സീറോ മലങ്കര. മാര്‍ച്ച്- 25. ലുക്കാ 1:26-38 മറിയവും ദൈവീകപ്രവര്‍ത്തനങ്ങളും

ദൈവദൂതന്‍ മറിയത്തോട് പറയുന്നത്, സന്തോഷിക്കുവാനാണ്- കാരണം കര്‍ത്താവ് നിന്നോടുകൂടെ.  സന്തോഷത്തിന്റെ കാരണം, ദൈവം കൂടെയുണ്ട് എന്നുള്ളതാണ്. നിന്റെ കൂടെയുള്ള ദൈവസാന്നിധ്യം തിരിച്ചറിയുക; അത് നിന്റെ സന്തോഷത്തിന്റെയും ജീവിത സംതൃപ്തിയുടെയും കാരണമായി മാറും. നിന്റെ കൂടെയുള്ള തമ്പുരാനെ തിരിച്ചറിഞ്ഞാല്‍  ഏതു സാഹചര്യത്തിലും നിനക്കു സന്തോഷിക്കാനാവും. എലിസബത്തിന്റെ ഗര്‍ഭധാരണമാണ് മറിയത്തിന്റെ ഗര്‍ഭധാരണത്തിനുളള അടയാളമായി മാലാഖ ചൂണ്ടിക്കാണിക്കുന്നത് . മറ്റുളളവരുടെ നന്മ ദൈവം നിനക്ക് കാട്ടിത്തരുന്നത് നിനക്കു ലഭിക്കാനിരിക്കുന്ന ദൈവാനുഗ്രഹങ്ങളുടെ അടയാളമായിട്ടാണ്. മറ്റുളളവര്‍ക്കു ലഭിക്കുന്ന ദൈവാനുഗ്രഹം കാണുമ്പോള്‍ മറക്കണ്ട, ദൈവം നിന്നിലും പ്രവര്‍ത്തിക്കുന്നുണ്ട്; ദൈവാനുഗ്രഹം നിനക്കും ലഭിക്കും. ”ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ” എന്നത്   വ്യവസ്ഥകളില്ലാതുളള കീഴടങ്ങലാണിത്. ഒരു വ്യവസ്ഥയുമില്ലാതെ ദൈവതിരുമുമ്പില്‍ കീഴടങ്ങിയതിനാല്‍ ഒരു പ്രതിബന്ധവുമില്ലാതെ ദൈവികത പൂര്‍ണ്ണമായി സ്വീകരിക്കാനും,  ദൈവപുത്രനു ജന്മം കൊടുക്കാനുമായി. ദൈവത്തിനു നീ പൂര്‍ണ്ണമായി വിട്ടുകൊടുത്താല്‍ ദൈവവും നിനക്കു പൂര്‍ണ്ണമായി വിട്ടുതരും.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.