കുഞ്ഞുങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കേണ്ട വിധം

ഒരു വ്യക്തിയുടെ ആത്മീയജീവിതത്തിന്റെ അടിത്തറ എന്ന് പറയുന്നത് കുടുംബപ്രാര്‍ത്ഥനയാണ്. കുട്ടിക്കാലം മുതലേ കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ പ്രാര്‍ത്ഥന ഒരു ശീലമായി നല്‍കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.

കുട്ടികള്‍ക്കൊപ്പം എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് പത്ത് വഴികളിലൂടെ ലൈഫ്‌ഡേ പങ്കുവയ്ക്കുന്നു…

1. സമയം കണ്ടെത്തുക

എല്ലാ രാത്രിയിലും കുട്ടികള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കാന്‍ സമയം കണ്ടെത്തുക. അത് കൃത്യമായി എല്ലാ ദിവസവും പാലിക്കാനും ശ്രദ്ധിക്കുക.

2. സ്ഥലം തീരുമാനിക്കുക

പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥലം എപ്പോഴും ബഹളങ്ങളില്‍ നിന്ന് അകന്ന സ്ഥലമായിരിക്കണം. അതിനാല്‍ പ്രാര്‍ത്ഥനയ്ക്കായി ഏറ്റവും ശാന്തവും സുരക്ഷിതവുമായ ഇടം കണ്ടെത്തുക. എല്ലാ ദിവസവും അവിടെത്തന്നെ ഇരുന്ന് പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കുക (എല്ലാ വീടുകളിലും ഒരു പ്രാര്‍ത്ഥനാ മുറി ഉണ്ടായിരിക്കുമല്ലോ. അവിടം തന്നെയാണ് നല്ലത്).

3. പ്രാര്‍ത്ഥന തയ്യാറാക്കുക

ആദ്യം, പ്രാര്‍ത്ഥനയുടെ ലക്ഷ്യമെന്താണെന്ന് കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക. ഉദാഹരണത്തിന്, നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് ദൈവത്തിന് നന്ദി പറയാന്‍ കുട്ടിയോട് പറയുക. സ്വന്തം രീതിയില്‍ പ്രാര്‍ത്ഥിക്കാന്‍ കുഞ്ഞുങ്ങളെ അനുവദിക്കുക. അവരുടെ വാക്കുകളില്‍ അവര്‍ പ്രാര്‍ത്ഥന ആരംഭിക്കട്ടെ.

4. നല്ല ആരംഭം

പ്രാര്‍ത്ഥന എന്നാല്‍ ദൈവവുമായുള്ള ഹൃദയബന്ധത്തിന്റെ തുടക്കമാകണം. ‘എന്റെ ഈശോയെ’ എന്നു വിളിച്ച് അച്ഛന്‍/ അമ്മ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുമ്പോള്‍ അത് കേള്‍ക്കുന്ന കുട്ടി അത് അനുകരിക്കാന്‍ ആരംഭിക്കും. അതൊരു നല്ല തുടക്കമാണ്.

5. പ്രാര്‍ത്ഥനക്ക് മുന്‍കൈയ്യെടുക്കാൻ കുട്ടിക്ക് പ്രോത്സാഹനം നല്‍കുക

പ്രാര്‍ത്ഥനയില്‍ മുന്‍കൈയ്യെടുക്കാന്‍ കുട്ടിയെ അനുവദിക്കുക. സജ്ജമാക്കിയിരിക്കുന്ന സ്ഥലത്ത്, കൃത്യസമയത്ത് പ്രാര്‍ത്ഥന ആരംഭിക്കുക എന്ന ഉത്തരവാദിത്വം അവരെ ഏല്‍പ്പിക്കുക. അതുപോലെ അന്നന്നുള്ള കാര്യങ്ങള്‍ക്ക് ദൈവത്തോട് നന്ദി പറയാനും അവരെ ഓര്‍മ്മിപ്പിക്കുക. മറ്റാരെങ്കിലും പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കായി പ്രാര്‍ത്ഥിക്കാനും കുട്ടികളെ ഓര്‍മ്മിപ്പിക്കുക.

6. ക്ഷമയുള്ളവരായിരിക്കുക

അത്രയും നേരം വിനോദങ്ങളിലേർപ്പെട്ട് പ്രാര്‍ത്ഥനയ്ക്ക് ഇരിക്കുന്ന സമയത്ത് കിടന്നുറങ്ങുന്ന കുഞ്ഞുങ്ങള്‍ ചില കുടുംബങ്ങളിലെയെങ്കിലും സ്ഥിരം കാഴ്ചയാണ്. വഴക്കു പറഞ്ഞും തല്ലിയും ഈ സ്വഭാവം മാറ്റാമെന്നു കരുതേണ്ട. പ്രാര്‍ത്ഥനയില്‍ അവരെ നയിക്കുകയാണ് വേണ്ടത്. കുഞ്ഞുങ്ങളെ പ്രാര്‍ത്ഥനയിലേക്ക് തള്ളിവിടരുത്.

7. സ്‌നേഹിക്കുന്നവരെ നല്‍കിയതിന് ദൈവത്തോട് നന്ദി പറയാന്‍ കുട്ടികളെ പരിശീലിപ്പിക്കുക 

പ്രാര്‍ത്ഥനയുടെ അവസാനം, തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി ദൈവത്തോട് നന്ദി പറയാന്‍ കുട്ടികളോട് ആവശ്യപ്പെടുക. പ്രത്യേകമായി ആരെങ്കിലുമുണ്ടെങ്കില്‍ അവരെ ഓര്‍മ്മിക്കാന്‍ പറയുക.

8. പ്രാര്‍ത്ഥനയുടെ സമാപനം

‘എനിക്ക് നല്ല കുടുംബത്തിനെ നല്‍കിയതിന് നന്ദി ദൈവമേ’ എന്നു പറഞ്ഞ് പ്രാര്‍ത്ഥന അവസാനിപ്പിക്കുക. അപ്പോള്‍ പ്രാര്‍ത്ഥനാസമയം കഴിഞ്ഞു, ഇനി ഉറങ്ങാനുളള സമയമാണ് എന്ന് കുട്ടിക്ക് മനസ്സിലാകും.

9. പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ എഴുതി സൂക്ഷിക്കുക

ഒരു മാസത്തിലെ മുപ്പതു ദിവസം എന്തൊക്കെ കാര്യങ്ങള്‍ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി എന്ന് എഴുതി സൂക്ഷിക്കുക. മാസാവസാനം ഇത് പരിശോധിക്കുമ്പോള്‍ ആത്മീയമായി എത്രമാത്രം വളര്‍ച്ച പ്രാപിച്ചു എന്ന് മനസ്സിലാക്കാന്‍ നമുക്ക് സാധിക്കും. പ്രാര്‍ത്ഥനയില്‍ തന്റെ കുട്ടി സംതൃപ്തനാണോ എന്ന് മാതാപിതാക്കള്‍ക്കും അറിയാൻ സാധിക്കും. പ്രാര്‍ത്ഥനയില്‍ കൂടുതലായി എന്ത് ചെയ്യാന്‍ സാധിക്കും എന്നും വിലയിരുത്താനും അതുവഴി സാധിക്കും.

10. ശാന്തമായി ആസ്വദിച്ച് പ്രാര്‍ത്ഥിക്കുക

പ്രാര്‍ത്ഥന നിങ്ങളുടെ കുട്ടിയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക. പ്രാര്‍ത്ഥന നിങ്ങളുടെ കുടുംബത്തെയും കുഞ്ഞിനെയും ശാന്തമാക്കട്ടെ. എത്ര സമയം പ്രാര്‍ത്ഥിച്ചു എന്നല്ല, എത്ര വാക്കുകള്‍ ഉരുവിട്ടു എന്നതുമല്ല പ്രാര്‍ത്ഥന. നിങ്ങളുടെ കുഞ്ഞ് ദൈവവുമായി എത്രമാത്രം ഹൃദയബന്ധം സ്ഥാപിച്ചു എന്നതാണ് പ്രധാന കാര്യം. അതിനാല്‍ പ്രാര്‍ത്ഥനയില്‍ കുഞ്ഞുങ്ങളോട് ഒന്നിക്കുക; അവര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.