തൃശൂരിലെ ലോഫ് അപ്പമല്ല, ജീവിതമാണ്‌ 

സഹപ്രവര്‍ത്തകരില്‍ നിന്നാണ് ഡോ. നോബി ലോഫ് എന്ന കൂട്ടായ്മയെക്കുറിച്ച് അറിയുന്നത്. വെറുമൊരു കൂട്ടായ്മ എന്നതിലുപരി ക്രൈസ്തവമൂല്യങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കുന്ന ഒരു കൂട്ടം ദമ്പതിമാര്‍ക്കൊപ്പം അങ്ങനെ ഡോക്ടര്‍ നോബിയും അംഗമായി. സ്ഥിരാംഗത്വം നേടാനുള്ള കാത്തിരിപ്പിലാണ് അദ്ദേഹമിപ്പോള്‍. സ്ഥിരാംഗമായ ജെസ്സി ജെയിംസ് എന്ന വീട്ടമ്മ ലോഫ് എന്ന കൂട്ടായ്മുടെ സജീവ പ്രവര്‍ത്തകയാണ്.

ലോഫ് എന്ന വാക്കിന്റെ അര്‍ത്ഥം അപ്പം എന്നാണ്. ക്രിസ്തു തന്നെ ലോകത്തിന് പകുത്തു നല്‍കിയതും അവിടുന്ന് നമ്മിലേക്ക് എഴുന്നള്ളുന്നതും ഈ രൂപത്തില്‍ തന്നെ. ക്രിസ്തുവിന്റെ സുവിശേഷം പങ്കിടാന്‍ ഒന്നു ചേര്‍ന്ന ഈ കുടുംബങ്ങളുടെ കൂട്ടായ്മയുടെ പേരും ലോഫ് എന്ന് തന്നെയാണ്.  ക്രിസ്തുവിന്റെ സുവിശേഷം ലോകമെങ്ങും അറിയിക്കാന്‍ പ്രാര്‍ത്ഥിച്ചും ധ്യാനിച്ചുമൊരുങ്ങുന്ന ഒരു ചെറുസമൂഹം. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ലോഫ്’ എന്ന സംഘടനയെ ഇങ്ങനെ വിശേഷിപ്പിക്കാം. വെറുമൊരു സമൂഹമെന്ന് ലോഫിനെ വിശേഷിപ്പിക്കാന്‍ സാധിക്കില്ല. കുടുംബങ്ങളുടെ സംഗമമായ ‘ലീജിയണ്‍ ഓഫ് അപ്പസ്‌തോലിക് ഫാമിലീസ്’ എന്നതിന്റെ ചുരുക്കരൂപമാണ് ലോഫ്.

l

ആരംഭം

2009 ഡിസംബര്‍ 23-ന് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മേല്‍നോട്ടത്തില്‍ ദമ്പതികള്‍ക്കായി സ്ഥാപിതമായ അത്മായ സമര്‍പ്പിത സമൂഹമാണ് ലോഫ്. വത്തിക്കാന്റെ അത്മായ പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ലോഫ് രൂപപ്പെടുത്തിയിരിക്കുന്നത്.

സമൂഹത്തിന്റെ അടിസ്ഥാന ശിലയായ കുടുംബത്തില്‍ നിന്നാണ് വ്യക്തിയുടെ രൂപാന്തരീകരണം സാധ്യമാകുന്നത്. അത്തരത്തില്‍ ചിന്തിക്കുന്ന കുടുംബങ്ങള്‍ ഇവിടെ ഒന്നു ചേരുന്നു. ദാമ്പത്യത്തിന്റെ പവിത്രതയും വിശ്വാസ്യതയുമാണ് കുടുംബത്തെ ഊട്ടിയുറപ്പിക്കുന്നത്. അതിനാല്‍ സമര്‍പ്പിത ദാമ്പത്യജീവിതം നയിച്ച് ദാമ്പത്യത്തെക്കുറിച്ചുള്ള ദൈവിക പദ്ധതി നിറവേറ്റുക ഇതാണ് ലോഫിന്റെ ലക്ഷ്യം. അതിനായി സുവിശേഷ പുണ്യങ്ങള്‍ വ്രതങ്ങളായി ദമ്പതികള്‍ക്ക് നല്‍കുന്നു. അനുസരണം, ദാമ്പത്യവിശുദ്ധി, ലളിതജീവിതം എന്നിവയാണ് ഈ വ്രതങ്ങള്‍. ലോഫിന്റെ ജീവിതശൈലി ഇപ്രകാരമാണെന്ന് പറയാം.

പ്രവര്‍ത്തനങ്ങള്‍

അപ്പസ്‌തോലിക പ്രബോധനങ്ങളിലും സഭാപഠനങ്ങളിലും അടിയുറച്ചതാണ് ലോഫിന്റെ നിയമാവലികള്‍. വിവാഹം ദൈവത്തിന്റെ പ്രത്യേക വിളിയാണെന്ന് തിരിച്ചറിയുക, വിവാഹത്തിലെ ദൈവിക പദ്ധതി തിരിച്ചറിഞ്ഞ് ജീവിക്കാന്‍ പരിശ്രമിക്കുക, ഭൂമിയുടെ ഉപ്പും മലമുകളിലെ നഗരവും പീഠത്തിന്‍ മേല്‍ വയ്ക്കപ്പെട്ട വിളക്കുമായി മാറി ആധുനിക സമൂഹത്തിന്റെ പുളിമാവായി മാറുക എന്നിങ്ങനെയാണ് ലോഫ് ഓരോ അംഗത്തെയും ഏല്‍പിച്ചിരിക്കുന്ന ഉത്തരവാദിത്തം. കുടുംബ പ്രേഷിതത്വം, പ്രാര്‍ത്ഥന, ബോധവത്ക്കരണം, ദൈവവിളിയുടെ പ്രോത്സാഹനം എന്നിവയും ലോഫിന്റെ ദൗത്യങ്ങളില്‍ ഉള്‍പ്പെടുന്നു. കല, സംസ്‌കാരം, മാധ്യമങ്ങള്‍, രാഷ്ട്രീയം എന്നീ മേഖലകളുടെ വിശുദ്ധീകരണവും ദൗത്യവിഷയമാക്കിയിരിക്കുന്നു. ക്രിസ്തു പഠിപ്പിച്ച ദാമ്പത്യനിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ലോഫിന്റെ നിയമാവലികള്‍ തയ്യാറാക്കിയിരിക്കുന്നത്.

അംഗത്വം

കത്തോലിക്കാ വിശ്വാസികള്‍ക്ക് മാത്രമേ ലോഫില്‍ അംഗങ്ങളാകാന്‍ സാധിക്കൂ. മാസധ്യാനത്തില്‍ വന്ന് കണ്ട് രൂപതാധ്യക്ഷന് അപേക്ഷ നല്‍കുക എന്നതാണ് ആദ്യപടി. അഞ്ചുവര്‍ഷത്തെ പരിശീലനത്തിന് ശേഷം മാത്രമേ അംഗത്വം ലഭിക്കൂ. ഓരോ വര്‍ഷത്തെയും വാര്‍ഷിക ധ്യാനത്തില്‍ താത്ക്കാലിക വ്രതങ്ങള്‍ എടുത്ത് താത്ക്കാലിക അംഗങ്ങളായി പ്രവര്‍ത്തിക്കണം. അഞ്ചാമത്തെ വര്‍ഷം പൊതുചടങ്ങില്‍ വച്ച് നിത്യവ്രതവാഗ്ദാനം നല്‍കി സ്ഥിരാംഗങ്ങളാക്കി മാറ്റും.

കുടുംബങ്ങളിലൂടെ സമൂഹത്തിന്റെ സുസ്ഥിതിയിലേക്ക് എന്നതാണ് ലോഫിന്റെ പ്രവര്‍ത്തനങ്ങളുടെ ഉള്ളടക്കം. കാരുണ്യവര്‍ഷ സമാപന ആഘോഷങ്ങള്‍ സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ലോഫ് ഇപ്പോള്‍. നവംബര്‍ 20 ന് തൃശൂരില്‍ വച്ച് ജീസസ് യൂത്തിന്റെ പങ്കാളിത്തത്തോടെയാണ് ഈ ഇവന്റ് നടത്താനുദ്ദേശിക്കുന്നത്. ആരാധന നടത്തിയും കരുണയുടെ ജപമാല ചൊല്ലിയും ഈ സംഗമത്തെ കൂടുതല്‍ ദൈവസാന്നിദ്ധ്യമുള്ളതാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് എല്ലാവരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.