ലത്തീൻ ജൂലൈ 18 മർക്കോ. 6: 30-34 (ഞായർ) കരുണാര്‍ദ്ര ഹൃദയം

“…അവരോട് അവന് അനുകമ്പ തോന്നി” (വാക്യം 34).

‘നല്ല ഇടയൻ’ എന്ന രൂപകം നേതൃത്വ-ശുശ്രൂഷയെ പ്രതിപാദിക്കാൻ വിശുദ്ധ ഗ്രന്ഥം ഉപയോഗിക്കുന്ന ഏറ്റവും ഉത്കൃഷ്ഠമായതാണ്. ഞായറാഴ്‍ച ആരാധനാക്രമം മൂന്ന് ഇടയഗുണങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നു.

1. സമഗ്രത (Integrity): ഇസ്രായേലിന്റെ ചരിത്രത്തിൽ രാജാക്കന്മാർ ജനങ്ങളുടെ സുസ്ഥിതി  ഉറപ്പു വരുത്തുന്ന ‘ഇടയശ്രേഷ്ഠൻ’ (Shepherd King) ആയിരുന്നു. നിരുത്തരവാദിത്വത്തിലൂടെയും സ്വാര്‍ത്ഥതയിലൂടെയും വിഷയാസക്തിയിലൂടെയും മറ്റും തങ്ങളുടെ ഇടയദൗത്യത്തിന്റെ സമഗ്രത നഷ്ടപ്പെടുത്തിയ ഇസ്രായേലിലെ ഇടയരാജാക്കന്മാരെ ജെറമിയ പ്രവാചകൻ വിമർശിക്കുന്നതാണ് ഒന്നാം വായനയുടെ (ജെറ. 21:1-6) പ്രമേയം. ഇടയദൗത്യത്തിന്റെ സമഗ്രത ഇടയൻ അജഗണങ്ങൾക്ക് കൊടുക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും പരിപോഷണത്തിലും സംരക്ഷണത്തിലുമാണ് അടങ്ങിയിരിക്കുന്നത്.

2. സമാധാനം (Peace): ക്രിസ്തുവിന്റെ ഇടയശുശ്രുഷയിലൂടെ സംജാതമായ സമാധാനത്തെപ്പറ്റി രണ്ടാം വായനയിൽ (എഫേ. 2:13-18) പൗലോസ് ശ്ലീഹ ഓർമ്മിപ്പിക്കുന്നു.

3. അനുകമ്പ (Compassion): ഒരു ഇടയന് ആടുകളോട് തോന്നേണ്ട ഏറ്റവും ഉത്കൃഷ്ടമായ വികാരം അനുകമ്പയാണ്. ‘അനുകമ്പ’ (Compassion), ‘ദയ’ (Pity) എന്നിവ തമ്മിൽ ഒരു വ്യതാസം നിർവചിക്കാം. ദുരിതങ്ങളനുഭവിക്കുന്നവരെയും അനാഥരെയും കാണുമ്പോൾ ഉണ്ടാകുന്ന ഒരു വികാരമാണ് ദയ എങ്കിൽ അനുകമ്പ എന്നത് സ്നേഹത്തിന്റെ പ്രത്യക്ഷമായ പ്രവർത്തികളിലേക്ക് മനുഷ്യനെ നയിക്കാൻ ശക്തമായ ഹൃദയചലനമാണ്. അതായത്, ഒരു വികാരത്തിനും അപ്പുറം സഹിക്കുന്നവന്റെ കൂടെ സഹിക്കുന്നതാണ് അനുകമ്പ. നല്ലിടയനായ ക്രിസ്തുവിന്റെ വാക്കുകളും പ്രവർത്തികളായ രോഗശാന്തികൾ, അപ്പം വര്‍ദ്ധിപ്പിക്കൽ, കടങ്ങളുടെ പൊറുതി എന്നിവ അവന്റെ അനുകമ്പാർദ്രമായ ഹൃദയത്തിൽ നിന്നും ഉളവാക്കപ്പെട്ടതായിരുന്നു.

ഇടയ-നേതൃത്വ ശുശ്രൂഷയുടെ വേദി (രക്ഷകർതൃത്വം, പൗരോഹിത്യം, രാജത്വം, അദ്ധ്യാപനം, ഭരണകർതൃത്വം) എന്തു തന്നെ ആയാലും സമഗ്രത ആകട്ടെ വ്യക്തിത്വം, സമാധാനം ആകട്ടെ ദൗത്യം അനുകമ്പ ആകട്ടെ വികാരം! ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.