മെഡ്ജുഗോറിയാ നാഥയുടെ തിരുസന്നിധിയില്‍ കത്തോലിക്കാ യുവത

ലോകമെമ്പാടുമുള്ള വിശിഷ്യാ, യൂറോപ്പില്‍ നിന്നുള്ള കത്തോലിക്കാ യുവജനങ്ങളുടെ സംഗമമായ ‘മെഡ്ജുഗോറെ ഇന്റര്‍നാഷണല്‍ യൂത്ത് ഫെസ്റ്റിവെല്‍ ‘മ്ളാഡിഫെസ്റ്റി’ന്റെ 32 -ാമത് എഡിഷന് ഓഗസ്റ്റ് ഒന്നിന് തുടക്കമായി. ആരാധനക്രമ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള തിരുസംഘത്തിന്റെ മുന്‍ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയായിരുന്നു സമ്മേളനത്തിന്റെ ആരംഭം.

‘നിത്യജീവന്‍ സ്വന്തമാക്കാന്‍ ഞാന്‍ എന്തു നന്മ ചെയ്യണം’ എന്നതാണ് ആഗസ്റ്റ് ആറു വരെ നീണ്ടുനില്‍ക്കുന്ന സംഗമത്തിന്റെ ആപ്തവാക്യം. ശ്രദ്ധേയമായ കത്തോലിക്കാ സാക്ഷ്യങ്ങള്‍ക്കും ആത്മീയാനന്തം സമ്മാനിക്കുന്ന സ്തുതി ആരാധനകള്‍ക്കും വരുംദിനങ്ങള്‍ മരിയന്‍ തീര്‍ത്ഥാടന നഗരം വേദിയാകും. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന, തീര്‍ത്ഥാടനകേന്ദ്രത്തിന്റെ അപ്പസ്തോലിക വിസിറ്റേറ്റര്‍ ആര്‍ച്ച്ബിഷപ്പ് ഹെന്റിക് ഹോസറിനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടാകും.

ലോക യുവജനസംഗമം കഴിഞ്ഞാല്‍ തുടര്‍ച്ചയായി സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ കത്തോലിക്കാ യുവജനസംഗമങ്ങളില്‍ ഒന്നാണ് ‘മ്ളാഡിഫെസ്റ്റ്.’ ഫ്രാന്‍സിസ്‌ക്കന്‍ സഭാംഗങ്ങളായ ഫാ. സ്ളാവ്കോ ബാര്‍ബറിക്, ഫാ. ടൊമിസ്ലാവ് വ്ളാസിക് എന്നിവര്‍ 1989 -ല്‍ തുടക്കം കുറിച്ച യുവജനക്കൂട്ടായ്മ അരലക്ഷത്തില്‍പ്പരം പേര്‍ പങ്കെടുക്കുന്ന മഹാസംഗമമാണിപ്പോള്‍.

1981 -ല്‍ പ്രദേശവാസികളായ ആറ് കുട്ടികള്‍ക്ക് മാതാവ് ദര്‍ശനം നല്‍കിയതു മുതലാണ് യൂറോപ്പ്യന്‍ രാജ്യമായ ബോസ്നിയയിലെ മെഡ്ജുഗോറിയയുടെ ഖ്യാതി ലോകമെങ്ങും വ്യാപിച്ചത്. അവരിലൂടെ മനുഷ്യരാശിക്കായി പരിശുദ്ധ ദൈവമാതാവ് ഇന്നും സന്ദേശങ്ങള്‍ നല്‍കുന്നുവെന്നാണ് പറയപ്പെടുന്നത്. ഓരോ വര്‍ഷവും 3.5 ദശലക്ഷം തീര്‍ത്ഥാടകരാണ് ഇവിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാനെത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.