ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: മെയ് 21

ഫുട്ബോളിന്റെ അന്താരാഷ്ട്ര അസോസിയേഷനായ ഫിഫ സ്ഥാപിതമായത് 1904 മെയ് 21 നാണ്. ദേശീയ ഫുട്ബോൾ അസോസിയേഷനുകളെ ഏകോപിപ്പിക്കുക, രാജ്യങ്ങൾക്കിടയിലും കളിക്കാർക്കിടയിലും സൗഹൃദങ്ങൾ നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഫിഫ സ്ഥാപിതമായത്. ബെൽജിയം, ഡെൻമാർക്ക്, ഫ്രാൻസ്, നെതർലാൻഡ്സ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലന്റ് എന്നീ ഏഴു രാജ്യങ്ങളായിരുന്നു ആദ്യ അംഗങ്ങൾ. ഇപ്പോൾ 209 അംഗങ്ങളുള്ള ഫിഫയുടെ ആസ്ഥാനം സ്വിറ്റ്സർലന്റിലാണ്. ഫുട്ബോൾ ലോകകപ്പ് നടക്കുന്നത് ഫിഫയുടെ നേതൃത്വത്തിലാണ്.

1991 മെയ് 21 നാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വധിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലെത്തിയതായിരുന്നു അദ്ദേഹം. എൽ ടി ടി യുടെ ശക്തമായ ഭീഷണി നിലനിന്നിരുന്നതിനാൽ സന്ധ്യയ്ക്കുശേഷം തമിഴ്നാട്ടിൽ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പ്രചാരണത്തിരക്കിനിടയിൽ പലപ്പോഴും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാൻ കഴിഞ്ഞിരുന്നില്ല. എട്ടരയ്ക്ക് മദ്രാസിലെത്തിയ അദ്ദേഹം പൂനമല്ലിയിലെ ആദ്യ യോഗം കഴിഞ്ഞാണ് ശ്രീപെരുമ്പത്തൂരിലെത്തിയത്. ജനങ്ങൾക്കിടയിലൂടെ നടന്ന് സ്റ്റേജിനെ സമീപിക്കുമ്പോഴാണ് ചന്ദനമാലയുമായി മുന്നോട്ടുവന്ന യുവതി മനുഷ്യബോംബായി പൊട്ടിത്തെറിച്ചത്. രാജീവ് ഗാന്ധിയുൾപ്പെടെ 14 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.

1994 മെയ് 21 നാണ് ആദ്യമായി ഒരു ഇന്ത്യക്കാരി വിശ്വസുന്ദരിപട്ടം നേടിയത്. സുസ്മിത സെൻ ആയിരുന്നു അത്. ഫിലിപ്പീൻസിലെ മനിലയിൽവച്ചു നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിലാണ് സുസ്മിത വിജയിയായത്. 1994 ൽ തന്നെ നടന്ന ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി സുസ്മിത, മിസ് ഇന്ത്യ കിരീടം നേടിയിരുന്നു. ഇതേ വർഷം തന്നെ മിസ്സ് ഇന്ത്യ ഫസ്റ്റ് റണ്ണറപ്പായ ഐശ്വര്യ റായ് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുകയും വിജയിയാകുകയും ചെയ്തു. വിശ്വസുന്ദരി, ലോകസുന്ദരി എന്നീ രണ്ടുപദവികൾ ഒരുമിച്ച് ഇന്ത്യയിലെത്തുന്നത് ആദ്യമായിരുന്നു.

തയ്യാറാക്കിയത്: സുനിഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.