ജപമാല ഭക്തിയാൽ ജ്വലിക്കുന്ന മുൻ പ്രൊട്ടസന്റ് പാസ്റ്റർ

അമേരിക്കയിലെ പ്രസിദ്ധനായ സുവിശേഷ പ്രഘോഷകനും ടെലിവിഷൻ   അവതാരകനുമാണ്  അറുപത്തിയൊന്നുകാരനായ  ജെഫ്  കാവിൻസ്. കത്തോലിക്കാനായിട്ടായിരുന്നു  കാവിൻസിന്റെ ജനനം.  കൗമാരത്തിൽ   കത്തോലിക്കാ  വിശ്വാസത്തിൽ നിന്നകന്നു. പന്ത്രണ്ടു വർഷത്തോളം പ്രൊട്ടസന്റ് സഭയിൽ പാസ്റ്ററായി ജോലി ചെയ്തു. വിശുദ്ധ ലിഖിതങ്ങളിലെ അർത്ഥങ്ങളിലേക്കു ആഴ്ന്നിറങ്ങാൻ  തുടങ്ങിയപ്പോൾ  ദൈവ വചനത്തിലധിഷ്ഠിതമായ കത്തോലിക്കാ വിശ്വാസത്തെയും കൂദാശകളെയും  കാവിൻസ് തിരിച്ചറിഞ്ഞു.   പഴയ നിയമം വിശുദ്ധ കുർബാനയിലേക്കു നയിക്കുകയും ദൈവീകാധികാരത്തിനു കീഴ്വഴങ്ങാനും   പ്രചോദനം നൽകിയപ്പോൾ കൗമാരത്തിൽ ഉപേക്ഷിച്ചു പോയ തന്റെ മാതൃസഭയായ കത്തോലിക്കാ സഭയിലേക്കു കാവിൻസിനെ അടുപ്പിച്ചു.

ഇന്നു കത്തോലിക്കാ വിശ്വാസത്തിന്റെ വലിയ ഒരു പ്രചാരകനാണ് ജെഫ് കാവിൻസ് .കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചു നിരവധി പുസ്തകങ്ങൾ രചിക്കുകയും ടെലിവിഷൻ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യുന്ന കാവിൻസ് കത്തോലിക്കാ വിശ്വാസത്തിൽ ബൈബിൾ പഠിപ്പിക്കുവാനും വ്യാഖ്യാനിക്കാനുമായി തനതായ ഒരു പദ്ധതിയും (The Great Adventure Bible Study Program ) വികസിപ്പിച്ചട്ടുണ്ട്. മദർ അഞ്ചലിക്കാ സ്ഥാപിച്ച EWTN ടെലിവിഷനിൽ “Life on Rock” എന്ന പരിപാടിയുടെ ആദ്യ അവതാരകനാണ് കാവിൻസ്.

കവിൻസിന്റെ ഏറ്റവും പുതിയ സംരംഭം “പവർ ഇൻ മൈ ഹാൻസ് “ എന്ന ഫിലിം ആണ് . ഏപ്രിൽ പുറത്തിറങ്ങുന്ന ഈ സിനിമയിൽ ജപമാലയുടെ ശക്തിയും സൗന്ദര്യവുമാണു ചിത്രീകരിച്ചിരിക്കുന്നത്. കാവിൻസിന്റെ മാനസാന്തര കഥ പറയുന്നിതിനൊപ്പം ജപമാലയിലൂടെ മാനസാന്തരത്തിലേക്കു കടന്നു വന്ന നിരവധി പേരുടെ സാക്ഷ്യങ്ങളും ഇതിൽ ഉൾച്ചേർത്തിരിക്കുന്നു.

നോമ്പു കാലത്തു കാവിൻസിനെപ്പോലെ ജപമാല പ്രാത്ഥനയുടെ ശക്തിയും സൗന്ദര്യവും നമുക്കു തിരിച്ചറിയാം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.