എന്റെ പൗരോഹിത്യം ജപമാലയുടെ പുണ്യം

‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥന ചൊല്ലി പ്രൊട്ടസ്റ്റന്റ് സഭയില്‍ നിന്ന് കത്തോലിക്കാ സഭയിലേക്ക് വന്ന് പുരോഹിതനായ ഒരാളുടെ ജീവിതം. 

ചില കാര്യങ്ങള്‍ അങ്ങനെയാണ്, യാദൃശ്ചികം എന്ന വാക്ക് ദൈവ നിഘണ്ടുവില്‍ ഇല്ലല്ലോ. ആറു വയസ്സുള്ള ഒരു പ്രൊട്ടസ്റ്റന്റ് ബാലന്‍ തന്റെ കത്തോലിക്കാ കൂട്ടുകാര്‍ ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥന ചെല്ലുന്നത് മിക്കപ്പോഴും കേള്‍ക്കുമായിരുന്നു. ആ പ്രാര്‍ത്ഥന അവന് ഇഷ്ടപ്പെട്ടു. എല്ലാ ദിവസവും അതു ജപിക്കാന്‍, നോട്ടുബുക്കില്‍ അവന്‍ അതു പകര്‍ത്തിയെഴുതി, മന:പാഠമാക്കി. ഒരു ദിവസം അവന്‍ അമ്മയോട് പറഞ്ഞു; ”മമ്മി നോക്കിക്കേ, എത്ര സുന്ദരമായ പ്രാര്‍ത്ഥന.”

”ഇനി ഈ പ്രാര്‍ത്ഥന ചൊല്ലി പോകരുത്” അമ്മ മകനെ ശകാരിച്ചു. ”ഇത്  കത്തോലിക്കരുടെ അന്ധവിശ്വാസം വളര്‍ത്തുന്ന പ്രാര്‍ത്ഥനയാണ്. വിഗ്രഹങ്ങളെ ആരാധിക്കുകയും മറിയത്തെ ദേവതയായി കരുതുകയും ചെയ്യുന്നവര്‍. അവള്‍ മറ്റു സ്ത്രീകളെപ്പോലെ ഒരുവള്‍ മാത്രം. നീ വന്ന് ബൈബിള്‍ വായിക്കൂ. നമ്മള്‍ ചെയ്യേണ്ടതും വിശ്വസിക്കേണ്ടതും ഇതിലുണ്ട് ”അമ്മ തുടര്‍ന്നു.

അന്നു മുതല്‍ ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥന ജപിക്കുന്നത് അവന്‍ നിര്‍ത്തി കൂടുതല്‍ സമയം ബൈബിള്‍ വായിക്കുന്നതിനു ചെലവഴിക്കാന്‍ തുടങ്ങി. ഒരു ദിവസം അവന്‍ സുവിശേഷം വായിക്കുമ്പോള്‍ മറിയത്തെ മാലാഖ മംഗളവാര്‍ത്ത അറിയിക്കുന്ന ഭാഗം കാണാനിടയായി. സന്തോഷത്തോടെ അമ്മയുടെ അടുത്തേക്കോടിയ അവന്‍ പറഞ്ഞു: ”മമ്മി, നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ഞാന്‍ ബൈബിളില്‍ കണ്ടെത്തി, മമ്മി നോക്കിക്കേ: ദൈവകൃപ നിറഞ്ഞവളേ സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ! നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്. ബൈബിളില്‍ ഉള്ള പ്രാര്‍ത്ഥന എങ്ങനെയാ മമ്മി അന്ധവിശ്വാസമുള്ള പ്രാര്‍ത്ഥനയാകുന്നത്?” അവന്‍ അമ്മയോട് ചോദിച്ചു. മറ്റൊരവസരത്തില്‍  ‘സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും’ എന്ന മറിയത്തിന്റെ സ്‌തോത്രഗീത (മാഗ്‌നിഫിക്കാത്ത്) പ്രാര്‍ത്ഥനയും അവന്‍ കണ്ടെത്തി. അമ്മയ്ക്കു മറുപടി പറയാന്‍ ഒന്നും ഉണ്ടായിരുന്നില്ല, ആ കുഞ്ഞു ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അമ്മ തോല്‍വി സമ്മതിച്ചു. അങ്ങനെ ‘നന്മ നിറഞ്ഞ മറിയമേ’ വീണ്ടും അവന്റെ പ്രിയ പ്രാര്‍ത്ഥനയായി.

കാലത്തിന്റെ ചുവടുകള്‍ മുന്നോട്ടു നീങ്ങി. ആറു വയസ്സുകാരന്‍ പതിനാലിലെത്തി. ഒരിക്കല്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള സംസാരം അവരുടെ കുടുംബയോഗത്തില്‍ ഉണ്ടായി. മറിയം മറ്റു സ്ത്രീകളെപ്പോലെ സാധാരണ ഒരു സ്ത്രീ മാത്രം, അവര്‍ ഏകസ്വരത്തില്‍ ഏറ്റുപറഞ്ഞു.  പരിശുദ്ധ മറിയത്തെ തള്ളിപ്പറയുന്ന അവരുടെ വാദഗതികള്‍  അവനൊരിക്കലും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല.  ധാര്‍മ്മിക രോഷത്തോടെ അവന്‍ പറഞ്ഞു: ‘മറിയം ആദാമിന്റെ മറ്റു മക്കളെപ്പോലെ പാപത്തിന്റെ കറയേറ്റവളല്ല. ഒരിക്കലും അല്ല! മാലാഖ അവളെ ദൈവകൃപ നിറഞ്ഞവളേ, സ്ത്രീകളില്‍ അനുഗ്രഹീതേ എന്നാണ് അഭിസംബോധന ചെയ്തത്. മറിയം യേശുക്രിസ്തുവിന്റെ അമ്മയാണ്, അതോടൊപ്പം ദൈവത്തിന്റെ അമ്മയുമാണ്. അത്രത്തോളം മഹോന്നതമായ സ്ഥാനത്തേക്ക് ഒരു സൃഷ്ടിയും ഇതുവരെ ഉയര്‍ത്തപ്പെട്ടിട്ടില്ല. തലമുറകള്‍ അവളെ ഭാഗ്യവതി എന്നു വിളിക്കും എന്നു സുവിശേഷം പറയുമ്പോള്‍ നിങ്ങള്‍ അവളെ ഇടിച്ചുതാഴ്ത്താന്‍ നോക്കുന്നു. നിങ്ങളുടെ ചൈതന്യം ക്രിസ്തുമതത്തിന്റെ അടിസ്ഥാനമായ സുവിശേഷ ചൈതന്യത്തിന് ഘടക വിരുദ്ധമാണ്.”

മകന്റെ മരിയ പ്രഭാഷണം കേട്ട അമ്മയ്ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. അവള്‍ നിരാശയോടെ വിളിച്ചു പറഞ്ഞു: ”എന്റെ ദൈവമേ, എന്റെ ഈ മകന്‍ കത്തോലിക്കാ സഭയില്‍ പോപ്പിന്റെ സഭയില്‍ ചേരുമെന്നു ഞാന്‍ ഭയപ്പെടുന്നു!” അമ്മ ഭയപ്പെട്ടതു പോലെ സംഭവിച്ചു. കുറച്ചു നാളുകള്‍ക്കുള്ളില്‍ കാര്യമായ പഠനങ്ങള്‍ക്കു ശേഷം കത്തോലിക്കാ സഭയില്‍ അവന്‍ ചേര്‍ന്നു. സഭയുടെ തീക്ഷ്ണമതിയായ അപ്പസ്‌തോലനായി.

മാനസാന്തരത്തിന്റെ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍ തന്റെ വിവാഹിതയായ സഹോദരിയെ കണ്ടുമുട്ടി. കോപത്തോടെ അവനെ ശകാരിച്ചുകൊണ്ട് സഹോദരി പറഞ്ഞു: ”ഞാന്‍ എന്റെ കുട്ടികളെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് നിനക്ക് അറിയില്ല. ഇവരില്‍ ആരെങ്കിലും കത്തോലിക്കാ സഭയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചാന്‍ ഞാനതു സഹിക്കില്ല.  മാര്‍പാപ്പായുടെ സഭയില്‍ എന്റെ മക്കള്‍ ചേരുന്നതിനേക്കാള്‍ അവരെ കൊല്ലുന്നതിനോടാണ് എനിക്ക്  താത്പര്യം!” വിശുദ്ധ പൗലോസിനു മാനസാന്തരത്തിന് മുമ്പുണ്ടായിരുന്ന അതേ വീറും വാശിയും ആയിരുന്നു അവന്റെ  സഹോദരിക്കും. എന്നാല്‍  ദമാസ്‌കസിലേക്കുള്ള യാത്രാമധ്യേ സാവൂളിന്റെ ജീവിതത്തില്‍ മാറ്റമുണ്ടായതുപോലെ അവളുടെ ജീവിതത്തിലും അതു സംഭവിച്ചു.

ഒരിക്കല്‍ അവളുടെ ഒരു മകന്‍ ഗുരുതമായ രോഗം ബാധിച്ചു കിടപ്പിലായി. വൈദ്യശാസ്ത്രവും ഡോക്ടര്‍മാരും തിരിച്ചുവരവിനുള്ള പ്രതീക്ഷ തള്ളിക്കളഞ്ഞു. ഈ അവസരത്തില്‍ അവളുടെ സഹോദരന്‍ ആശ്വാസവാക്കുകളുമായി ആശുപത്രിയിലെത്തി. തന്റെ സഹോദരിയോട് അവന്‍ പറഞ്ഞു: ”എന്റെ പ്രിയ സഹോദരി, നിന്റെ കുട്ടി സുഖം പ്രാപിക്കാന്‍ നീ ആഗ്രഹിക്കുന്നുവെങ്കില്‍ ഞാന്‍ പറയുന്ന കാര്യം നീ ചെയ്യണം. നമുക്ക് ഒരുമിച്ചു ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥന ഒരു തവണ ചൊല്ലാം. നിന്റെ മകന്‍ സുഖപ്പെടുകയാണെങ്കില്‍ കത്തോലിക്കാ സഭയുടെ പ്രമാണങ്ങള്‍ പഠിക്കുമെന്നും എന്തെല്ലാം ത്യാഗങ്ങള്‍ സഹിച്ചാണെങ്കിലും കത്തോലിക്കാ സഭയെ ആശ്ലേഷിക്കുമെന്നും ദൈവത്തോടു നീ വാഗ്ദാനം ചെയ്യണം.” മനസ്സില്ലാ മനസ്സോടെ മകന്റെ രക്ഷയ്ക്കു വേണ്ടി സഹോദരന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അവള്‍ സമ്മതം മൂളി.

അങ്ങനെ തന്റെ സഹോദരനൊപ്പം ജീവിതത്തില്‍ ആദ്യമായി ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥന അവള്‍  ചൊല്ലി. അടുത്ത ദിവസം തന്നെ അവളുടെ മകന്‍ പൂര്‍ണ്ണമായി സുഖം പ്രാപിച്ചു. സഹോദരനു കൊടുത്ത വാക്ക് അവള്‍ പാലിച്ചു. കത്തോലിക്കാ സഭാപഠനങ്ങള്‍ ഹൃദിസ്ഥമാക്കിയ അവള്‍ സകുടുംബം കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. ജപമാല എന്ന ശക്തമായ ആയുധം അവള്‍ക്കു പരിചയപ്പെടുത്തിയ സഹോദരന്‍ അന്നു മുതല്‍  അവളുടെ ആത്മീയ നിയന്താവായി.

ഫാ: ടക്ക് വെല്‍ എന്ന വൈദികന്‍ തന്റെ  വചനപ്രഘോഷണ മധ്യേ പറഞ്ഞ ഒരു സംഭവമാണിത്. അതിനു ശേഷം അദ്ദേഹം തുടര്‍ന്നു: ”പ്രിയ സഹോദരങ്ങളെ, കത്തോലിക്കനായ ആ ബാലന്‍, തന്റെ സഹോദരിയെ കത്തോലിക്കാ സഭയുടെ ആത്മീയ ഭണ്ഡാരത്തിലേക്ക് വഴികാട്ടി കൊടുത്ത ആ ചെറുപ്പക്കാരന്‍, കാലക്രമത്തില്‍ ഒരു വൈദികനായി വിനീത ശുശ്രൂഷ ചെയ്യുന്നു. നിങ്ങളോട് സംസാരിക്കുന്ന ഞാന്‍ തന്നെയാണ് ആ വൈദികന്‍! ഞാന്‍ എന്തായിരിക്കുന്നുവോ അതിന് പരിശുദ്ധ കന്യകാമറിയത്തോട് കടപ്പെട്ടിരിക്കുന്നു. പ്രിയ സഹോദരീ സഹോദരന്മാരെ,  നിങ്ങളും പരിശുദ്ധ കന്യകാമറിയത്തിനു പൂര്‍ണ്ണമായി സമര്‍പ്പിക്കുവിന്‍. ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥന എപ്പോഴും നിങ്ങളുടെ അധരങ്ങളിലുണ്ടായിരിക്കട്ടെ. ജപമാല  നാരകീയ ശത്രുക്കള്‍ക്കെതിരെയുള്ള ശക്തമായ ആയുധമാകട്ടെ. ജപമാല ഉരുവിടാതെ ഒരു ദിവസം പോലും കടന്നു പോകാതിരിക്കട്ടെ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.