുള്ള യോനായുടെ മകനാണ്. സഹോദരൻ അന്ത്രയോസുമൊത്ത് ഗലീലക്കടലിൽ വല വീശിക്കൊണ്ടിരിക്കുമ്പോഴാണ് “എന്നെ അനുഗമിക്കുക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം” (മത്തായി 4:19) എന്ന വിളി യേശുവിൽനിന്നും ലഭിക്കുന്നത്.
സ്വർഗരാജ്യത്തിന്റെ താക്കോലുകൾ പത്രോസിനു നൽകുമെന്ന യേശുവിന്റെ വാക്കുകളിൽനിന്നാണ് താക്കോലേന്തിയ പത്രോസിന്റെ ചിത്രം രൂപപ്പെട്ടിരിക്കുന്നത്. വി. അഗസ്തീനോസ് പറയുന്നത്, “പത്രോസിലൂടെ സഭ മുഴുവനും സ്വർഗരാജ്യത്തിന്റെ താക്കോൽ ഏറ്റുവാങ്ങിയിരിക്കുന്നു”വെന്നാണ്.
ആദ്യകാലങ്ങളിൽ റോമിനടുത്തുള്ള മുതിർന്ന വൈദികരായിരുന്നു മാർപ്പാപ്പയെ തിരഞ്ഞെടുത്തിരുന്നത്. 1059-ൽ സമ്മതിദാനാവകാശം പരിശുദ്ധ റോമാസഭയിലെ കർദ്ദിനാളന്മാർക്കായി നിജപ്പെടുത്തി. 1179-ൽ എല്ലാ കർദ്ദിനാളന്മാരുടെയും വോട്ടിന്റെ മൂല്യം തുല്യമാക്കി. കാനൻനിയമമനുസരിച്ച്, ഏതൊരു ക്രിസ്ത്യാനിയെയും മാർപ്പാപ്പയായി തിരഞ്ഞെടുക്കാം. എന്നാൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രസ്തുതവ്യക്തിയെ കർദ്ദിനാൾ തിരുസംഘം കർദ്ദിനാളായി വാഴിക്കേണ്ടതാണ്. 1378-ൽ തിരഞ്ഞെടുക്കപ്പെട്ട ഊർബൻ ആറാമൻ പാപ്പയാണ് കർദ്ദിനാളല്ലാതിരിക്കെ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അവസാനവ്യക്തി.
ഒൻപതാം പീയൂസ് മാർപാപ്പയാണ് ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ തുടർന്ന മാർപാപ്പ 31 വർഷം, 7 മാസം, 23 ദിവസമാണ് പാപ്പയുടെ ഭരണ കാലം. ഏറ്റവും കുറവ് കാലം ഭരിച്ച മാർപാപ്പ ഉർബൻ ഏഴാമൻ മാർപാപ്പയാണ്. 13 കലണ്ടർ ദിനങ്ങളാണ് പാപ്പയുടെ ഭരണസമയം. സ്ഥാനാരോഹണച്ചടങ്ങിനു മുമ്പ് അദ്ദേഹം മരണമടഞ്ഞു.
ക്രിസ്തു പത്രോസ് ശ്ലീഹായെ ഭരമേല്പിച്ച അജപാലന ദൗത്യം, പീഡനവും അധികാര സ്ഥാനങ്ങളും നവീകരണവുമൊക്കെ സംഭവിച്ച് ഈ പുതിയ പാപ്പായില്‍ എത്തി നില്ക്കുന്നു. പുരാതന റോമായിലെ കാറ്റക്കോമ്പുകളിൽ നിന്നും പത്രോസിന്റെ ബസിലിക്കയിലെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്ന ഈ സ്ഥാനം ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും രണ്ടു സഹസ്രാബ്ദ നാൾവഴികൾ താണ്ടി നമ്മുടെ മുമ്പിൽ സജീവമായി നിലനിൽക്കുകയാണ്.
കത്തോലിക്കാ സഭയുടെ ചരിത്രം, രണ്ടു സഹസ്രാബ്ദത്തോളം അണമുറിയാതെ സഭയെ നയിച്ച മാർപാപ്പമാരുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അപ്പസ്തോലസംഘത്തിന്റെ തലവനെന്ന നിലയിൽ പത്രോസ് ശ്ലീഹായ്ക്ക് ലഭിച്ച അധികാരവകാശങ്ങൾ മാർപാപ്പമാരിലൂടെ ഇന്നും സഭയിൽ തുടരുന്നു.
പുതിയ പാപ്പായ്ക്ക് അഭിനന്ദനങ്ങള്‍. വീവാ ഇല്‍ പാപ്പാ – പാപ്പ നീണാള്‍ വാഴട്ടെ!