നശിപ്പിക്കാൻ സാധിക്കാത്ത വിശുദ്ധ ചിത്രം

ആഗോള പ്രശസ്തമായ മെക്സിക്കോയിലെ ഗ്വാഡലുപേ മാതാവിനെക്കുറിച്ച് നാം ധാരാളം കേൾക്കുകയും ചിത്രങ്ങൾ കാണുകയും ചെയ്തട്ടുണ്ട്. എന്നാൽ മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ അത്ഭുതങ്ങളുടെ കർത്താവ് “Lord of Miracles“ എന്ന പേരിൽ പ്രസിദ്ധമായ ഒരു ചിത്രമുണ്ട്. ലാറ്റിനമേരിക്കക്കു പുറത്ത് ഈ ചിത്രം അത്ര പരിചിതമല്ലങ്കിലും പെറുവിലെ കത്തോലിക്കരുടെ അഭിമാനസ്തംഭമാണ് ഈ അത്ഭുത ചിത്രം. ലോകത്തിലെ എറ്റവും വലിയ തിരുനാൾ പ്രദിക്ഷണം ഒരു പക്ഷേ ഈ അത്ഭുതങ്ങളുടെ കർത്താവുമായി ബന്ധപ്പെട്ടായിരിക്കും. പ്രദേശിക ഭാഷയിൽ സെഞ്ചോർ ഡേ ലോസ് മിലാഗ്രോസ് (Señor de los Milagros) എന്നാണ് ഈ ചിത്രം അറിയപ്പെടുക.

പെറുവിലെ ഏറ്റവും പ്രധാന നഗരമായ ലിമായിൽ ഏകദേശം 1651 മാണ്ടിൽ ഒരു ആഫ്രിക്കൻ അടിമ, ഈശോ കുരിശിൽ കിടക്കുന്ന ഈ ചിത്രം വരച്ചു. കുരിശിൻ ചുവട്ടിൽ പരിശുദ്ധ അമ്മയും മഗ്ദേലനാ മറിയവും ഒപ്പമുണ്ട്. ചിത്രം വരച്ച വ്യക്തിയെ പറ്റി കൂടുതലൊന്നും അറിയില്ല. ബെനിറ്റോ, പെഡ്രോ ദാൽകോൺ എന്നി രണ്ട് പേരുകൾ ചിത്രകാരന്റേതായി ചിലർ പറയുന്നുണ്ട്.

എതാനു വർഷങ്ങൾക്കു ശേഷം 1655 ൽ ലീമാ നഗരത്തിൽ ശക്തിയേറിയ ഒരു ഭൂകമ്പമുണ്ടായി, ആയിരക്കണക്കിനു ആളുകൾ മരിക്കുകയും കെട്ടിടങ്ങൾ നശിക്കകയും ചെയ്തു. എന്നാൽ ചിത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലം ഭൂകമ്പത്തെ അതിജീവിച്ചു. ഒരു കേടുപാടും അത്ഭുത യേശു രൂപത്തിനു സംഭവിച്ചില്ല.

1670 ലീമാ നഗരത്തിലെ ഒരു പ്രഭുവിന് തലച്ചോറിന് മാരകമായ രോഗം ബാധിച്ചു. ചികത്സാവിധികളൊന്നും ഫലം കണ്ടില്ല. ഒരു ദിവസം വിശ്വാസപൂർവം യേശുവിന്റെ രൂപത്തിനു മുമ്പിൽ പ്രാർത്ഥിച്ചു. അത്ഭുതകരമായി അദ്ദേഹം സുഖമാക്കപ്പെട്ടു. ഈ വാർത്ത പെട്ടന്നു തന്നെ പരുന്നു. യേശുവിന്റെ അത്ഭുത ചിത്രം കാണുവാനും പ്രാർത്ഥിക്കാനുമായി ധാരാളം ആളുകൾ ലീമായിലേക്ക് ഒഴുകി.

പ്രാദേശിക അധികാരിക്ക് ഈ ബഹളവും ആൾക്കൂട്ടും നിരസമാണ് ക്ഷണിച്ചു വരുത്തിയത്, അവർ ചിത്രം നശിപ്പിച്ചു കളയാൻ തീരുമാനിച്ചു.

അതിനായി ഒരു ചിത്രകാരനെ അവർ വിളിച്ചു വരുത്തി ഒരു ഗോവണിയിൽ കയറി നിന്ന് ഭിത്തിയിലെ ചിത്രം മായ്ക്കാനായിരുന്നു ശ്രമം. ഗോവണിയിൽ കാൽ വച്ചപ്പോൾ തന്നെ ശക്തിയായ കുളിരും വിറയലും ചിത്രകാരനെ ഭയാശങ്കയിലാക്കി. അടുത്തു നിന്ന സഹപ്രവർത്തകർ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. കുറച്ചു നിമിഷങ്ങൾക്കു ശേഷം വീണ്ടും കയറാൻ പരിശ്രമിച്ചെങ്കിലും, ഇത്തവണയും ശ്രമം വിഫലമായി. ചിത്രം നശിപ്പിക്കാൻ അവനു സാധിച്ചില്ല.

രണ്ടാമത് വേറോരു പെയ്ന്ററെ ചിത്രം മായ്ച്ചുകളയാനുള്ള ജോലി ഏൽപിച്ചു . ചിത്രത്തിന്റെ അടുത്തു വന്നപ്പോഴെക്കും അദ്ദേഹം മനസ്സുമാറി പിൻതിരിഞ്ഞു.

ക്ഷമ നഷ്ടപ്പെട്ട അധികാരി ഇത്തവണ ഒരു പട്ടാളക്കാരനെയാണ് ദൗത്യം ഏൽപിച്ചത്. പടയാളി യേശുവിന്റെ ചിത്രത്തെ സമീപിച്ചപ്പോൾ അമാനുഷികമായി അവന്റെ കൺമുമ്പിൽ ചിത്രത്തിനു മാറ്റമുണ്ടായി. ചിത്രം തിളങ്ങുകയും കൂടുതൽ മനോഹരമാവുകയും ചെയ്തു. പടയാളിയും ചിത്രം നശിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.

അവസാനം ആളുകകൾ ഭരാണാധികാരിക്കെതിരെ തിരിഞ്ഞു. വിശുദ്ധ ചിത്രം നശിപ്പിക്കരുതെന്ന് അവർ ഭരണാധികാരിയോട് ആവശ്യപ്പെട്ടു. അവസാനം ആളുകളുടെ നിർബന്ധത്തിന് അദ്ദേഹം വഴങ്ങി. യേശുവിന്റെ ചിത്രം സംരക്ഷിക്കാനും വി.കുർബാന അർപ്പിക്കാനും അംഗീകാരം നൽകി. അന്നു മുതൽ ധാരാളം അത്ഭുതങ്ങളും രോഗശാന്തിയും ഇവിടെ സംഭവിക്കുന്നു.

ലീമാ നഗരത്തെ 1687ൽ വീണ്ടും ഒരു വലിയ ഭൂകമ്പം പിടിച്ചുകലുക്കി. ഇത്തവണയും അത്ഭുതങ്ങളുടെ കർത്താവിന്റെ ചിത്രം ഭൂകമ്പത്തെ അതിജീവിച്ചു. പിന്നീട് ഈ ചിത്രം വണങ്ങാനായി തീർത്ഥാടക പ്രവാഹമായി, ഭിത്തിയിൽ വരച്ചിരിക്കുന്ന ചിത്രം പ്രദിക്ഷണത്തിന് ഉപയോഗിക്കുന്നത് അപ്രായോഗികമായതിനാൽ കാൻവാസിൽ വരച്ച ഈ ചിത്രത്തിന്റെ കോപ്പി അതിനായി ഉപയോഗിക്കുന്നു.

എല്ലാ വർഷവും ശരത്കാലത്ത് നടക്കുന്ന ഈ പ്രദിക്ഷണം ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ പ്രദിക്ഷണങ്ങളിൽ ഒന്നാണ്. അത്ഭുതങ്ങളുടെ കർത്താവിന്റെ ചിത്രം ലീമായിലെ Sanctuary of Las Nazarenas എന്ന പള്ളിയിൽ സംരക്ഷിച്ചിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.