മാർ ആൻഡ്രൂസ് താഴത്ത് ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സി.ബി.സി.ഐ പ്രസിഡന്റും തൃശൂർ ആർച്ചുബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് കൂടിക്കാഴ്ച നടത്തി. കൊച്ചി നെടുമ്പാശേരിയിൽ വച്ച് ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് മണിപ്പൂരിൽ ക്രൈസ്തവർക്കു നേരെ നടക്കുന്ന ആക്രമണങ്ങളിൽ ബിഷപ്പ് ആശങ്ക അറിയിച്ചു.

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളെ അഭിനന്ദിച്ച ബിഷപ്പ്, കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ ക്രൈസ്തവർക്കു നേരെ നടന്ന ആക്രമണങ്ങളും അദ്ദേഹത്തിന്റെ  ശ്രദ്ധയിൽ കൊണ്ടുവന്നു. അരമണിക്കൂറോളം നീണ്ട ചർച്ചയിൽ, തങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും ആഭ്യന്തരമന്ത്രി ശ്രദ്ധയോടെ ശ്രവിച്ചു എന്ന് സി.ബി.സി.ഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

കൂടാതെ, ഇന്ത്യയിലെ വിവിധ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും ബിഷപ്പ് സൂചിപ്പിച്ചു. ഈ ആക്രമണങ്ങൾ ഇല്ലാതാക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായി മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു. തൃശൂർ ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെനി, ഫാ.അലക്സ് മാപ്രാണി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.