മദർ തെരേസ കാലം മറക്കാത്ത അമ്മ

ഭാരതത്തിന്റെ രണ്ടാമത്തെ ‘മഹാത്മ’ (മദർ തേരേസ മരിച്ചപ്പോൾ ഭാരതീയ ജനതാ പാർട്ടി (BJP) നേതാവും RSS നേതാവുമായിരുന്ന കെ എൽ ശർമ ഉപയോഗിച്ച വാക്കാണിത് (We have lost a Mahatma) കാരുണ്യത്തിന്റെ മാലാഖ വിടവാങ്ങിയിട്ടു സെപ്റ്റംബർ 5നു 22 വർഷം പൂർത്തിയാകുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശക്തയായ വനിത. നീലക്കരയുള്ള സാരികൊണ്ടും ചുക്കിച്ചുളിഞ്ഞ മുഖകാന്തി കൊണ്ടും ലോകം കീഴടക്കിയ കാരുണ്യ തേജസ്, തെരുവിന്റെ അമ്മ മദർ തേരസ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു. പ്രസിദ്ധ ബ്രിട്ടിഷ് പത്രപ്രവർത്തകനും മദർ തേരേസായുടെ വലിയ ആരാധനനുമായിരുന്ന മാൽക്കം മഗ്ഗ്രിഡ്ജ്  മദർ തേരേസായുടെ സ്നേഹത്തിലുള്ള പ്രവർത്തിയെക്കുറിച്ചു ഇപ്രകാരം എഴുതി.  “1946 സെപ്റ്റംബർ മാസം പത്താം തീയതി കൽക്കട്ടയിലെ ലോറോറ്റോ കോൺവെന്റിന്റെ നാലു മതിലുകൾ ഉപേക്ഷിച്ച്, മഠത്തിന്റെ ആവൃതിക്കു പുറത്ത് കൽക്കട്ടയിലെ തെരുവിൽ എകയായി ജീവിച്ചു ദൈവത്തിനു വേണ്ടി എന്തെങ്കിലും മനോഹരമായതു ചെയ്യാൻ തീരുമാനിച്ചതിനു ശേഷം ഈ പൊക്കം കുറഞ്ഞ വലിയ സ്ത്രീയിൽ നിന്നും ധാരാളം മഷി നിർഗളിച്ചു. ഇന്നവൾ നമ്മുടെ കാലഘട്ടത്തിലെ ഒരു ഇതിഹാസമാണ്. സമയം മുന്നോട്ട് ഒഴുകുന്നു! പക്ഷേ ഇതിഹാസത്തിനൊരിക്കലും മരണമില്ല. ”

പ്രാർത്ഥിക്കുന്ന യേശുവിനെ പുനർജീവിപ്പിച്ചവൾ 

സുവിശേഷങ്ങൾ യേശു നിരന്തരം പ്രാർത്ഥിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അവൻ ദൈവാലയത്തിലും സിനഗോഗുകളിലും, എകാന്ത സ്ഥലങ്ങളിലും മരുഭൂമിയിലും പ്രാർത്ഥിച്ചിരുന്നു. എല്ലായിടത്തു അവൻ പ്രാർത്ഥിച്ചിരുന്നു. പൊതുവായും വ്യക്തിപരമായും. ജിവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും  പ്രാർത്ഥിച്ചിരുന്ന യേശുവിന്റെ ജീവിത മാതൃക സ്വജീവിതത്തിലും മദർ തേരേസാ അനുവർത്തിച്ചിരുന്നു. അവൾ സ്വയം പ്രാർത്ഥിക്കുകയും മറ്റുള്ളവരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുകയും ചെയ്തിരുന്നു. തന്നെ കാണാൻ വന്ന പത്രപ്രവർത്തകരെപ്പോലും പ്രാർത്ഥിക്കാൻ മദർ ക്ഷണിച്ചിരുന്നു. മദറും സഹോദരിമാരും യാത്രാവേളകളിൽ ദൂരം അളന്നിരുന്നത് അർപ്പിക്കുന്ന ജപമാലകളുടെ എണ്ണം മനസ്സിലാക്കിയായിരുന്നു. ജപമാല ചൊല്ലി പ്രാർത്ഥിക്കുക എന്നത് അവരുടെ പ്രകൃതത്തിന്റെ ഭാഗമായിരുന്നു. ധ്യാനനിരതമായ നിശബ്ദതയുടെ ഫലമായിരുന്നു മദറിന്റെ പ്രാർത്ഥന. The Joy of Loving: A Guide to Daily Living with Mother Teresa എന്ന ഗ്രന്ഥത്തിൽ അഞ്ചു തരത്തിലുള്ള-  നാവിന്റെ നിശബ്ദത, ഹൃദയത്തിന്റെ, കണ്ണുകളുടെ, ചെവിയുടെ , മനസ്സിന്റെ – നിശബ്ദതയെക്കുറിച്ചു മദർ സംസാരിക്കുന്നുണ്ട്‌.

മാൽക്കം മഗ് ഡ്രിജിന്റെ  Something Beautiful for God എന്ന മദർ തേരേസാായുടെ ജിവ ചരിത്രത്തിൽ ദൈവം നിശബ്ദതയുടെ സുഹൃത്താണ് (God is the freind of Silence) എന്നു മദർ പറയുന്നു. കൽക്കട്ടയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന The Statesman എന്ന പത്രത്തിന്റെ എഡിറ്റർ ഡെസ്മണ്ട് ഡോയിഗ് സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരമാണ്:  ജീവിതത്തിന്റെ അരക്ഷിതാവസ്ഥയുടെ നിമിഷങ്ങളിൽ മുട്ടുകുത്തി പ്രാർത്ഥിക്കാൻ മദർ എപ്പോഴും ഞങ്ങളെ ഉപദേേശിക്കുമായിരുന്നു. പ്രാർത്ഥനയില്ലായിരുന്നെങ്കിൽ അവളുടെ ശുശ്രൂഷകൾ മുഴുവൻ വെറും സാമൂഹിക പ്രവർത്തനങ്ങളായി മാത്രം ഗണിച്ചേനേ. 1979 ഓസ്ലോയിൽ വച്ചു മദർ സമാധാനത്തിനുള്ള നോബേൽ സമ്മാനം സ്വീകരിക്കവേ സദസ്സിനെ മുഴുവൻ വിശുദ്ധ ഫ്രാൻസീസ് അസീസ്സിയുടെ ” ദൈവമേ എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കണമേ ” എന്ന  പ്രാർത്ഥന ചൊല്ലുവാൻ ക്ഷണിച്ചു. മറ്റൊരവസരത്തിൽ ഗാസയിലെ ചെക്ക് പോസ്റ്റിൽ വച്ചു സുരക്ഷാ ഉദ്യോഗസ്ഥർ എന്തെങ്കിലും ആയുധം മദറിന്റെ കൈവശമുണ്ടോ എന്നു ചോദിച്ചപ്പോൾ  ” ഉണ്ട് എന്റെ പ്രാർത്ഥനാ  പുസ്തകം ” എന്നായിരുന്നു മദറിന്റെ മറുപടി. ഒഴിവു സമയം ഉണ്ടായതു കൊണ്ടല്ല മദർ പ്രാർത്ഥിച്ചിരുന്നത്. മറിച്ച് പ്രാർത്ഥനയ്ക്കായി അവൾ സമയം കണ്ടെത്തിയതുകൊണ്ടാണ്. പ്രാർത്ഥന ഒരിക്കലും മദറിനു ഒരു ആഡംബരമായിരുന്നില്ല. ക്രിസ്തുവിനു വേണ്ടിയാണ് എല്ലാം ചെയ്യുന്നത് എന്നതിന്റെ പ്രകടനമായിരുന്നു പ്രാർത്ഥന.

വിശുദ്ധ കുർബാനയുടെ കന്യാസ്ത്രി 

സമാന്തര സുവിശേഷങ്ങളിലെ പീഡാനുഭവ വിവരണവും, യോഹന്നാന്റെ സുവിശേഷത്തിലെ ആറാം അധ്യായവും, ലൂക്കാ സുവിശേഷത്തിലെ പുനരുത്ഥാന വിവരണവും (ലൂക്കാ 24: 28-35) അപ്പസ്തോല പ്രവർത്തനങ്ങൾ 2:42 20: 7-12, 1 കോറി 11: 23-29  വിശുദ്ധ കുർബാന യേശുവിനും ആദിമ ക്രൈസ്തവർക്കും എത്രമാത്രം പ്രാധാന്യമുള്ളതായി നമുക്കു കാണാൻ കഴിയും. വെല്ലുവിളി നിറഞ്ഞ ശുശ്രൂഷാ ജിവിതത്തിനു മദർ ഊർജ്ജം കണ്ടെത്തിയത് വിശുദ്ധ കുർബാനയിൽ നിന്നാണ്. എണ്ണുറു വർഷത്തിനിടയിൽ ആദ്യമായി  കത്തോലിക്കാ  കന്യാസ്ത്രീകളെ  ശുശ്രൂഷക്കായി   യെമൻ ഗവൺമെന്റ് ഓദ്യോഗികമായി ക്ഷണിച്ചപ്പോൾ ഞങ്ങൾക്കു ഞങ്ങളുടെ  പുരോഹിതരെയും കൊണ്ടുവരണം കാരണം വിശുദ്ധ കുർബാനയില്ലാതെ ഞങ്ങൾക്കു ശുശ്രൂഷ ചെയ്യാൻ കഴിയുകയില്ല എന്നായിരുന്നു മദറിന്റെ മറുപടി.

അതിരാവിലെ 4.30 നു എഴുന്നേൽക്കുന്ന ഉപവിയുടെ സഹോദരിമാരുടെ ഏറ്റവും പ്രധാന സമയം വിശുദ്ധ കുർബാന അർപ്പണമാണ്. വിശുദ്ധ കുർബാന, സമർപ്പണ ജീവിതത്തിന്റെ ആത്മീയ ആധാരവും അവരുടെ അനുദിന കടമകളുടെ ആരംഭ ബിന്ദുവുമാണ്. വിശുദ്ധ കുർബാനയില്ലാതെ ഒരു ദിവസമോ മണിക്കൂറോ തനിക്കു തള്ളി നീക്കാനാവില്ലന്നു ജീവചരിത്രകാരനായ മാൽകം മഗ് ഡ്രിജിനോടു മദർ പറഞ്ഞിട്ടുണ്ട്. വിശുദ്ധ കുർബാനയുടെ മുമ്പിലുള്ള ഒരു മണിക്കൂർ ആരാധനയോടെയാണ് ഉപവിയുടെ സഹോദരിമാരുടെ ഓരോ ദിവസവും അവസാനിച്ചിരുന്നത്.

ക്രിസ്തുവിന്റെ ദരിദ്ര മണവാട്ടി 

തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വയം സ്വീകരിച്ച  (ഫിലി2: 6-11) തല ചായ്ക്കാൻ ഇടം ഇല്ലാതിരുന്ന(മത്താ 8: 20)  യേശുവായിരുന്നു മദർ തേരേസയുടെ പ്രേമഭാജനം.”എന്‍െറ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തു തന്നത്‌.”(മത്തായി 25:40) എന്നു പറഞ്ഞതുവഴി പാവപ്പെട്ടവരിൽ പാവപ്പെട്ടവനോടു താദാത്മ്യപ്പെട്ട യേശുവിനെ സമ്പൂർണ്ണമായി മുഴുഹൃദയത്തോടെ സ്നേഹിക്കാൻ പാവപ്പെട്ടവിൽ യേശുവിന്റെ മുഖം ദർശിച്ച മദർ തേരേസാ വി. പൗലോസിനെപ്പോലെ പറയുമായിരുന്നു.ഇവ മാത്രമല്ല, എന്‍െറ കര്‍ത്താവായ യേശുക്രിസ്‌തുവിനെപ്പറ്റിയുള്ള ജ്‌ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്‌ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സക ലവും നഷ്‌ടപ്പെടുത്തുകയും ഉച്‌ഛിഷ്‌ടംപോലെ കരുതുകയുമാണ്‌(ഫിലിപ്പി 3:8). ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കോടിക്കണക്കിനു രൂപാ അവളെത്തേടി വന്നു, പക്ഷേ അതെല്ലാം പാവങ്ങൾക്കു വേണ്ടി മാത്രം അവൾ ചിലവഴിച്ചു.   നോബേൽ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച 192,000 ത്തോളം അമേരിക്കൻ ഡോളർ ഇന്ത്യയിലെ അവശതയനുഭവിക്കുന്ന പാവങ്ങളുടെ ക്ഷേമത്തിനായി അവർ ചിലവഴിച്ചു.  ഒരിക്കൽ അമേരിക്കയിലെ സാൻ ഫ്രാൻസ്സികോയിലെ MC കോൺവെന്റിലേക്ക് ഫ്രിഡ്ജ്, വാക്വം ക്ലീനർ ,കാർ പറ്റ് ഇവ സമ്മാനമായി ലഭിച്ചു, പക്ഷേ അവയൊന്നും സിസ്റ്റേഴ്സ് താമസിക്കുന്ന സ്ഥലത്ത് അവർ ഉപയോഗിച്ചില്ല, അതെല്ലാം പാവങ്ങൾക്കു വേണ്ടി അവർ ഉപയോഗിച്ചു. മദർ തേരേസാ കൊൺവെന്റുകളിൽ വാഷിംഗ് മെഷനുകൾ ഉപയോഗിക്കാറില്ല. പള്ളിയിലും സന്ദർശക മുറിയിലും മാത്രമേ ഫാൻ ഉപയോഗിക്കാറുള്ളു. പാവങ്ങളോടു ഫലപ്രദമായി സംവദിക്കാൻ ദാരിദ്യത്തിൻ ജീവിക്കുക അത്യാവശ്യമാണന്നാണ് മദർ തേരേസായുടെ ബോധ്യം. ഒരിക്കൽ ഒരു യാചകൻ മദറിനെ സമീപിച്ചു ഭക്ഷണത്തിനായി യാചിച്ചു. മദറിന്റെ കൈവശം ബസ്ക്കൂലിക്കുള്ള പൈസയെ ഉണ്ടായിരുന്നുള്ളു. അത് ആ സഹോദരനു സന്തോഷപൂർവ്വം നൽകി, മദർ കാൽനടയായി മഠത്തിലേക്കു പോയി.

ദൈവാശ്രയത്തിന്റെ മധ്യസ്ഥ

മത്തായിയുടെ സുവിശേഷത്തിൽ (മത്താ 6 :25-34) യേശു ദൈവാശ്രയ ബോധത്തെക്കുറിച്ചു പഠിപ്പിക്കുന്നു. യേശു സ്വർഗ്ഗസ്ഥനായ പിതാവിനെ ആശ്രയിക്കുന്നതിന്റെ ഒരു തുടർച്ചയായിരുന്നു മദർ തേരേസയുടെ ജീവിതവും. പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ സേവിക്കാൻ മദർ ഇറങ്ങി തിരിക്കുമ്പോൾ ദൈവാശ്രയ ബോധമല്ലാതെ മറ്റൊന്നും കാരുണ്യത്തിന്റെ മാലാഖയുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല. ഒരു യാചകൻ അവന്റെ ഒരു ദിവസത്തെ സമ്പാദ്യം മുഴുവൻ മദറിനു നൽകി. ഒരു യുവ ദമ്പതികൾ അവരുടെ ഹണിമൂണിനു വച്ചിരുന്ന തുക മദറിനു നൽകി. മറ്റൊരിക്കൽ നാലു വയസ്സുള്ള ഒരു ഹൈന്ദവ ബാലൻ മദർ തേരേസാ ഭവനത്തിൽ പഞ്ചസാര ഇല്ലന്നറിഞ്ഞ് മാതാപിതാക്കളോടു പറഞ്ഞു: ” അടുത്ത മൂന്നു ദിവസത്തേക്ക് എനിക്കു പഞ്ചസാര വേണ്ട, അവ സൂക്ഷിച്ചുവച്ചു മദർ തേരാസാ ഭവനത്തിലെ പാവപ്പെട്ട കുട്ടികൾക്കു നൽകും”. പിന്നീട് ബാലന്റെ മാതാപിതാക്കൾ ഒരു ചാക്കു പഞ്ചസാരയുമായി മദറിന്റെ അടുത്തെത്തി. വേറൊരവസരത്തിൽ തളർവാതം പിടിപെട്ടു വലതു കൈയ്യാല്ലാതെ ഒന്നും അനക്കാൻ സാധിക്കാതെ ഒരു മനുഷ്യനെ മദർ കണ്ടുമുട്ടി. അവനു ജീവിതത്തിൽ ഏറ്റവും പ്രിയങ്കരമായിരുന്ന സിഗരറ്റു വലി ഉപേക്ഷിച്ചു ആഴ്ചയിൽ പതിനഞ്ചു ഡോളർ മദർ തേരേസായുടെ പാവങ്ങൾക്കു നൽകാൻ തീരുമാനിച്ചു.

ബെയ്റൂത്തിലുള്ള കോൺവെന്റിലേക്കു തീവ്രമായി അംഗവൈകല്യം ബാധിച്ച 55 കുട്ടികളുമായി മദർ തേരേസാ വന്നു. അവർക്കു കൊടുക്കാൻ മദറിന്റെ കൈവശം ഒന്നുമില്ലായിരുന്നു. നിമിഷങ്ങൾക്കകം കുട്ടികളെ സഹായിക്കാൻ ഒരു നീണ്ട നിര കോൺവെന്റിന്റെ മുമ്പിലുണ്ടായിരുന്നു. ആ കൂട്ടത്തിൽ തങ്ങളുടെ കൊച്ചുടുപ്പുകളും കളിപ്പാട്ടങ്ങളുമായി കൊച്ചു കുട്ടികളും ഉണ്ടായിരുന്നു. ഇന്ദിരാഗാന്ധി ഇന്ത്യയിലെവിടെയും യാത്ര ചെയ്യാൻ ഫ്രീ വിമാന ടിക്കറ്റു മദർ തേരേസാക്കു നൽകിയിരുന്നു.

ഉപവിയുടെ വഴികാട്ടി 

പരസ്യ ജീവിതത്തിന്റെ ആരംഭത്തിൽത്തന്നെ യേശു ശിഷ്യന്മാരെ തെരഞ്ഞെടുത്തതുപോലെ മദറിന്റെ പാവപ്പെട്ടവർക്കു വേണ്ടിയുള്ള എളിയ ശുശ്രൂഷയിലും പിൻഗാമികൾ ഏറെയുണ്ടായി. പിൽക്കാലത്ത് സി. ആഗ്നസ് എന്നറിയപ്പെട്ട സുഭാഷിണി ദാസായിരുന്നു മദർ തേരേസായുടെ ആദ്യ അനുയായി.  പാവപ്പെട്ടവരെ ശുശ്രൂഷിക്കാൻ സമ്പന്നയായിരുന്ന സുഭാഷിണി അതെല്ലാം ഉപേക്ഷിച്ചു 1949 മാർച്ച് 19ന്  മദറിനോടൊപ്പം ചേർന്നു. ആ വർഷവസാനത്തോടെ അഞ്ചു സഹോദരിമാർ മദറിനൊപ്പം കൂടി .അടുത്ത വർഷം 1950 ഒക്ടോബർ 7 നു പന്ത്രണ്ടാം പീയൂസ് മാർപാപ്പ മിഷനറീസ് ഓഫ് ചാരിറ്റിയെ അംഗീകരിച്ചു.  ഇന്നു 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500 ഓളം ഉപവിയുടെ സഹോദരിമാർ ശുശ്രൂഷ ചെയ്യുന്നു. ഒരിക്കൽ പത്രപ്രവർത്തകർ മദറിന്റെ മരണശേഷം കോൺഗ്രിഗേഷന്റെ ഭാവി എന്താവും എന്നു ചോദിച്ചപ്പോൾ മദർ ഇപ്രകാരം മറുപടി നൽകി: ” മദർ അല്ല ലോകത്തെമ്പാടുമുള്ള എണ്ണമറ്റ ഭവനങ്ങൾ നടത്തുന്നത്. സഹോദരിമാരാണ് അവ ചെയ്യുന്നത്. എന്റെ എളിയ സേവനം ഞാൻ കൽക്കട്ടയിൽ മാത്രമാണ്.”

കുരിശുകൾ അവസരമാക്കിയവൾ

കുരിശുകൾ നിറഞ്ഞതായിരുന്നു മദർ തേരേസായുടെ ജീവിതം. ദേശീയ അന്തർദേശീയ അംഗീകാരങ്ങളുടെ മറവിൽ മദർ തുടങ്ങിയതല്ല ഈ ദരിദ്ര സേവനം. അവ പ്രവർത്തനത്തിനു ലഭിച്ച അംഗീകരമാണ്. പലപ്പോഴും മറ്റുള്ളവർ അവൾക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. ഒരിക്കൻ റാഞ്ചിയിൽ അവൾ ശുശ്രൂഷ ചെയ്യാൻ പ്ലാൻ ചെയ്ത ഭവനത്തിൽ കയറാൻ പോലും അവൾക്കായില്ല. അയർലണ്ടിൽ നിന്നും കോളംബോംയിൽ നിന്നും  ഉപവിയുടെ സഹോദരിമാർ പലായനം ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്.  പ്രശ്നങ്ങളുടെ വേലിയേറ്റത്തിനു പിന്നാലെ ദൈവപരിപാലനയുടെ വേലി ഇറക്കങ്ങളും മദറിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. കൽക്കത്തയിൽ അരശരണർക്കായി നിർമ്മൽ ഹൃദയ് 1952 ൽ മദർ ആരംഭിച്ചു. കാളീഘട്ടിലെ തകർന്നു കിടന്നിരുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് പാവങ്ങൾക്കും, അശരണർക്കുംവേണ്ടിയുള്ള ആദ്യത്തെ ശരണാലയമായി തുറക്കപ്പെട്ടത്. മദർ  അവിടെ ആശ്രമം  തുറക്കുന്നതിനെ ആദ്യം ഹൈന്ദവർ എതിർത്തിരുന്നു. സ്ഥലത്തെ സ്ഥിതി അറിയാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥന് മദർ തേരേസയുടെ കാരുണ്യ പ്രവർത്തകൾ കണ്ട് ഹൃദയം പിടഞ്ഞു തിരിച്ചെത്തിയ അദ്ദേഹം ഹൈന്ദവ സഹോദരങ്ങളോടു   പറഞ്ഞു: ആ വിദേശ വനിതയെ അവിടെ നിന്നു പുറത്താക്കണമെന്നു ഞാൻ നിങ്ങളോടു പറഞ്ഞിരുന്നു, ഞാനതു ചെയ്യുകയും ചെയ്യും പക്ഷേ അതിനു മുമ്പേ അവൾ ചെയ്യുന്ന ജോലികൾ നിങ്ങളുടെ അമ്മമാരും സഹോദരിമാരും ചെയ്യണം. അമ്പലത്തിൽ കല്ലിൽ കൊത്തിയുണ്ടാക്കിയ കാളി ദേവീയുടെ രൂപം ഞാൻ കണ്ടു, പക്ഷേ ഇവിടെ നമുക്കു ജീവിക്കുന്ന ഒരു കാളിയുണ്ട്.”   തെരുവിൽ കിടന്ന് മൃഗതുല്യരായി മരണമടയാൻ വിധിക്കപ്പെട്ട ആളുകളെ തെരേസ നിർമ്മലഹൃദയത്തിലേക്കു കൊണ്ടു വന്നു ശുശ്രൂഷിച്ചു.

ജീവന്റെ പ്രവാചക

കൽക്കത്തയിലെ ലോവർ സർക്കുലർ റോഡിലെ 78 നമ്പറിൽ സ്ഥിതി ചെയ്യുന്ന ശിശുഭവന്റെ സന്ദർശക മുറിയിൽ ജീവന്റെ ഒരു കീർത്തനം തൂങ്ങിക്കിടപ്പുണ്ട്.

ജീവൻ ഒരവസരമാണ് , അതിനെ പിടിച്ചെടുക്കുക.

ജീവൻ മനോഹരമാണ്, അതിനെ ആദരിക്കുക.

ജീവൻ ഒരു സ്വപ്നമാണ്, അതു സഫലീകരിക്കുക.

ജിവൻ ഒരു കടമയാണ്, അതു പൂർത്തിയാക്കുക.

ജീവൻ ഒരു ഗെയിം ആണ്, അതു കളിക്കുക.

ജീവൻ ഒരു രഹസ്യമാണ് ,അതറിയുക.

ജിവൻ ഒരു വാഗ്ദാനമാണ്, അതു സംരക്ഷിക്കുക.

ജിവൻ ഒരു ദു:ഖമാണ്, അതിനെ തരണം ചെയ്യുക.

ജീവൻ ഒരു ഗാനമാണ്, അതാലപിക്കുക.

ജീവൻ ഒരു സമരമാണ്, അതു പടവെട്ടുക.

ജീവൻ ഒരു സാഹസികതയാണ്, അതു വെല്ലുവിളിക്കുക.

ഇതെഴുതിയത് ആരാണന്നറിയില്ലങ്കിലും അതിനു താഴെ സ്വന്തം കൈപ്പടയിൽ മദർ ഇപ്രകാരം കുറിച്ചിരിക്കുന്നു: “Life is Life; Save It ” ജീവൻ ജീവനാണ് അതു സംരക്ഷിക്കുക.1979 നോബൽ സമ്മാനം സ്വീകരിച്ചു കൊണ്ടു മദർ നടത്തിയ പ്രഭാഷണത്തിലെ കേന്ദ്ര ആശയം ജീവനായിരുന്നു. “ഭ്രൂണഹത്യയെ ദത്തെടുക്കൽ കൊണ്ടു ഞങ്ങൾ നേരിടും. ഞങ്ങൾ ആയിരക്കണക്കിനു ജീവിതങ്ങളെ രക്ഷിച്ചു. ” ദയവായി ജനിക്കുന്നതിനു മുമ്പേ കുഞ്ഞുങ്ങളെ കൊല്ലരുതേ. അവരെ ഞങ്ങളെ ഏല്പിക്കുക ഈ സന്ദേശം ആശുപത്രികളിലും ക്ലിനിക്കുകളിലും പോലീസ് സ്റ്റേഷനുകളിലും ഞങ്ങൾ പ്രചരിപ്പിക്കുന്നു. ഇതിന്റെ ഫലമായി ദിവസത്തിന്റെ എല്ലാ മണിക്കൂറുകളിലും “വരിക ഞങ്ങൾ നിങ്ങളെ സംരക്ഷിച്ചു കൊള്ളാം, നിങ്ങൾക്കു പിറക്കുന്ന കുഞ്ഞിനെ ഞങ്ങൾ സംരക്ഷിക്കും”   എന്നു പറയാൻ ആരെങ്കിലും എപ്പോഴും ഞങ്ങളുടെ കുടെ കാണും. ഒരു കുഞ്ഞിനു വേണ്ടി അപേക്ഷിക്കുന്ന കുഞ്ഞുങ്ങളില്ലാത്ത അനേകം ദമ്പതികളെ എനിക്കറിയാം. ഞങ്ങൾക്കു വേണ്ടിയുള്ള ദൈവത്തിന്റെ അനുഗ്രഹമാണവർ” മറ്റൊരവസരത്തിൽ ഹർവാർഡ് സർവ്വകലാശാലയിലെ ഇരുപതിനായിരം വിദ്യാർത്ഥികളോടു വിവാഹം വരെ ലൈംഗീക വിശുദ്ധി കാത്തു സൂക്ഷിക്കാൻ മദർ ഉദ്ഘോഷിച്ചു. മദറിന്റെ അഭിപ്രായത്തിൽ, ഒരു സ്ത്രിക്കും പുരുഷനും പരസ്പരം നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് കന്യാത്വം.

മദർ തേരേസ മരിച്ച ഉടനെ പ്രാർത്ഥനാമുറിയുടെ പുറത്തു ഒരു കറുത്ത ബോർഡിൽ ഇപ്രകാരം  കുറിപ്പ് പ്രത്യക്ഷപെട്ടു: “ഞങ്ങളുടെ പ്രിയപ്പെട്ട മദർ  1997 സെപ്റ്റംബർ അഞ്ചാം തീയതി വൈകിട്ട് 9:30 നു ഭവനത്തിലേക്ക് ഈശോയിലേക്കു പോയി.  ശരിയായ മഹത്വം അധികാരത്തിലും സ്ഥാനമാനങ്ങളിലും  സമ്പത്തിലും അല്ല  മറിച്ചു എളിയ ശുശ്രൂഷയാണ് എല്ലാവരെയും യഥാർത്ഥത്തിൽ മഹാന്മാരാക്കുന്നതെന്ന് അവൾ വീട്ടിലേക്കു  പോകുന്നതിനു മുമ്പ് എല്ലാവരെയും തെളിയിച്ചു. പാവങ്ങളുടെ അമ്മേ മറക്കില്ല ഒരു നാളും നീ പകർന്നേകിയ കാരുണ്യ വഴികൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.