യുവജനങ്ങൾക്ക് സ്വന്തം വീടിന് സമാനമായിരിക്കണം, സഭ: മാർപാപ്പ

സ്വാതന്ത്രത്തോടെ കടന്നുവരാനും അഭയം പ്രാപിക്കാനും കഴിയുന്ന സ്വന്തം വീടെന്ന രീതിയിലാണ് യുവജനങ്ങൾക്കു മുന്നിൽ സഭ ആയിരിക്കേണ്ടതെന്ന് മാർപാപ്പ. യുവജന സിനഡിൽ സംസാരിക്കവെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

സുവിശേഷത്തിന്റെ ഉപകരണങ്ങളായി മാത്രം അവശേഷിക്കാതെ അവയുടെ വക്താക്കളായി മാറാൻ യുവജനങ്ങൾ തയ്യാറാവുകയും ബന്ധപ്പെട്ടവർ അവരെ അതിന് സഹായിക്കുകയും വേണം.

സഭ, സ്വന്തം ഭവനവും അമ്മയും

കാരുണ്യത്തോടെ നമ്മുടെ വാക്കുകൾ ശ്രവിക്കുന്ന, ശബ്ദമില്ലാത്തവരുടെ ശബ്ദമാവുന്ന, ഒരമ്മയ്ക്ക് സമാനമാണ് തിരുസഭയും. ഉപേക്ഷിക്കപ്പെട്ട കല്ലിനെ മൂലക്കല്ലാക്കുന്ന സഭ.

പല നാടുകളിലെയും ഉപഭോഗസംസ്കാരം ആ നാട്ടിലെ യുവജനങ്ങളുടെ ഉത്സാഹത്തെ കെടുത്തുന്നതായി ശ്രദ്ധയിൽ പെടുന്നുണ്ട്. വിശ്വാസമോ സ്വപ്നങ്ങളോ ഇല്ലാതെ അവർ നീങ്ങുകയാണ്. ഈ സാഹചര്യത്തിന് മാറ്റമുണ്ടാകാൻ ധൈര്യപൂർവം സഭ ഇടപെടണം. ഓരോ നാട്ടിലെയും യുവജനങ്ങളുടെ രീതിയ്ക്കനുസരിച്ച് അവരുമായി ഇടപെടണം.

സഭയുടെ പ്രേഷിതത്വത്തിന്റെ ഹൃദയമാണ് യുവജനങ്ങൾ. എങ്കിലും ആത്മീയമായ ഒരു നവീകരണം അവരിൽ ആവശ്യവുമാണ്. അതുപോലെ തന്നെ ആരാധനാ രീതികളിലും വേദപാഠത്തിലും കാലാനുസൃതമായ മാറ്റവും അനിവാര്യമാണ്. പ്രാർത്ഥനയുടെ പ്രാധാന്യം യുവജനതയെ മനസിലാക്കാനും അത് ആവശ്യമാണ്. സഭയ്ക്ക് മുതൽക്കൂട്ടുകളായി വർത്തിക്കുന്ന കാര്യത്തിൽ വിശുദ്ധരെ മാതൃകയാക്കണമെന്നും സിനഡിൽ വിലയിരുത്തലുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.