ലത്തീൻ ഒക്‌ടോബർ 01 ലൂക്കാ 10: 13-16 അത്ഭുതങ്ങളും അനുതാപവും

“…അവ എത്രയോ പണ്ടേ ചാക്കുടുത്ത് ചാരം പൂശി അനുതപിക്കുമായിരുന്നു”(വാക്യം 13).

ഗലീലി കടൽത്തീരത്തുള്ള കോറസിൻ, കഫർണാം, ബെത്‌സൈദാ എന്നീ പട്ടണങ്ങളെ യേശു ശാസിക്കുന്നത് അവർ യേശുവിനെ തിരസ്കരിച്ചതുകൊണ്ടല്ല, അവൻ പ്രവർത്തിച്ച അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും അർത്ഥം മനസിലാക്കി പ്രതികരിക്കാത്തതു കൊണ്ടാണ്.

യേശു പ്രവർത്തിച്ച അത്ഭുതങ്ങളുടെ യഥാർത്ഥ ലക്ഷ്യം, അത് കാണുന്നവരുടെയും അനുഭവിക്കുന്നവരുടെയും ഹൃദയപരിവർത്തനവും അനുതാപവുമായിരുന്നു എങ്കിൽ അവരിൽ ജനിച്ചത് അബദ്ധമായ ഔദ്ധത്യത്തിന്റെ പാപമാണ് (Sin of False Presumption). അയോഗ്യതയിൽ നിന്നും ജനിക്കുന്ന അനുതാപത്തിനു പകരം തങ്ങൾ ദൈവാനുഗ്രഹങ്ങൾക്ക് വിശേഷാവകാശമുള്ള ജനതയാണ് എന്ന അബദ്ധമായ ഔദ്ധത്യബോധത്തിൽ നിന്നും ഉത്ഭവിക്കുന്ന സ്വയം നീതികരണബോധമാണ് അവരിൽ ജനിച്ചത്.

യേശുവിന്റെ ശാസനകൾ വെറുപ്പിന്റെയോ അമര്‍ഷത്തിന്റേയോ അല്ല, നിരാശ കൊണ്ട് സാഹസികമായ ഒരു സ്നേഹത്തിന്റെ (Desperate Love) പ്രകാശനമാണ്. അനുഗ്രഹങ്ങളും സമൃദ്ധിയും എന്നിൽ ജനിപ്പിക്കേണ്ടത് അഹങ്കാരത്തിന്റെ ചിന്തകളല്ല, അയോഗ്യതയുടെയും  അനുതാപത്തിന്റേതുമാണ്! ആമ്മേൻ.

+ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.