ഒരു യുവാവു തന്റെ ഭാവി വധുവിനെഴുതിയ പ്രേമലേഖനം

പ്രിയ ഭാവി വധുവേ,

ഇത് കത്ത് എഴുതുന്നത് ഒരു തമാശയായി തോന്നുന്നു. നീ ഇതു വായിക്കുമോ എന്ന് എനിക്കറിയില്ല…
എവിടേക്കു ഞാൻ ഈ കത്തയക്കും? നിന്റെ മേൽവിലാസം എനിക്കില്ല. ഫോൺ വിളിക്കാൻ നമ്പർ അറിയില്ല. ഫെയ്സ്ബുക്കോ, വാട്ട്സ്അപ്പോ ഉപകരിക്കുന്നില്ല. സ്കെയിപ്പോ ഇൻസ്റ്റാഗ്രാമോ നിന്റെ മുഖം എനിക്കു വെളിപ്പെടുത്തുന്നില്ല, കത്തു നേരിട്ടു കൈമാറാൻ നീ താമസിക്കുന്ന സ്ഥലവും എനിക്കറിയില്ല.

നമ്മൾ ഇതുവരെ കണ്ടുമുട്ടിയിട്ടില്ലെങ്കിലും, ഞാൻ ഇവിടെയുണ്ടെന്ന് നീ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. എനിക്കു ഫോൺ നമ്പറും Face book അക്കൗണ്ടുമുണ്ട്. കുടുബംവും സുഹൃത്തുക്കളും താൽപര്യങ്ങളുള്ള ഒരു കൊച്ചുലോകം എനിക്കുമുണ്ട്.  നമ്മുടെ ലോകങ്ങൾ തമ്മിൽ കണ്ടുമുട്ടുന്ന നിമിഷം സ്വപ്നംകണ്ടു കാത്തിരിക്കുകയാണു ഞാൻ. നമ്മുടെ ലോകം പരസ്പരം തുറക്കുമ്പോൾ നമ്മൾ ഒരുമിച്ചു സ്നേഹത്തിൽ വളരും.

ഞാൻ നിനക്കു വേണ്ടി കാത്തിരിക്കുന്നു എന്നു നീ അറിയണം, ഞാൻ നിന്നെ ഇതിനകം തിരഞ്ഞെടുത്തു. നമ്മുടെ സംസ്കാരത്തിൽ അതിപ്രസരിച്ചിരിക്കുന്ന തെറ്റായ പ്രതിച്ഛായകളെ മറികടന്നു ഞാൻ നിന്നെ തിരഞ്ഞെടുക്കുകയായിരുന്നു..

എനിക്കു നിന്നോടു വേറൊരു കാര്യം പങ്കുവയ്ക്കാനുണ്ട്. ഞാൻ എല്ലാം തികഞ്ഞവനല്ല. യഥാർത്ഥ സ്നേഹം കണ്ടെത്താൻ പരിശ്രമിക്കുന്ന ഒരു സാധാരണ യുവാവാണു ഞാൻ. എന്റെ കൂട്ടുകാരും അങ്ങനെ തന്നെ. അതിമാനുഷികരൊന്നുമല്ല ഞങ്ങൾ. യുവത്വത്തിന്റെ പോരായ്മകൾ എന്നിലും കണ്ടേക്കാം.  എനിക്കു  നിന്നെ രക്ഷിക്കാൻ കഴിയുമോ എന്നറിയില്ല. എനിക്ക് എന്റെ ബലഹീനതകൾ നന്നായി അറിയാം അതിനാൽ എനിക്ക്  ഒരു രക്ഷകനാകാൻ കഴിയില്ല. പക്ഷേ നമ്മുടെ രണ്ടു പേരുടെയും  രക്ഷകനായ ഒരുവനുണ്ട്. നീ അവനെ ഇതിനകം കണ്ടുമുട്ടി എന്നു ഞാൻ വിശ്വസിക്കുന്നു. എനിക്കു നിന്റെ പേരറിയത്തില്ലങ്കിലും അവനറിയാം. നീ എവിടെ എങ്ങനെ ആയിരുന്നാലും അവൻ നിന്നെ അനന്തമായി, നീ ചിന്തിക്കുന്നതിനേക്കാൾ അധികമായി  സ്നേഹിക്കുന്നു.

ദൈവത്തോടു നിന്നെപ്പറ്റി ഞാൻ സംസാരിച്ചു. അവൻ നിന്നെ മുഖാഭിമുഖം കണ്ടു, നിന്റെ മുഖകാന്തി അവനു ഇഷ്ടപ്പെട്ടു. ദൈവത്തിനിഷ്ടപ്പെട്ട നിന്നെ ഞാൻ എന്തിനു ഇഷ്ടപ്പെടാതിരിക്കണം. ദൈവത്തിനിഷ്ടപ്പെട്ട നിന്റെ മുഖം എനിക്കും ഇഷ്ടപ്പെടാൻ ഞാൻ ദിവസവും പ്രാർത്ഥിക്കുന്നു. കൊച്ചു വഴികളിലൂടെ നിന്നെ സ്നേഹിക്കുവാനും നിനക്കു വേണ്ടി എന്റെ ജീവിതം നൽകുവാവും അവൻ എന്നെ ഓരോ ദിവസവും പഠിപ്പിക്കുന്നു.  അവനിൽ എങ്ങനെയാണ്  സ്നേഹിക്കേണ്ടതെന്ന് ആധീകാരികമായി ഞാൻ കാണുന്നു.  നിന്നെ സ്നേഹിക്കാൻ ഞാൻ തീരുമാനിച്ചു.  എന്റെ ആത്മാവിനുമേൽ ഞാൻ ജാഗരുകനായ ഒരു കാവൽക്കാരനായിരിക്കും, ഒരുനാൾ നീ എന്ന വിശ്വസിക്കുകയും നിന്റെ കൂടെ സംരക്ഷകനാകാൻ എന്നെ അനുവദിക്കുകയും ചെയ്യും. ദൈവകൃപയാൽ നിന്നെ ഞാൻ സ്വർഗ്ഗത്തിലേക്കു നയിക്കും.

പക്ഷേ സമയം ഇതുവരെയും ആയിട്ടില്ല. നമ്മൾ കണ്ടുമുട്ടാൻ എത്രനാൾ കാത്തിരിക്കണം എന്നോർത്ത് ഞാൻ ആകുലപ്പെടാറില്ല. ദൈവത്തിലേക്കു അടുക്കാൻ എനിക്കു നിന്നെ ആവശ്യമുണ്ട് അവനോടൊപ്പം സഞ്ചരിക്കാൻ. ഒരു ദിവസം ഞാൻ നിന്നോടൊപ്പം സഞ്ചരിക്കും പക്ഷ എന്നെ കാണുന്നതു വരെ നീ യാത്ര തുടങ്ങാതിരിക്കരുത്. കാരണം നമ്മൾ രണ്ടു പേരും ദൈവത്തിങ്കലേക്കാണു പ്രയാണം ചെയ്യുന്നത്. അവനിൽ ദൃഷ്ടിയുറപ്പിച്ചുകൊണ്ടു വേണം നമ്മുടെ പാതകൾ ഓടിത്തീർക്കാൻ. ഞാൻ അവനിലേക്കാണു ഓടുന്നതെന്ന്  അറിയുക,  എന്നിരുന്നാലും പലപ്പോഴു ഇത് എനിക്ക് നൂറു മീറ്റർ ഓട്ടത്തിനപ്പുറം മൂവായിരം മീറ്റർ ഹർഡിൽസാണ്. ഞാൻ ക്ഷീണിച്ചവശനായാണു വരുന്നതെങ്കിലും അവനിൽ ഞാൻ ശക്തി പ്രാപിക്കുന്നു.

പ്രിയ ഭാവി വധുവേ, നീ എവിടെ ആയിരുന്നാലും സ്നേഹം ഒരു തിരഞ്ഞെടുക്കലാണന്നറിയണം, ഇതുവരെ എനിക്കു നീ ആരാണന്നറിയത്തില്ലങ്കിലും, നിന്നെ പുഞ്ചിരിപ്പിക്കുന്ന കാര്യങ്ങൾ എനിക്കറിയത്തില്ലെങ്കിലും, നിനക്കു ബുദ്ധിമുട്ടോ വേദനയോ ഉളവാക്കുന്ന കാര്യമോ എനിക്കറിയത്തീല്ലങ്കിലും, ഞാൻ നിന്നെ സ്നേഹിക്കാനായി തിരഞ്ഞെടുത്തു എന്നു നീ അറിയണം.
സ്വർഗ്ഗീയ പിതാവിന്റെ കരങ്ങളിൽ പിടിച്ചു കൊണ്ടു നാം ഒന്നു ചേർന്നു നടക്കുമ്പോൾ ഞാൻ നിന്നെ കണ്ടു കൊള്ളാം.

നീ സുരക്ഷിതയാണന്നു ഞാൻ പ്രത്യാശിക്കുന്നു. നീ സ്നേഹിക്കപ്പെട്ടവളാണന്നു നീ അറിയണമെന്നു ഞാൻ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഹൃദയത്തിലും എന്റെ ഹൃദയത്തിലും നീ വളരെയധികം ആമൂല്യയാണ്. നിന്റെ കാവൽ മാലാഖ നിന്റെ ജീവിതത്തെ സംരക്ഷിക്കട്ടെ.

എനിക്കു വേണ്ടി ദയവായി പ്രാർത്ഥിക്കണമേ

നിന്റെ ഭാവി ഭർത്താവ്

സ്ത്രിയും പുരുഷനും ദൈവകരങ്ങളിൽ പിടിച്ചു കൊണ്ടു നടക്കുന്ന യാത്രയാണ് വിവാഹം. ദൈവത്തിന്റെ അദൃശ്യ കരം കൂടെയുള്ളപ്പോൾ വിവാഹ ജീവിതം തീർത്ഥയാത്രയാണ്. സ്നേഹം വിശ്വസ്തതയിലാണു പൂർത്തീകരിക്കപ്പെടുന്നത്.
ഫിയോഡോർ എം ദൊസ്തെയവ്സ്കി  സ്നേഹത്തെക്കുറിച്ചു പറയുന്നതു ഇപ്രകാരമാണ്: “ഒരു വ്യക്തിയെ സ്നേഹിക്കുകയെന്നതിന്റെ അർത്ഥം അയാൾ എങ്ങനെയായിരിക്കണമെന്ന് ദൈവം ആഗ്രഹിച്ചുവോ അങ്ങനെ അയാളെ കാണുകയെന്നതാണ്.” മേൽ വിവരിച്ച കത്തിലും യുവാവിന്റെ ആഗ്രഹം ദൈവത്തിന്റെ കണ്ണുകളിലൂടെ തന്റെ ഭാവി വധുവിനെ കാണാനാണ്. ദൈവത്തിന്റെ മിഴികളിലൂടെ ജീവിത പങ്കാളിയെ കാണുമ്പോഴാണ് വിവാഹബന്ധം സ്നേഹ ബന്ധങ്ങളുടെ കലവറയാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.