സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും  ദരിദ്രമാണ് പല മിഷന്‍ പ്രദേശങ്ങളും

മിഷൻ പ്രദേശങ്ങൾ സന്ദർശിച്ചു തിരികെ വന്നവരുടെ അനുഭവങ്ങൾ നമ്മുടെ കണ്ണുകൾ തുറപ്പിക്കേണ്ടതാണെന്ന് പ്രമുഖ എഴുത്തുകാരനായ ജെയ്‌മോൻ കുമരകം. തന്റെ ഫേസ് ബുക് പോസ്റ്റിലാണ് അദ്ദേഹം ഇത് പങ്കുവയ്ക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ കൊടുക്കുന്നു. 

പല മിഷന്‍ പ്രദേശങ്ങളും ദാരിദ്ര്യംകൊണ്ട് വീര്‍പ്പുമുട്ടുമ്പോഴും ചിലരിടുന്ന വീഡിയോകള്‍ മിഷന്‍ സമ്പന്നമാണെന്ന് പറയുന്നത് വേദനാജനകമാണെന്ന് മിഷന്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയവര്‍ പറയുന്നു.

ഒഡീഷിയിലെ കന്നുകാലിക്കൂടിന് സമാനമായ ടിന്‍ഷീറ്റടിച്ച ദൈവാലയങ്ങള്‍ കണ്ടപ്പോള്‍ ഹൃദയം ഉരുകുകയായിരുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതയിലെ പൊടിമറ്റം ഇടവകാംഗമായ സി.സി ടോമിയും ഭാര്യ സിസിയും പറയുന്നു.

ഫിയാത്ത് മിഷന്റെ നേതൃത്വത്തില്‍ ഒഡീഷയില്‍ നടന്ന മിഷന്‍ സന്ദര്‍ശനങ്ങളാണ് അവരുടെ കാഴ്ചപ്പാടെല്ലാം മാറ്റിമറിച്ചത്. ഇവിടെ കണ്ട അനുഭവങ്ങളെക്കുറിച്ച് ടോമിയുടെ വാക്കുകളിങ്ങനെയായിരുന്നു.

”ഇവിടെ ഒരു വില്ലേജില്‍ കണ്ട ദൈവാലയത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഹൃദയം നുറുങ്ങുന്നു. ടിന്‍ഷീറ്റു കൊണ്ട് വശങ്ങള്‍ മറച്ച് നാലുതൂണിലുള്ള സാധാരണ ഷീറ്റിട്ട പള്ളിയാണ് ഞങ്ങള്‍ കണ്ടത്. ഇതേ അവസ്ഥ തന്നെയായിരുന്നു മറ്റു വില്ലേജുകളിലും.

ഈ ചെറിയ പള്ളികളില്‍ ബലിയര്‍പ്പിക്കാനായി വരുന്ന വിശ്വാസികളുടെ ആസാധാരണ വിശ്വാസം ഞങ്ങളെ അത്ഭുതപ്പെടുത്തി. ഉപജീവനത്തിനുള്ള വരുമാനം മാത്രമുള്ളവര്‍. പച്ചക്കറി കൃഷിയാണ് ഏക ആശ്രയം. നല്ല പരിശീലനം ലഭിച്ച കത്തോലിക്കാ ഉപദേശികളെ അവിടെ കാണാമായിരുന്നു. അവരാണ് എല്ലാ കാര്യങ്ങളിലും ജനങ്ങളെ സഹായിച്ചിരുന്നത്. നാട്ടുകാര്‍ സിസ്‌റ്റേഴ്‌സിനെ ആദരവോടെയാണ് വീക്ഷിച്ചിരുന്നത്. ”
അദേഹം തുടര്‍ന്നു.

ജമുബാനി ഗ്രാമത്തില്‍ അരുള്‍ദാസച്ചന്‍ സുവിശേഷത്തിന് വേണ്ടി ജീവിച്ച് രക്തംച്ചിന്തി മുപ്പത്തിമൂന്നാമത്തെ വയസില്‍ മരിച്ചുവീണ സ്ഥലം മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. കട്ടക്കില്‍നിന്നും 170 കിലോമീറ്റര്‍ ദൂരം വരും അരുള്‍ദാസച്ചന്‍ മരിച്ചുവീണ ആ വിശുദ്ധമണ്ണില്‍ കാലുകുത്തുവാന്‍.ആദിവാസികള്‍ക്ക് വേണ്ടി ജീവിതം ബലിയര്‍പ്പിച്ച മിഷനറി ആണ് അരുള്‍ദാസച്ചന്‍. ഒരുകൂട്ടംആയുധധാരികള്‍ അമ്പെയ്തും അടിച്ചും അദ്ദേഹത്ത കൊലപ്പെടുത്തി. ഇവിടെയും ഒരു നല്ല ആരാധനാലായം ഇല്ല.

50 പേര്‍ക്ക് മാത്രം ഇരിക്കാന്‍ ഇടമുള്ള സ്ഥലത്തു 150ല്‍ പരം വിശ്വാസികള്‍ ഒരുമിച്ച് കൂടി തീക്ഷണതയോടെ പ്രാര്‍ത്ഥിക്കുന്ന കാഴ്ച കണ്ട് ഞാന്‍ അമ്പരന്നു. വഴിയില്‍ വലിച്ചുകെട്ടിയ തുണിയുടെ കീഴില്‍ നിന്നാണ് ഏറെ ആളുകളും ബലിയില്‍ പങ്കെടുക്കുന്നത്. ഇത്തരത്തിലുള്ള 14 വില്ലേജുകള്‍. ജോണ്‍ ഓഫ് ഗോഡ് സിസ്‌റ്റേഴ്‌സ് ഞങ്ങളെ വില്ലേജുകളില്‍ കൊണ്ടുപോയി. അവിടെയുള്ള പള്ളികള്‍ കാണുവാനും വിശ്വാസികളുമായി സംസാരിക്കുവാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. ഒഡീഷ, മിഷനുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള സന്ദേശമാണ് നല്‍കിയത്.

മേഘാലയയിലെ ഒരു ഇടവകയില്‍ 31 വില്ലേജുകളാണ് ഉള്ളത്. നാലുമാസത്തിലൊരിക്കല്‍ മാത്രമേ മിഷനറി വൈദികര്‍ ഇവിടെ എത്തുകയുള്ളു. കാരണം ഓരോ വില്ലേജുകളും തമ്മില്‍ 20 കിലോമീറ്ററിലേറെ വ്യത്യാസമുണ്ട്. എല്ലാ ഞായറാഴ്ചയും കാറ്റക്കിസ്റ്റുകളുടെ നേതൃത്വത്തില്‍ വിശ്വാസ പരിശീലനക്ലാസ്സുകള്‍ ഇവിടെ നടക്കുന്നു. നാലുമാസത്തിലൊരിക്കല്‍ വില്ലേജുകള്‍ കയറിയിറങ്ങുന്ന വൈദികര്‍ വീടുകള്‍ വെഞ്ചരിക്കുകയും, രോഗീ സന്ദര്‍ശനം നടത്തി അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

വൈദികര്‍ക്ക് താമസിക്കാന്‍ കുടില്‍ ഗ്രാമീണര്‍ നേരത്തെ തന്നെ സജ്ജമാക്കിയിട്ടുണ്ടാവും. അവിടെ വിശ്രമിച്ച്, പുഴയിലോ, താല്‍ക്കാലികമായി നിര്‍മ്മിച്ച കുളിപ്പുരയിലോ കുളിക്കും. രാത്രിഭക്ഷണം സാധാരണയായി ചോറും കറിയുമാണ്. പിറ്റേന്ന് പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബ്ബാന, മാമോദീസ, വിവാഹം എന്നിവയും നടക്കും. വിശുദ്ധ കുര്‍ബ്ബാനക്കുശേഷം രോഗികള്‍ക്ക് വീട്ടില്‍ ചെന്ന് ദിവ്യകാരുണ്യം നല്‍കും. ഉച്ചഭക്ഷണത്തിന് ശേഷം വൈദികന്‍ അടുത്ത വില്ലേജിലേക്കുള്ള യാത്ര തുടങ്ങുമെന്ന് കോഴിക്കോട് മാങ്കാവ് സെന്റ് ജോസഫ് ദൈവാലയത്തില്‍ നിന്നും മേഘാലയയിലെ മിഷന്‍ പ്രദേശം സന്ദര്‍ശിച്ച ജോസി ചുങ്കത്ത് പറയുന്നു.

മിഷന്‍ ദിനത്തിന്‍ പണം നല്‍കില്ലെന്നൊക്കെ വിദേശത്തൊക്കെയിരുന്ന് ഈ പ്രതിസന്ധി ഘട്ടത്തില്‍ പറയുന്നത് വേദനാജനകമാണെന്നും മിഷന്‍ പ്രദേശത്ത് സേവനം ചെയ്യുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

-ജയ്‌മോന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.