പുല്‍ക്കൂടും കരോളും പിന്നെ സാന്തക്ലോസും

ക്രിസ്മസ് അടുത്തു വരികയാണ്. പുല്‍ക്കൂടൊരുക്കി, ക്രിസ്മസ് ഗാനം പാടി, ക്രിസ്മസ് അപ്പൂപ്പനെ കാത്തിരിക്കുകയാണ് നമ്മളെല്ലാം. കരോളും ക്രിസ്മസ് ഗാനവും പുല്‍ക്കൂടും എത്തിയതിന് പുറകില്‍ അനവധി കഥകളുണ്ട്. അതില്‍ ഒരെണ്ണം ലൈഫ്‌ഡേ ഇവിടെ പങ്ക് വയ്ക്കുന്നു.

പുല്‍ക്കൂടിന്റെ കഥ

അസ്സീസിയിലെ ഫ്രാന്‍സീസ് തന്റെ കൂട്ടുകാരോട് ഒരിക്കല്‍ പറഞ്ഞു: ഇതെന്റെ അവസാന വര്‍ഷമാണ്. അതുകൊണ്ട് തന്നെ ഇതെന്റെ അവസാന ക്രിസ്മസും. ഇതുവരെ ഞാന്‍ ആഘോഷിച്ചതില്‍ നിന്നും വ്യത്യസ്തമായി പുതിയ രീതിയില്‍ ഈ ക്രിസ്മസ് എനിക്ക് ആഘോഷിക്കണം.മഫ്രാന്‍സീസിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ തന്നെ കൂട്ടുകാരും ശിഷ്യരും തീരുമാനിച്ചു. അതിനു വേണ്ടി താഴ്‌വരയിലെ വലിയൊരു ഭൂപ്രദേശം തിരഞ്ഞെടുത്തു. ചെറിയ കുന്നുകളും ഗുഹകളും നിറഞ്ഞ പ്രദേശമായിരുന്നു അത്.

4ഫ്രാന്‍സീസും ശിഷ്യഗണങ്ങളും അവിടെ പുതിയൊരു കാര്യത്തിന് തുടക്കം കുറിക്കാന്‍ തീരുമാനിച്ചു. ബദ്‌ലഹേമിനോട് സമാനമായ ഒരിടം അവിടെയുള്ള ഗുഹയ്ക്കുള്ളില്‍ അവരൊരുക്കി. ആ ഗുഹയ്ക്കുള്ളിലേക്ക് വഴിയൊരുക്കുകയും കാളയും കഴുതയും ഉള്ള തൊഴുത്ത് അവിടെ സജ്ജമാക്കുകയും ചെയ്തു. അര്‍ദ്ധരാത്രിയോടടുത്തപ്പോള്‍ ഗ്രാമവാസികള്‍ ഫ്രാന്‍സീസിനൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ അവിടേക്കെത്തി. ദൂരെനിന്നും അവര്‍ ആ താഴ്‌വരയിലേക്ക് വന്നപ്പോള്‍ ഇരുട്ടില്‍ അവരുടെ കൈവശമുണ്ടായിരുന്ന വിളക്കുകളും തീനാളങ്ങളും നക്ഷത്രങ്ങള്‍ക്ക് സമാനമായി തോന്നിച്ചു. ഒരു പഴയ ഗാനവും അവര്‍ പാടികൊണ്ടിരുന്നു. ഗുഹയിലെ കാഴ്ച്ചകളില്‍ അവര്‍ വല്ലാതെ ആകര്‍ഷിക്കപ്പെട്ടു. ചിലര്‍ കുട്ടികളെ പോലെ ആഹ്ലാദിച്ചു. തുടര്‍ന്ന് ഫ്രാന്‍സീസ് ക്രിസ്മസിന്റെ സന്ദേശം നല്‍കാന്‍ പുല്‍ക്കൂട്ടിലേക്ക് കയറി നിന്നു.

സന്ദേശത്തിന്റെ അവസാനം പുല്‍ക്കൂടാകെ പ്രകാശമയമായി മാറി. ആഘോഷങ്ങളുടെ ഒടുവില്‍ ð ഫ്രാന്‍സീസ് കയ്യില്‍ ഒരു കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ച് പറഞ്ഞു: ”സഹോദരീ സഹോദരന്‍മാരെ, ഇതാ ലോകത്തെ രക്ഷിക്കാന്‍ ജനിച്ചവന്‍.” ഇതാണ് നമ്മള്‍ വീടുകളില്‍ ഒരുക്കുന്ന പുല്‍ക്കൂട് എന്ന ആശയത്തിന്റെ തുടക്കം. ഇതിലൂടെ വിശുദ്ധ ഫ്രാന്‍സീസ് പകര്‍ന്ന് നല്‍കിയത് ദൈവം പാവപ്പെട്ടവനില്‍ ഉണ്ടെന്നും ഒരു കൊച്ചുകുട്ടിയുടെ നിഷ്‌ക്കളങ്കതയോടെ ദൈവം എല്ലാവരിലും വസിക്കുന്നുണ്ട് എന്ന സന്ദേശവുമാണ്.

6

വിശുദ്ധ രാത്രിയുടെ പാട്ട്

സൈലന്റ് നൈറ്റ് എന്ന പാട്ടിനെക്കുറിച്ച് ലൈഫ് ഡേ പറയുന്ന കഥ ഇതാണ്. 1818 ഡിസംബര്‍ 23-ലെ തണുത്ത രാത്രി. ക്രിസ്മസിന് വെറും രണ്ടു ദിവസമുള്ള ആ രാത്രിയിലാണ് ‘സൈലന്റ് നൈറ്റ്’ എന്ന കരോള്‍ ഗാനം ജനിക്കുന്നത്. രാത്രി പുല്‍ക്കൂട്ടിലാണ് യേശുദേവന്റെ ജനനമെങ്കില്‍ ഓസ്ട്രിയയിലെ ചെറിയ ഒരു പള്ളിയിലായിരുന്നു സൈലന്റ് നൈറ്റിന്റെ ജനനം, ജര്‍മ്മന്‍ ഭാഷയില്‍.

ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ച നാടകമവതരിപ്പിക്കുവാന്‍ വേണ്ടിയാണ് ആ മ്യൂസിക്ബാന്‍ഡ് ഓസ്ട്രിയയിലെ ചെറിയ ദേവാലയമായ സെന്റ് നിക്കോളാസില്‍ എത്തുന്നത്. എന്നാല്‍, ദേവാലയത്തിലെ ഓര്‍ഗന്‍ തകരാറായതിനാല്‍ ബാന്‍ഡിന് അത് ഉപയോഗിക്കാന്‍ കഴിയാതെ വന്നു. അതുകൊണ്ട് സാധാരണ ഒരു വീട്ടില്‍ അവര്‍ക്ക് നാടകമവതരിപ്പിക്കേണ്ടി വന്നു. സുവിശേഷത്തിലെ സെന്റ് മാത്യുവിന്റെയും സെന്റ് ലൂക്കായുടെയും ആദ്യ അദ്ധ്യായമാണ് ബാന്‍ഡ് നാടക രൂപത്തില്‍ അവതരിപ്പിച്ചത്.

ബാന്‍ഡിന്റെ പ്രകടനം പാസ്റ്ററായ ജോസഫ് മോഹ്ര്‍ന്റെ മനസ്സിനെ ശാന്തതയിലാഴ്ത്തി. തിരികെ വീട്ടിലേക്കുള്ള വഴിയിലുടനീളം അദ്ദേഹത്തിന്റെ മനസ്സില്‍ യേശുവിന്റെ ജനനമായിരുന്നു. യാത്രാ മധ്യേ അദ്ദേഹം ഒരു വലിയ കുന്നിന്റെ മുകളില്‍ ചെന്നെത്തി. അവിടെ നിന്നും താഴേക്ക് നോക്കിയ അദ്ദേഹത്തിന് ഗ്രാമം മുഴുവന്‍ മഞ്ഞ് മൂടിയിരിക്കുന്ന മനോഹര ദൃശ്യമാണ് കാണാന്‍ സാധിച്ചത്. രാത്രിയിലെ നിശബ്ദതയിലെ ആ മനോഹര ദൃശ്യത്തില്‍ അദ്ദേഹത്തിന്റെ മനസ്സിലേക്ക് വന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം തയ്യാറാക്കിയ ഒരു കവിതയായിരുന്നു. മാലാഖമാര്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിക്കുന്നതിനെക്കുറിച്ചായിരുന്നു ആ കവിത.

ക്രിസ്മസ് വൈകുന്നേരം പള്ളിയില്‍ നടക്കുന്ന ഒത്തുചേരലില്‍ ഈ കവിത കരോള്‍ ഗാനമാക്കി അവതരിപ്പിക്കണമെന്ന് മോഹ്ര്‍ തീരുമാനിച്ചു. എന്നാല്‍ കവിതയ്ക്ക് ശരിയായ ഒരു ഈണം നല്‍കാന്‍ മോഹ്ര്‍ന് അറിയില്ലായിരുന്നു. പിറ്റേദിവസം പള്ളിയിലെ ഓര്‍ഗന്‍ വായിക്കുന്ന ഫ്രാന്‍സ് സേവ്യര്‍ ഗ്രുബറിനെ പോയി കാണാന്‍ മോര്‍ തീരുമാനിച്ചു. മോര്‍ ചിട്ടപ്പെടുത്തിയ പദ്യത്തിന് ഈണം കൊടുത്ത് കരോള്‍ ഗാനമാക്കാന്‍ ഗ്രുബറിന് അധികം സമയം വേണ്ടി വന്നില്ല. പള്ളിയിലെ ഓര്‍ഗനിലല്ലാതെ ഗിറ്റാറില്‍ അവര്‍ ആ കരോള്‍ ഗാനം ചിട്ടപ്പെടുത്തി ആലപിച്ചു.

ക്രിസ്മസ് കഴിഞ്ഞ് ആഴ്ച്ചകളായപ്പോള്‍ ഓര്‍ഗന്‍ വിദ്വാനായ കാള്‍ മാര്‍കോര്‍ സെന്റ് നിക്കോളാസ് പള്ളിയിലെ ഓര്‍ഗന്‍ നന്നാക്കാനെത്തി. ഓര്‍ഗന്‍ റിപ്പയര്‍ ചെയ്തതിന് ശേഷം ഗ്രുബറിനോട് വായിച്ചു നോക്കാന്‍ ആവശ്യപ്പെട്ടു. ഓര്‍ഗനില്‍ വിരല്‍ തൊട്ട് ഗ്രുബര്‍ വായിച്ചതോ, കഴിഞ്ഞ ദിവസം ഈണമിട്ട കരോള്‍ ഗാനം. ഗ്രുബറിന്റെ ഗാനം ഇഷ്ടപ്പെട്ട കാള്‍ മാര്‍കോര്‍ ആ ഗാനത്തിന്റെ നോട്ട്‌സുമായി മാര്‍കോറിന്റെ ഗ്രാമത്തിലേയ്ക്ക് പോയി. അവിടെയും അത് അവതരിപ്പിച്ചു. അവിടുത്തെ രണ്ട് പ്രമുഖ ഗായക കുടുംബങ്ങളായ റെയ്‌നേഴ്‌സും സ്ട്രാസേഴ്‌സും ഈ ഗാനം കേള്‍ക്കുകയുണ്ടായി. സൈലന്റ് നൈറ്റ്’ ഇരുഗായകസംഘങ്ങളുടേയും മനം കവര്‍ന്നു. അവര്‍ ആ ഗാനം എല്ലായിടത്തും ഏറ്റുപാടി. കൂടാതെ വടക്കന്‍ യൂറോപ്പിലും അവര്‍ ഈ ഗാനം അവതരിപ്പിച്ചു.

ഒരിക്കല്‍ പ്രഷ്യയിലെ രാജാവായ ഫ്രെഡെറിക്ക് വില്യം നാലാമന്റെ മുന്നിലും അവര്‍ ‘സൈലന്റ് നൈറ്റ്’ അവതരിപ്പിച്ചു. ഗാനത്തില്‍ സംപ്രീതനായ രാജാവ് അവിടുത്തെ കത്തീഡ്രല്‍ പള്ളിയില്‍ എല്ലാ ക്രിസ്മസ് രാത്രിയിലും ഈ ഗാനം ആലപിക്കണമെന്ന് ആജ്ഞാപിച്ചു. വര്‍ഷങ്ങള്‍ കടന്നു പോകും തോറും സൈലന്റ് നൈറ്റ് പല ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു. 1863- ലാണ് ‘സൈലന്റ് നൈറ്റ്’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇന്ന് 300 ലധികം ഭാഷകളിലാണ് ‘സൈലന്റ് നൈറ്റ്പാടുന്നത്. വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും ഇന്നും ജനിച്ചു വളരുന്ന പുതു തലമുറകള്‍ ഇതേ ഗാനം തന്നെ പാടിക്കൊണ്ടിരിക്കുന്നു.

സമ്മാനവുമായി വരുന്ന സാന്താക്ലോസ്

ദൂരെ ദൂരെ, അങ്ങ് വടക്ക് എപ്പോഴും മഞ്ഞു വീഴുന്ന ദേശത്തു നിന്നും മാനുകള്‍ വലിക്കുന്ന തെരുവില്‍ നിന്നും വണ്ടിയുമായി ക്രിസ്മസ് രാത്രി സാന്താക്ലോസ് വരും. ആരുമറിയാതെ സാന്ത കൊണ്ടുവയ്ക്കുന്ന സമ്മാന പൊതികളെ സ്വപ്‌നം കണ്ട് കിടന്നുറങ്ങുന്ന കുട്ടികളുണ്ട്. നല്ല പൊക്കവും ഉരുണ്ടï ശരീരവും വെളുത്ത മീശയും താടിയും ഉള്ള സാന്ത നമുക്ക് ക്രിസ്മസ് അപ്പൂപ്പനാണ്. പക്ഷെ ആരാണ് യഥാര്‍ത്ഥത്തില്‍ സാന്താ? എന്താണ് അദ്ദേഹത്തിന് ഈ ഒരു രൂപം? എന്തിനാണ് അദ്ദേഹം ക്രിസ്മസ് രാത്രി സമ്മാനപൊതികളുമായി വരുന്നത്? ക്രിസ്മസ്സ് ആഘോഷിക്കാന്‍ തുടങ്ങിയ കാലം മുതല്‍ കാണുന്ന സാന്തായ്ക്ക് ഒരേ രൂപം, ഒരേ പ്രായം. എന്നാല്‍ സാന്ത എങ്ങനെ സാന്തയായെന്ന് അറിയണ്ടേ? ചരിത്ര താളുകള്‍ മറിക്കുമ്പോള്‍ ഒരു പേരു കാണാം- സെന്റ് നിക്കോളാസ്. ആരാണ് സാന്താക്ലോസെന്ന് ലൈഫ് ഡേ വിശദീകരിക്കാം.

ആരാണ് സെന്റ് നിക്കോളാസ്?
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തുര്‍ക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയിലാണ് സെന്റ് നിക്കോളാസിന്റെ ജനനം. പത്തൊന്‍പതാം വയസ്സില്‍ വൈദികനായി. ഈജിപ്ത്, പാലസ്തീന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരിച്ചു വന്ന് പത്താറയ്ക്കടുത്തുള്ള മീറയിലെ ബിഷപ്പായി സ്ഥാനമേറ്റു. എന്നാല്‍ð റോമാ സാമ്രാജ്യത്തെ ചക്രവര്‍ത്തിമാര്‍ ക്രിസ്ത്യാനികള്‍ക്കു നേരെ നിഷ്ഠൂരമായ ആക്രമണങ്ങള്‍ അഴിച്ചു വിട്ട് അവരെ അടിച്ചമര്‍ത്തിയിരുന്ന സമയമായിരുന്നു അത്. അക്രമങ്ങളില്‍ പീഢനങ്ങള്‍ ഏറ്റുവാങ്ങിയവരെ രക്ഷിക്കുന്നതിലായി നിക്കോളാസിന്റെ ശ്രദ്ധ. ആ സേവനങ്ങള്‍ക്ക് ലഭിച്ച ശിക്ഷ കാരാഗൃഹമായിരുന്നു. നാട്ടിലെ അക്രമങ്ങള്‍ അവസാനിച്ചപ്പോള്‍ കാരാഗൃഹ വാസത്തില്‍ നിന്ന് മോചനം ലഭിച്ച് പുറത്തു വന്ന നിക്കോളാസ് തന്റെ പ്രവര്‍ത്തനങ്ങള്‍ നിറുത്തിയില്ല. ദാരിദ്ര്യം അനുഭവിക്കുന്നവരെയും അവശരെയും തുടര്‍ന്നും നിക്കോളാസ് സഹായിച്ചു. താന്‍ ആരെന്ന് അറിയിക്കാതെ സമ്മാനങ്ങളും സഹായങ്ങളും എത്തിക്കുന്നതായിരുന്നു നിക്കോളാസിന് താത്പര്യം. പാവപ്പെട്ടവര്‍ക്കു വേണ്ടി ജീവിതം മാറ്റി വച്ച സെന്റ് നിക്കോളാസാണ് പിന്നീട് കൈ നിറയെ സമ്മാനങ്ങളുമായി എത്തുന്ന ഇതിഹാസമായ സാന്താക്ലോസായി മാറിയത്.

ചുവന്ന് വെളുത്ത പഞ്ഞി കുപ്പായം
പഴയകാല ചിത്രങ്ങളില്‍ ബിഷപ്പിന്റെ വസ്ത്രം ധരിച്ച വിശുദ്ധ നിക്കോളാസിനെയാണ് കാണുന്നത്. എന്നാല്‍ ചുവന്ന കോട്ടും വെളുത്ത കോളറും ചുവന്ന ട്രൗസേഴ്‌സും കറുത്ത തുകല്‍ ബെല്‍റ്റും ബൂട്ടും ധരിച്ച വെള്ള താടിയും മുടിയും മീശയുമുള്ള തടിച്ച രൂപമാണ് ആധുനിക സാന്താക്ലോസിന്. ഈ ഒരു രൂപം സാന്തയ്ക്ക് നല്‍കിയത് ‘ഫാദര്‍ ഓഫ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍’ എന്ന് അറിയപ്പെടുó തോമസ് നാസ്റ്റ് ആണ്. അമേരിക്കയില്‍ ആഭ്യന്തര കലാപം നടക്കുന്ന സമയത്താണ് തോമസ് നാസ്റ്റ് സാന്തയ്ക്ക് ആധുനിക രൂപം നല്‍കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പാതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നിലനിന്നിരുന്ന പത്രമായിരുന്നു ‘ഹാര്‍പേര്‍സ് വീക്കിലി’. ദിവസേനയുള്ള വാര്‍ത്തകള്‍ക്കൊപ്പം ഗോസിപ്പുകളും കാവ്യങ്ങളും ചിത്രങ്ങളും ഇതില്‍ നിറഞ്ഞിരുന്നു. തോമസ് നാസ്റ്റ് ഈ പത്രത്തിലെ കാര്‍ട്ടൂണിസ്റ്റായിരുന്നു.

1861-ല്‍ തുടങ്ങിയ അമേരിക്കന്‍ ആഭ്യന്തരകലാപം 1865-വരെ നീണ്ടു നിന്നു. നാല് വര്‍ഷങ്ങള്‍ നീണ്ടു നിന്ന ആഭ്യന്തര കലാപത്തില്‍ പട്ടാളക്കാര്‍ക്ക് തങ്ങളുടെ വീടുകളിലേക്ക് പോകാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. മാസങ്ങളും ദിവസങ്ങളും ആഘോഷങ്ങളും മറ്റ് ക്യാമ്പുകളില്‍ ജീവിച്ച പട്ടാളക്കാരുടെ അവസ്ഥ ഗവണ്‍മെന്റിനെ ബോധിപ്പിക്കാന്‍ വേണ്ടിയാണോ ക്രിസ്മസ് പാപ്പയുടെ ആധുനികരൂപം വരയ്ക്കപ്പെട്ടതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, സാന്ത സമ്മാനങ്ങളുമായി പട്ടാള ക്യാമ്പുകളിലും അവരുടെ കുടുംബങ്ങളിലും എത്തുന്നതായുള്ള ചിത്രങ്ങളാണ് തോമസ് നാസ്റ്റ് വരച്ച് ‘ഹാര്‍പേര്‍സ് വീക്കിലി യിലൂടെ പ്രസിദ്ധീകരിച്ചത്. ക്രിസ്മസ് ആഘോഷം അവര്‍ക്കും അവകാശപ്പെട്ടതാണെó ബോധ്യം അധികാരികളില്‍ ജനിപ്പിക്കാന്‍ ഇത് ഇടയാക്കി. അന്ന് തോമസ് നാസ്റ്റ് വരച്ച സാന്തയുടെ രൂപമാണ് 150 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും നാം അനുകരിച്ചു പോരുന്നതെന്നതാണ് സത്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.