മരണഭയം വേണ്ട, ദൈവത്തില്‍ ശരണപ്പെടുക – ഫ്രാന്‍സീസ് പാപ്പ

വത്തിക്കാന്‍: വിശ്വസ്തതയോടെ ദൈവത്തില്‍ ശരണപ്പെടുന്നവര്‍ക്ക് മരണത്തെ ഭയത്തോടെ കാണേണ്ടി വരില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കര്‍ത്താവ് നമുക്ക് ദാനമായി നല്‍കിയ താലന്തുകള്‍ ഉപയോഗപ്പെടുത്തിയതെങ്ങനെയാണെന്ന് നമ്മോട് ഒരുനാള്‍ തീര്‍ച്ചയായും ചോദിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു.

”ക്രിസ്തു നമുക്ക് നല്‍കിയിരിക്കുന്ന ദാനങ്ങള്‍ എങ്ങനെയാണ് നാം ഉപയോഗപ്പെടുത്തിയതെന്ന് ഒരു ദിവസം അവിടുന്ന് നമ്മോടു ചോദിക്കും. അതിനാല്‍ മരണം വരെ നാം വിശ്വസ്തരായിരിക്കണം. വിശ്വസ്തര്‍ക്കുള്ള ജീവന്റെ കീരിടം കര്‍ത്താവ് നമുക്ക് നല്‍കും. മരണത്തക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചും തീര്‍ച്ചയായും നാം ഓര്‍മ്മിക്കണം. എന്നാല്‍ ഈ വിശ്വാസമില്ലാത്തവരുമുണ്ട്.” മാര്‍പാപ്പ പറഞ്ഞു.

”ബാല്യത്തില്‍ വേദപാഠ ക്ലാസ്സുകളില്‍ അധ്യാപകര്‍ ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചിരുന്ന നാലു വാക്കുകളുണ്ടായിരുന്നു. മരണം, ന്യായവിധി, നരകം, നിത്യത എന്നിവയായിരുന്നു അവ. ഈ കാര്യങ്ങള്‍ തങ്ങളെ ഭയപ്പെടുത്തുവാന്‍ അധ്യാപകരും വൈദികരും വെറുതെ പറയുന്നതാണെന്ന് ചില കുട്ടികള്‍ വിശ്വസിച്ചിരുന്നു. ദൈവം നിങ്ങളുടെ ഹൃദയത്തില്‍ വസിക്കുന്നുണ്ടെന്നും ദൈവത്തെ നിങ്ങള്‍ മറന്നു പോയാല്‍ അവിടുന്ന് നിങ്ങളില്‍ നിന്നും ദൂരേയ്ക്കു മാറി പോകുമെന്നും വൈദികര്‍ വിശദീകരിച്ചു നല്‍കി. ദൈവം ഇല്ലാത്തിടത്ത് നിത്യതയില്ല. അവിടെ അപകടമാണുള്ളതെന്നും വൈദികര്‍ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി.” പാപ്പ വിശദീകരിച്ചു.

”അന്തിമ വിധി ദിവസം നാം ദൈവത്തോട് പറയണം. കര്‍ത്താവേ ഞാന്‍ നിരവധി പാപങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഞാന്‍ വിശ്വസ്തനായി ജീവിക്കുവാന്‍ പരമാവധി പരിശ്രമിച്ചു. കര്‍ത്താവേ നീ കാരുണ്യമുള്ളവനാണല്ലോ. എന്നോട് കൃപയുണ്ടാകേണമേ.” ഈ വാക്കുകള്‍ പറഞ്ഞാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.