കോവിഡ് രോഗികളെ ശുശ്രൂഷിച്ചിരുന്ന യുവ വൈദികൻ ഇനി കണ്ണീരോർമ്മ

വടക്കൻ പെറുവിലെ ആശുപത്രികളിൽ കോവിഡ് രോഗികളെ ശുശ്രൂഷിച്ചും അവർക്ക് ചികിത്സ നൽകിക്കൊണ്ടും ഓടി നടന്നിരുന്ന ഒരു യുവ വൈദികനുണ്ട്. 34 വയസുകാരനായ ഫാ. ഡെർഗി ഫാസുണ്ടോ. ഏപ്രിൽ -16 പുലർച്ചെ അഞ്ചു മണിയോടെ ആ ഓട്ടം നിലച്ചു. കോവിഡ് രോഗം പിടിപെട്ട് അദ്ദേഹം ഒടുവിൽ മരണത്തിന് കീഴടങ്ങി.

കോവിഡ് പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ ഒന്നാണ് പെറു. കോവിഡ് രോഗികൾക്കായി രോഗീലേപനം, അനുരഞ്ജന കൂദാശ, മരണാസന്നർക്ക് വിശുദ്ധ കുർബാന നൽകൽ എന്നിങ്ങനെയുള്ള ആത്മീയ ശുശ്രൂഷകൾ അദ്ദേഹം നിർവഹിച്ചിരുന്നു. വിവിധ ആശുപത്രികളിലേക്കും വീട്ടിൽ താമസിക്കുന്ന രോഗികൾക്കും മെഡിക്കൽ ഓക്സിജൻ ബലൂണുകൾ എത്തിക്കുവാനും അദ്ദേഹം മുൻനിരയിൽ തന്നെയുണ്ടായിരുന്നു. അദ്ദേഹം നിരവധി ആരോഗ്യകേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു.

1987 ഫെബ്രുവരി 18 -ന് ഹുവാൻകബാംബയിലെ പിയൂറ പ്രവിശ്യയിലെ ക്വിസ്പാംപയിലെ ഒരു ഗ്രാമീണ കുടുംബത്തിലാണ് ഫാ. ഡെർഗി ജനിച്ചത്. പതിനാറാമത്തെ വയസ്സിൽ പിയൂറ അതിരൂപതയിലെ സാൻ ജുവാൻ മരിയ വിയാനി സെമിനാരിയിൽ പ്രവേശിച്ച അദ്ദേഹം അവിടെ തത്ത്വശാസ്ത്രം പഠിച്ചു. പിന്നീട്,  കാലാവോ രൂപതയുടെ ഹാർട്ട് ഓഫ് ക്രൈസ്റ്റ് സെമിനാരിയിൽ ദൈവശാസ്ത്രം പഠിച്ചു. 26-ാം വയസ്സിൽ ഡീക്കനായി നിയമിതനായ അദ്ദേഹം 2014 -ൽ വൈദികനായി. പിന്നീട് വിവിധ ഇടവകകളിൽ സേവനം അനുഷ്ടിച്ചു.

ക്രിസ്തുവിനോടും സഭയോടും സഹോദരങ്ങളോടും ഉള്ള സ്നേഹത്തിന്റെ വലിയ മാതൃക ആയിരുന്നു ഫാ.  ഡെർഗി. അദ്ദേഹത്തിന്റെ സാന്നിധ്യം അനേകർക്ക് ക്രിസ്തുവിന്റെ സാമിപ്യമായിരുന്നുവെന്നും പീയൂറ അതിരൂപതയുടെ കുറിപ്പ് സൂചിപ്പിക്കുന്നു.

പെറുവിലെ ആരോഗ്യ വ്യവസ്ഥയെ തന്നെ ഈ പകർച്ചവ്യാധി തകർത്തു. തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) കിടക്കയ്ക്കായി രണ്ടായിരത്തിലധികം ആളുകൾ വെയിറ്റിംഗ് ലിസ്റ്റിലുണ്ടെന്നും ഓക്സിജന്റെ ഉപയോഗവും ആവശ്യകതയും വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും കണക്കാക്കപ്പെടുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തൊട്ടാകെയുള്ള കേസുകൾ 1,681,063 ആണ്. ആകെ 56,149 മരണങ്ങൾ. നിലവിൽ, വാക്സിൻ ലഭിച്ച വെറും അരലക്ഷത്തിലധികം ആളുകൾ ഉണ്ട്, അവരിൽ ഭൂരിഭാഗവും പ്രായമായവരാണ്. കോവിഡ് പകർച്ചവ്യാധി മൂലം പിയൂറ, ടുംബ്സ് അതിരൂപതയിൽ ഇതിനോടകം നാല് വൈദികർ മരണമടഞ്ഞു. മറ്റ് നിരവധിപ്പേർ കോവിഡ് രോഗബാധിതരാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.