
ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരെ,
ഈ ഭൂമിയിലെ തന്റെ ദൗത്യത്തിന്റെ പൂര്‍ത്തീകരണ സമയമായെന്ന തിരിച്ചറിവില്‍ സംസാരിക്കുന്ന ഈശോയെയാണ് ഇന്നത്തെ സുവിശേഷഭാഗത്ത് നാം കാണുന്നത്. സ്‌നേഹത്തിന്റെ പുതിയ പ്രമാണം സ്ഥാപിച്ച് തന്റെ പാടുപീഡകള്‍ മുന്നില്‍ കണ്ട പ്രിയശിഷ്യരില്‍ ഒരുവനായ പത്രോസ് തന്നെ തള്ളിപ്പറയുമെന്നു പ്രവചിച്ച പശ്ചാ ത്തലത്തിലാണ് ഈ വചനഭാഗത്തിന്റെ അടിസ്ഥാനം. ”നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍” എന്ന് പറഞ്ഞുകൊണ്ടാണ് ഈ വചനഭാഗത്തിന്റെ ആരംഭം.
ദൈവത്തില്‍ വിശ്വസിക്കുവിന്‍ എന്നുപറയുമ്പോള്‍, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കില്ല എന്ന യോഹന്നാന്റെ ഭാഷ്യത്തോട് ചേര്‍ത്തുവായിക്കണം. കാണപ്പെടുന്ന ദൈവപുത്രനും മിശിഹായുമായ എന്നില്‍ വിശ്വസിക്കുവിന്‍. അങ്ങനെ സ്വര്‍ഗത്തെ ലക്ഷ്യമാക്കി ജീവിക്കണമെന്ന് ക്രിസ്തുപറയാതെ പറഞ്ഞുവയ്ക്കുന്നുണ്ട്. നമ്മള്‍ ലക്ഷ്യം വയ്ക്കുന്നത് നമ്മുടെ സ്വന്തമാകും. സ്വര്‍ഗത്തെ ലക്ഷ്യമാക്കി നമ്മള്‍ ജീവിക്കണം. അങ്ങനെ പ്രത്യാശയില്‍ സ്വര്‍ഗോമുഖമായി ജീവിക്കേണ്ടതിന് തോമസിനെപ്പോലെ നമ്മുടെ നിഷ്‌കളങ്കമായ പരിദേവനങ്ങളും ഫിലിപ്പോസിന്റെ പോലുള്ള സംശയങ്ങളും അവനു മുന്നില്‍ തുറന്നുവയ്ക്കാന്‍ നമുക്കാകണം.
നദിക്കരയില്‍ ധ്യാനിച്ചുകൊണ്ടിരുന്ന ഗുരുവിന്റെ പക്കല്‍ ഒരു യുവാവ് വന്നു ചോദിക്കുന്നു: ”ഗുരു, എന്നെ രക്ഷയിലേക്കു നയിക്കുക.” അവനെ നോക്കി മന്ദഹസിച്ചുകൊണ്ട് ഗുരു പറഞ്ഞു: ”നടക്കുക.” അവര്‍ നടക്കാന്‍ തുടങ്ങി. കുറച്ചുനേരത്തെ യാത്രയ്ക്കുശേഷം തന്റെ തോളിലുള്ള ഭാണ്ഡത്തിന്റെ ഭാരം നിമിത്തം നടക്കാനാവാത്ത യുവാവ് ഗുരുവിനെ നോക്കി. അയാള്‍ ഭാണ്ഡം ഉപേക്ഷിച്ചുകൊണ്ട് ഗുരുവിനെ അനുഗമിച്ചു. കുറച്ചു ദൂരത്തിനുശേഷം പൊട്ടിയ ചെരുപ്പുകളും പിന്നിലുപേക്ഷിച്ച് അയാള്‍ ഗുരുവിന്റെ പിന്നാലെ നടക്കാന്‍ തുടങ്ങി. അങ്ങനെ ദിവസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ഗുരുവും യുവാവും തിരിച്ചെത്തി. ആ നദിക്കരയില്‍വച്ച് തിരികെ ധ്യാനത്തില്‍ പ്രവേശിക്കാനൊരുങ്ങിയ ഗുരുവിനോട് യുവാവ് ചോദിക്കുന്നു: ”ഗുരു, എന്നെ രക്ഷയിലേക്കു നയിച്ചാലും.” ഗുരു പറഞ്ഞു: ”നിന്റെ രക്ഷാമാര്‍ഗങ്ങളെ നീ തന്നെ കണ്ടെത്തണം. എനിക്ക് അതിനൊരു ഉപകരണമാകാനേ കഴിയൂ.” ഇവിടെയാണ് ക്രിസ്തു എന്ന ഗുരു വ്യത്യസ്തനാകുന്നത് അവന്‍ വഴി കാണിക്കുന്നതിനു പകരം വഴിയായിത്തീരുന്നു. വഴിയില്‍ ഇരുവശങ്ങളിലും നാം ക്രിസ്തുവിനെ കണ്ടുമുട്ടിയേക്കാം. പിന്നിലേക്കു തിരിഞ്ഞു നോക്കുമ്പോഴും ക്രിസ്തുസാന്നിധ്യത്തെ നാം തിരിച്ചറിഞ്ഞേക്കാം. എന്നാല്‍ സ്വന്തം പാദങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ അവനെ കണ്ടെത്താനാകുന്നില്ലെങ്കില്‍ നമുക്ക് വഴി തെറ്റിപ്പോയിരിക്കുന്നു.
‘എന്നിലൂടെ’ എന്നൊരു പ്രയോഗമുണ്ട്. ക്രിസ്തുവിലൂടെ, ഒരാളിലൂടെ അല്ലെങ്കില്‍ എന്തെങ്കിലും ഒന്നിലൂടെ ഒരാള്‍ക്ക് കടക്കണമെങ്കില്‍ അയാള്‍ അതിലേക്ക് പൂര്‍ണ്ണമായും ഇറങ്ങിയേ തീരൂ. ക്രിസ്തുവിലേക്ക് ഇറങ്ങാത്തവര്‍ക്ക് അവന്റെ രാജ്യത്തില്‍ അവകാശമുണ്ടായിരിക്കുകയില്ല. നിങ്ങള്‍ തുഴയാന്‍ തയ്യാറാണെങ്കില്‍ ദൈവത്തിന്റെ ഹൃദയത്തില്‍ സമുദ്രങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുമെന്ന് ലൂയിസ് ഫിലിയോണ്‍ എന്ന കവി പറയുന്നുണ്ട്. അവന്റെ വഴിയെ എന്ന പ്രയോഗത്തിലുപരി അവനിലൂടെ ചരിക്കുക, അതുവഴി ജീവന്‍ പ്രാപിക്കുക എന്നു സാരം.
ഇന്നത്തെ വചനഭാഗം പറഞ്ഞുവയ്ക്കുന്ന മറ്റൊരു കാര്യം കാഴ്ചയെക്കുറിച്ചാണ്. എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. ഈ കാഴ്ചയ്ക്ക് തിരിച്ചറിവിന്റെ തലമുണ്ട്. തിരിച്ചറിവിന്റെ തലം വെറും ഇന്ദ്രിയസുഖം മാത്രമായി പോകുന്നതാണ് ഇന്നിന്റെ പരാജയം. കാഴ്ചയില്‍ സഹോദരങ്ങളെ, സുഹൃത്തുക്കളെ, ദൈവത്തെ തന്നെ കണ്ടെത്താത്തവര്‍ അന്ധരാണ്. പഴയ നിയമത്തില്‍ ഒന്നാം സാമുവേലിന്റെ പുസ്തകം പതിനാറാം അധ്യായത്തില്‍, ഭാവിരാജാവിനെ തിരഞ്ഞെടുക്കാന്‍ കുഴലില്‍ തൈലം നിറച്ചു പുറപ്പെടുന്ന സാമുവേലിനെ കാണാം. ആവശ്യം പറയുമ്പോള്‍ തന്റെ മക്കളില്‍ കുലീനനായ ഏലിയാവിനെ ജസ്സെ സാമുവേലിനു മുന്നില്‍ അയയ്ക്കുന്നു (1 സാമു. 16:6). കര്‍ത്താവ് തിരഞ്ഞെടുത്ത അഭിഷിക്തനാണ് തന്റെ മുന്നില്‍ നില്‍ക്കു ന്നതെന്ന് സാമുവേലിനു തോന്നി. എന്നാല്‍ കര്‍ത്താവ് പറയുന്നു: ”മനുഷ്യര്‍ ബാഹ്യ രൂപത്തില്‍ ശ്രദ്ധിക്കുന്നു. എന്നാല്‍ കര്‍ത്താവായ ഞാനാകട്ടെ ഹൃദയഭാവത്തിലും.” അങ്ങനെയാണ് ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയ ദാവീദിനെ ദൈവം തിരഞ്ഞെടുക്കുന്നത്. പുത്രനായ ദൈവത്തില്‍ പിതാവിന്റെ മഹത്വം ദര്‍ശിക്കാന്‍ നമുക്കാകണം. ഇപ്രകാരം കാഴ്ചയെ തിരിച്ചറിവിലേക്കു നയിച്ച്, വഴിയാകുന്ന ദൈവത്തിലൂടെ ചരിച്ച് അവനോടൊന്നാകാന്‍ വചനഭാഗം ആഹ്വാനം ചെയ്യുകയാണ്.
ഖലീല്‍ ജിബ്രാന്‍ ‘മണലും പാതയും’ എന്ന തന്റെ പുസ്തകത്തില്‍ എഴുതും, ”ഒരിക്കല്‍ ക്രൂശിലേറ്റപ്പെട്ട നീ എന്റെ ഹൃദയത്തില്‍ ക്രൂശിലേറ്റെപ്പെട്ടിരിക്കുന്നു. നിന്റെ കൈകളില്‍ കുത്തിയിറങ്ങിയ ആണികള്‍ എന്റെ ഹൃദയത്തില്‍ കുത്തിയിറങ്ങുന്നു. നാളെ ഒരു അപരിചിതന്‍ ഈ ഗോല്‍ഗോഥായിലൂടെ കടന്നുപോകുമ്പോള്‍ രണ്ടുപേര്‍ ഇവിടെ രക്തം വീഴ്ത്തിയെന്ന് അറിയില്ല. ഒരാളുടെ രക്തമാണെന്നെ കരുതൂ.”
ഇപ്രകാരം അവനോട് ഒന്നായിത്തീരാനും അവനാകുന്ന പാതയിലൂടെ നടക്കാനും അപ്രകാരം സ്വര്‍ഗം അവകാശപ്പെടുത്താനും സര്‍വശക്തനായ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ബ്രദര്‍ ജിജോ കൊല്ലമന MCBS