കവർച്ചാശ്രമം തടയുന്നതിനിടെ വെനസ്വേലയിൽ യുവവൈദികൻ കൊല്ലപ്പെട്ടു

വെനസ്വേലയിലെ സാൻ കാർലോസ് നഗരത്തിൽ 39 കാരനായ വൈദികനെ കവർച്ചാശ്രമം തടയുന്നതിനിടെ മോഷ്ടാക്കൾ വെടിവെച്ച് കൊലപ്പെടുത്തി. ഫാ. ജോസ് മാനുവൽ ഡി ജീസസ് ഫെറെയിറ എന്ന വൈദികനാണ് ഇടവകക്കാരനായ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. ഫാ. ജോസ്, സേക്രഡ് ഹാർട്ട് ഓഫ് ജീസസ് (ഡെഹോണിയൻ) സഭയിലെ അംഗവും കോജെഡിസ് സംസ്ഥാനത്തെ സാൻ കാർലോസ് രൂപതയിലെ ഇടവക വികാരിയുമായിരുന്നു.

പള്ളിമുറിയുടെ സമീപം ഇടവകക്കാരുമായി സംസാരിച്ചു നിൽക്കുന്നതിനിടയിലാണ് ആയുധധാരികളായ ഒരുപറ്റം ആൾക്കാർ വന്ന് അവരെ കീഴ്‌പ്പെടുത്തി വീട് കൊള്ളയടിച്ചത്. ആയുധ ധാരികളിൽ ഒരാൾ ഇടവകക്കാരിൽ ഒരാളെ തടഞ്ഞുവെയ്ക്കുകയും ആ വ്യക്തിയെ സഹായിക്കാൻ മുന്നോട്ട് വന്ന ഫാ. ജോസിന് നേരെ അക്രമികൾ വെടിയുതിർക്കുകയുമായിരുന്നു. നെഞ്ചിലാണ് വെടിയേറ്റതെന്ന് സാൻ കാർലോസ് രൂപത അധികൃതർ പറഞ്ഞു.

“ഈ സംഭവത്തിൽ നമുക്ക് അതിയായ വേദനയുണ്ട്. എന്നാൽ എല്ലാറ്റിനുമുപരിയായി നാം കർത്താവിൽ ആശ്രയിക്കുന്നു, കാരണം അവനിൽ നിന്ന് നാം വരുന്നു, അവനിലേക്കാണ് നാം പോകുന്നത്. ഈ നിമിഷങ്ങളിൽ ദൈവത്തിലുള്ള വിശ്വാസമാണ് നമ്മെ ശക്തിപ്പെടുത്തേണ്ടത്” -സാൻ കാർലോസിലെ ബിഷപ്പ് പോളിറ്റോ റോഡ്രിഗസ് പറഞ്ഞു.

ഇടവക ജനങ്ങളെ മരണം വരെ സേവിച്ച ഈ മിഷനറി വൈദികൻ, ദിവ്യകാരുണ്യത്തോട് അതീവ ഭക്തിയുള്ള ഒരാളായിരുന്നു. 39 -കാരനായ ഈ യുവ വൈദികൻ ഒരു അക്രമത്തിന്റെ ഇരയായിത്തീർന്ന് കൊല്ലപ്പെട്ടതിൽ വളരെയധികം വേദനയുണ്ട്. ലോകത്തിലെ ഏറ്റവും മോശമായ നരഹത്യാ നിരക്കുകളിലൊന്നാണ് വെനസ്വേലയിൽ അനുഭവിക്കുന്നതെന്ന് കോൺഗ്രിഗേഷന്റെ വെബ്‌സൈറ്റിൽ പറയുന്നു.

ഫാ. ജോസ് 1980 നവംബർ 25 -ന് കാരക്കാസിലെ പോർച്ചുഗീസ് കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകനായി ജനിച്ചു. നാല് സഹോദരങ്ങളിൽ മൂന്നാമനായിരുന്നു അദ്ദേഹം. വെനസ്വേലയിലെ അസ്ഥിരമായ സാഹചര്യം കാരണം, അമ്മയ്ക്ക് പോർച്ചുഗലിലെ മഡെയ്‌റയിലേക്ക് മടങ്ങേണ്ടിവന്നു. 2009 ഡിസംബർ 19 -നാണ് അദ്ദേഹം വൈദികനായത്.

മരിയാരയിലെ ന്യൂസ്ട്രാ സിയോറ ഡെൽ കാർമെൻ ഇടവകയുടെ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. തൻ്റെ ഇടവക പ്രവർത്തനങ്ങളിൽ ചുരുങ്ങിയ കാലംകൊണ്ട് വളരെ തീക്ഷ്ണവാനായി പ്രവർത്തിച്ച ആളാണ് ഈ യുവവൈദികൻ. മാന്യവും ശാന്തവുമായ സ്വഭാവം അദ്ദേഹത്തെ ഇടവക ജനങ്ങളുടെ പ്രിയപ്പെട്ട വൈദികനാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.