പോര്‍നിലങ്ങളില്‍ കുരിശേന്തിയ പുരോഹിതര്‍

മരണമടഞ്ഞവരുടെ മരിക്കാത്ത ഓർമ്മകൾ ഏറ്റു പാടുന്ന ഈ നവംബർ മാസത്തിൽ യുദ്ധമേഖയിൽ വിശ്വാസത്തിന്റെ സാക്ഷ്യവും ആശ്വാസത്തിന്റെ കുളിർ തെന്നലായി മാറിയ അഞ്ചു മിലിട്ടറി ചാപ്ലയിൻമാരെ നമുക്കു പരിചയപ്പെടാം.

1. ഫാ. വില്യം ഡോയൽ
വില്യം ജോസഫ് ഗബ്രിയേൽ ഡോയൽ 1873 മാർച്ച് മൂന്നിന് അയർലണ്ടിലെ ഡബ്ലിനിലാണ് ജനിച്ചത്. ഏഴു കുട്ടികളിൽ ഇളയവനായ ഡോയൽ പതിനെട്ടാം വയസ്സിൽ ഈശോ സഭയിൽ പ്രവേശിച്ചു. 1907 -ൽ തീരുപ്പട്ടം സ്വീകരിച്ചു.ചെറുപ്രായത്തിൽത്തന്നെ നല്ല വാഗ്മിയായി പേരെടുത്ത ഫാ. ഡോയലിന്റെ പ്രസംഗം കേട്ട്  മാനസാന്തരപ്പെട്ട് കഠിനഹൃദയർ പോലും കുമ്പസാരക്കൂടണഞ്ഞു. ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് ആർമിയുടെ ചാപ്ലയിനായി ഫാ. ഡോയൽ സേവനമനുഷ്ടിച്ചു. പതിനാറാം ഐറിഷ് ഡിവിഷന്റെ ചാപ്ലയനായിരുന്നു അദ്ദേഹം. മരണമടഞ സൈനീകർക്ക് ക്രിസ്തീയ രീതിയിലുള്ള ശവസംസ്കാര ശുശ്രൂഷകൾ അദ്ദേഹം ഉറപ്പു വരുത്തി, പലപ്പോഴും ലഭ്യമായ ശരീരഭാഗങ്ങൾ ചേർത്തുകൊണ്ടായിരുന്നു മൃതസംസ്കാര ശുശ്രൂഷകൾ. തന്റെ കുടുംബാംഗങ്ങൾക്കെഴുതിയ ഒരു കത്തിൽ ഫാ. ഡോയൽ ഇപ്രകാരം എഴുതി: “ഇത് ദുഃഖകരമാണ്, വീട്ടിലുള്ള നിങ്ങൾക്ക് പോലും ഈ യുദ്ധം ബോധക്ഷയം വരുത്തും. നല്ലവനായ ദൈവം ഇതു വേഗം അവസാനിപ്പിക്കട്ടെ.” ലൂസ് യുദ്ധത്തിൽ (Battle of Loos) ഫാ. ഡോയൽ മരണത്തെ അഭിമുഖീകരിച്ചുകൊണ്ട് കിടന്ന അനേകം സൈനീകരെ സഹായിക്കാൻ നെട്ടോട്ടമോടീ. അവസാനം ഒരു ജർമ്മൻ ഷെൽ ആക്രമണത്തിൽ അദ്ദേഹം മരണത്തിനു കീഴടങ്ങി. ഫാ. ഡോയലിന്റെ മൃതദേഹം ഫ്ലാറ്റേഴ്‌സ് യുദ്ധമേഖലയിൽ എവിടെയോ സംസ്കരിച്ചു.

2. ഫാ. എമിൽ കാപാഊൻ

ചെക് റിപ്പബ്ലിക്കിൽ നിന്നുള്ള അഭയാർത്ഥികളുടെ മകനായി 1916 -ൽ എമിൽ ജനിച്ചു. 1940 ൽ വൈദികനായ എമിൽ 1944 അമേരിക്കൻ ആർമി ചാപ്ലൻസി സ്കൂളിൽ ചേർന്നു. കൊറിയൻ യുദ്ധസമയത്ത് എട്ടാം കുതിരപ്പട്ടാള റെജിമെന്റിന്റെ മൂന്നാം ബറ്റാലിയന്റെ ചാപ്ലയനായി ഫാ. എമിൽ നിയമിതനായി. 1950 നവംബർ 2 -ന് ഉൺസാൻ യുദ്ധത്തിൽ (Battle of Unsan) രക്ഷപ്പെടുന്നതിനെക്കാൾ മുറിവേറ്റ  പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിലാണ് എമിലച്ചൻ ശ്രദ്ധിച്ചത്. തൽഫലമായി യുദ്ധ തടവുകാരനായി അദ്ദേഹം പിടിക്കപ്പെട്ടു. തടവു ക്യാമ്പിലേക്ക് എകദേശം 60 മൈൽ ദൂരം നടക്കാനുണ്ടായിരുന്നു. മുറിവേറ്റ പട്ടാളക്കാരെ തോളിലേറ്റി നടക്കുകയും പരസ്പരം സഹായിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഉത്തര കൊറിയൻ തടവു ക്യാമ്പിൽ നിന്നു രക്ഷപ്പെട്ടവർ, സ്വന്തം മുറിവുകളും വേദനകളും അവഗണിച്ച് മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിൽ നിരന്തരം ശ്രദ്ധിച്ചിരുന്ന എമിലച്ചനെപ്പറ്റി പറയുന്നുണ്ട്. അവസാനം ന്യുമോണിയ ബാധിച്ച് ആരോഗ്യനില വഷളായ എമിലച്ചൻ 1951 മെയ് മാസം ഇരുപത്തിമൂന്നാം തീയതി മരണത്തിനു കീഴടങ്ങി. മരണാനന്തരം എമിലച്ചനു അമേരിക്കൻ സൈന്യത്തിന്റെ Purple Heart അവാർഡു കരസ്ഥമാക്കി. ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ടതോടെ ഫാ. എമിൽ കാപാഊൻ കത്തോലിക്കാ സഭയുടെ വിശുദ്ധനാക്കാനുള്ള നടപടി ആരംഭിച്ചു.

3. ഫാ. ചാൾസ് വാട്ടേഴ്സ്

അമേരിക്കയിലെ ന്യൂജേഴ്സിയിൽ 1927 ൽ ചാൾസ് ജോസഫ് വാട്ടേഴ്സ് ജനിച്ചു.
1953 ൽ പൗരോഹിത്യം സ്വീകരിച്ച ചാൾസച്ചൻ, പൈലറ്റായും ജോലി ചെയ്തട്ടുണ്ട്. 1966 ൽ അമേരിക്കൻ സൈന്യത്തിൽ ചേർന്ന ഫാ. ചാൾസ് വിയ്റ്റനാം യുദ്ധകാലത്ത് അമേരിക്കൻ സൈന്യത്തിന്റെ ചാപ്ലയിനായിരുന്നു. 
1967 നവംബർ മാസത്തിലെ ഡാക്ക് ടോ യുദ്ധത്തിൽ (Battle of Dak To) ഫാ. ചാൾസ് ഉൾപ്പെട്ട റെജിമെന്റ് ശക്തമായി പോരാടി. ധൈര്യശാലിയായിരുന ചാൾസച്ചൻ മുറിവേറ്റരെ ശുശ്രൂഷിച്ചും, പ്രഥമ ശുശ്രൂഷകൾ നൽകിയും തന്റെ സഹസൈനീകർക്ക്  ഉത്തേജനം നൽകി. ദൃക്സാക്ഷികളുടെ  വിവരണമനുസരിച്ച്, മരിക്കാൻ പോകുന്ന ഒരു സൈനീകനു മുട്ടുകുത്തി നിന്നുകൊണ്ട്  അവസാനയാത്രക്കു പ്രാർത്ഥനാപൂർവ്വം ഒരുക്കുന്ന സമയത്ത് പൊടുന്നനെ വന്ന ഒരു ബോംബാക്രമണത്തിൽ ഫാ. ചാൾസും കൂട്ടുകാരും വധിക്കപ്പെടുകയായിരുന്നു. ധീരോത്തമായ സേവനത്തിന് മരണാനന്തരം 1969ൽ ഫാ. ചാൾസിനു മെഡൽ ഓഫ് ഓണർ (Medal of Honour) എന്ന ബഹുമതി ലഭിച്ചു.

4. ഫാ. ജോസഫ് ഒ കാൾ ആഹൻ

ജോസഫ് ഒ കാൾ ആഹൻ എന്ന ജോസഫച്ചൻ 1905 – ലാണു ജനിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ നേവിയുടെ ചാപ്ലയിനായിരുന്നു അദ്ദേഹം.
1945-ൽ ജപ്പാൻ തീരത്തു വച്ചു അമേരിക്കൻ നാവികസേന ആക്രമിക്കപ്പട്ടു. ആയിരക്കണക്കിനു അമേരിക്കൻ പട്ടാളക്കാർ ജപ്പാന്റെ ബോംബാക്രമണത്തിൽ  മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു. ജോസഫച്ചൻ തന്റെ സഹപ്രവർത്തകർക്കൊപ്പം ശക്തമായി നിലകൊണ്ടു. പരിക്കേറ്റവരെ രക്ഷിക്കുന്നതു വരെ മൂന്നു ദിവസത്തോളം ജോസഫച്ചൻ കപ്പലിൽ തന്നെ ചിലവഴിച്ചു. 1946 മെഡൽ ഓഫ് ഓണർ എന്ന ബഹുമതി അദ്ദേഹത്തെ തേടിയെത്തി.

5. ഫാ. ഫ്രാൻസീസ് ഗ്ലീസൺ

1884 ൽ അയർലണ്ടിലെ ടെമ്പിൾമോറിലാണ് ഫാ. ഫ്രാൻസീസ് ഗ്ലീസൺ ജനിച്ചത്. 1910 -ൽ പൗരോഹിത്യ പദവിയിലേക്കു ഉയർത്തപ്പെട്ട ഫ്രാൻസീസ് ആദ്യകാലങ്ങളിൽ അന്ധ വ്യക്തികളെ പുനരധിവസിപ്പിച്ചിരുന്ന ഒരു ഭവനത്തിലാണ് സേവനം അനുഷ്ഠിച്ചത്.  1914 -ൽ ഒന്നാം ലോകമഹായുദ്ധ കാലത്തു മിലിട്ടറി ചാപ്ലയിനാകാൻ സന്നദ്ധതപ്രകടിപ്പിച്ച പതിനേഴു വൈദീകരിൽ ഒരാളാണ് ഫാ. ഫ്രാൻസീസ്. 1914 -ലെ ക്രിസ്തുമസ് ദിനത്തിൽ സൈന്യം ആക്രമിക്കപ്പെടുമ്പോൾ അദ്ദേഹം മുൻ നിരയിൽ ഉണ്ടായിരുന്നു. 1915 നവംബർ മാസത്തിൽ അദ്ദേഹം താൽകാൽലികമായി യുദ്ധ മുന്നണിയിൽ നിന്നു മാറി. 1923 – ൽ അയർലണ്ടിൽ ആദ്യന്തര കലാപം പൊട്ടിപുറപ്പെട്ടപ്പോൾ അദ്ദേഹം ഐറീഷ് ഫ്രീ സ്‌റ്റേറ്റ് ആർമിയുടെ ചാപ്ലയിൻ ആയി. ഫാ. ഫ്രാൻസീസ് നിയമിതനായി. 1956 മെയ് മാസത്തിൽ നിത്യസമ്മാനത്തിനായി ഫ്രാൻസീസച്ചൻ വിളിക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.