പാപ്പയെ ഈറനണിയിച്ച പുരോഹിതൻ ഇനി കർദ്ദിനാൾ

ഫ്രാൻസീസ് പാപ്പയെ 2014 ലെ  അൽബേനിയൻ സന്ദർശന വേളയിൽ  ഈറനണിയിച്ച പുരോഹിതൻ കർദ്ദിനാൾ പദവിയിലേക്ക്. നവംബർ 19 ന് മാർപാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തുന്ന പതിനേഴു പേരിൽ ഒരാളാണ് എൺപത്താറുകാരനായ സിമോണി എന്ന ഈ അൽബേനിയൻ വൈദീകൻ.

അൽബേനിയയിലെ കമ്യൂണിസ്റ്റ് ഭീകരതയുടെ അവശേഷിക്കുന്ന മുഖമാണ്
ഫാ. ഏണസ്റ്ററ് ട്രോഷാനി സിമോണി (Father Ernest Troshani Simoni). 2014ലെ  ഫ്രാൻസീസ് പാപ്പയുടെ സന്ദർശന വേളയിൽ  സിമോണിയച്ചന്റെ സാക്ഷ്യം കേട്ടപ്പോൾ  അക്ഷരാർത്ഥത്തിൽ പാപ്പയുടെ മിഴികൾ നിറഞ്ഞത് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. അന്ന് സഹോദരതുല്യമായ ആശ്ലേഷം നൽകിയാണ് പാപ്പ ഫാ. സിമോണിയെ പറഞ്ഞയച്ചത്.
1944 ഡിസംബറിൽ കമ്യൂണിസ്റ്റുകാർ അൽബേനിയ കീഴടക്കക്കുമ്പോൾ സിമോണിയച്ചൻ സെമിനാരിയിൽ ആയിരുന്നു. ഭരണകൂടം വിശ്വാസത്തെയും പുരോഹിതരെയും തുടച്ചു നീക്കാൻ തീരുമാനിച്ചു. അവർ പുരോഹിതന്മാരെ അറസ്റ്റ ചെയ്യുകയും പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു. അൽമായർക്ക് എഴു വർഷത്തെ കഠിന തടവായിരുന്നു ശിക്ഷ. മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരിൽ ചിലർ ക്രിസ്തുരാജൻ ജയിക്കട്ടെ എന്ന വിശ്വാസഗീതം മുഴക്കി രക്തസാക്ഷിത്വം വരിച്ചു.
ഫ്രാൻസിസ്കൻ സഭാംഗമായ സിമോണിയച്ചന്റെ സുപ്പീരിഴേയ്സ്  1948 ൽ കമ്മ്യൂണിസ്റ്റുകാരുടെ തോക്കിനിരയായി. രഹസ്യ സങ്കേതത്തിലാണ് ബ്രദർ സിമോണി പഠനം തുടർന്നതും വൈദീകനായതും.

നാലു വർഷങ്ങൾക്കു ശേഷം കമ്യൂണിസ്റ്റ് നേതാക്കൾ അവശേഷിച്ചിരുന്ന പുരോഹിതന്മാരെ വിളിക്കുകയും മാർപാപ്പായിൽ നിന്നും വത്തിക്കാനിൽ നിന്നും അകൽച്ച പാലിച്ചാൽ സാതന്ത്ര്യം വാഗ്ദാനം ചെയ്യുകയും ചെയ്തു. സിമോണിയച്ചനും സഹോദര വൈദീകരും ആ ആനുകൂല്യം തള്ളിക്കളഞ്ഞു.

1963ലെ ക്രിസ്തുമസ് രാത്രി വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടയിൽ  സിമോണിയച്ചൻ  കമ്യൂണിസ്റ്റ് പടയാളികളുടെ പിടിയിലായി. വിചാരണയ്ക്കിടയിൽ തൂക്കി കൊല്ലാൻ വിധി വാചകം മുഴങ്ങി. “ആവശ്യം വന്നാൽ നമ്മൾ എല്ലാവരും ക്രിസ്തുവിനു വേണ്ടി മരിക്കും ” എന്നു വിശ്വാസികളോടു പറഞ്ഞു എന്നതായിരുന്നു മരണശിക്ഷയ്ക്ക് ഹേതുവായ  കുറ്റം.

കൊടിയ പീഡനങ്ങൾ സിമോണിയച്ചൻ ഏറ്റുവാങ്ങി. “ഞാൻ ജീവിക്കേണ്ടത് ദൈവത്തിന്റെ ആവശ്യമായിരുന്നു” എന്ന് അക്കാലത്തെക്കുറിച്ച് അദ്ദേഹം പറയുന്നു.

“ദൈവപരിപാലന എന്റെ മരണശിക്ഷ ശരിയായ രീതിയിൽ നടത്താൽ മനസ്സായില്ല.  അവർ മറ്റാരു ജയിൽ പുള്ളിയെ എന്റെ മുറിയിൽ കൊണ്ടുവന്നു, എന്റെ പ്രിയ കൂട്ടുകാരനെ തന്നെ. എന്റെ രഹസ്യങ്ങൾ മനസ്സിലാക്കാൻ ഒരു ചാരനായിട്ടാണ്  അവർ അവനെ അവിടെയാക്കിയത്. പക്ഷേ അവരുടെ ശ്രമങ്ങൾ ഫലം കണ്ടില്ല,” ഫാ. സിമോണി ഓർത്തെടുക്കുന്നു.

“ക്രിസ്തു പഠിപ്പിച്ചതു പോലെ എന്റെ   ശത്രുക്കളെ സ്നേഹിക്കാനും അവരോട് ക്ഷമിക്കാനും ഞാൻ  തീരുമാനിച്ചു. അവരുടെ നന്മ കാണാനുള്ള  പരിശ്രമങ്ങൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. ഈ സംഭവം ജയിൽ സൂപ്രണ്ടിന്റെ ചെവിയിലുമെത്ത. കുറച്ചു ദിവസങ്ങൾക്കു ശേഷം അയാൾ എന്നെ  മരണശിക്ഷയിൽ നിന്ന് ഒഴിവാക്കി,” സിമോണിയച്ചൻ വിവരിക്കുന്നു.

28 വർഷം നിർബന്ധിത ജോലി ആയിരുന്നു മരണശിക്ഷക്കു പകരമുള്ള  ഇളവു ശിക്ഷ. ഈ കാലഘട്ടത്തിൽ തടവുകാർക്കായി രഹസ്യമായി വിശുദ്ധ കുർബാന അർപ്പിക്കുകയും കുമ്പസാരം കേൾക്കുകയും  വിശുദ്ധ കുർബാന വിതരണം ചെയ്യുകയും ചെയ്ത് തടവറയിലെ അജപാലകനായി സിമോണിയച്ചൻ.

കമ്യൂണിസ്റ്റ് ഭരണം തകർന്നപ്പോഴാണ് ഫാ. സിമോണി സ്വതന്ത്രാനായത്.

“ ധാരാളം വ്യക്തികളെ ശുശ്രൂഷിക്കാനും അനുരജ്ഞിപ്പിക്കാനും വെറുപ്പിന്റെയും  സാത്താന്റെയും ശക്തികളെ മനുഷ്യഹൃദയങ്ങളിൽ നിന്ന് ആട്ടിയോടിപ്പിക്കാനും   ദൈവം എന്നെ സഹായിച്ചു.” തടവറയിലെ അജപാലന ശുശ്രൂഷയെക്കുറിച്ചുള്ള സിമോണിയച്ചന്റെ വാക്കുകളാണിവ.

“പരിശുദ്ധ പിതാവേ, തീർച്ചയായും ഞാൻ ഇവിടെ കൂടിയിരിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളോട് ചേർന്ന്  ഒന്നു പറഞ്ഞുകൊള്ളട്ടെ,  ക്രിസ്തുവിന്റെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയാൽ, ദൈവം, ക്രിസ്തുവിന്റെ സഭയാകുന്ന വലിയ അജഗണത്തെ നയിക്കാൻ  അങ്ങയുടെ ജീവിതത്തിന് ആരോഗ്യവും ശക്തിയും നൽകാൻ ഞാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ.”

ഈ സാക്ഷ്യത്തിനു ശേഷം നിറകണ്ണുകളോടെ പാപ്പ സിമോണിയച്ചനെ ആശ്ലേഷിച്ചു.

ഇനി സഭയുടെ രാജകുമാരനായി സിമോണിയച്ചനെ പാപ്പായ്ക്ക്  ചുംബിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.