മൂന്നു മക്കളുടെ അമ്മയായ യുവതി വിശുദ്ധരുടെ ഗണത്തിലേക്ക്

ഇറ്റാലിയന്‍ യുവതിയും മൂന്നു മക്കളുടെ അമ്മയുമായിരുന്ന മരിയ ക്രിസ്റ്റീന സെല്ല മോസെലിന്റെ വീരോചിത പുണ്യജീവിതത്തിന് മാര്‍പാപ്പായുടെ അംഗീകാരം ലഭിച്ചു. ഇതോടെ വിശുദ്ധരുടെ ഗണത്തിലേക്കുള്ള ഇവരുടെ യാത്ര അടുത്ത ഘട്ടത്തിലേയ്ക്കും കടന്നിരിക്കുകയാണ്.

വി. ജിയാന്ന മോള്ള ബറേത്തയുടെ ജീവിതവുമായി ബന്ധമുള്ളതായിരുന്നു മരിയ ക്രിസ്റ്റീന സെല്ലയുടേതും. 1969 ആഗസ്റ്റ് 18 -ന് മിലാനിലാണ് അവര്‍ ജനിച്ചത്. ആദ്യം സന്യാസിനിയാകാന്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്തിരുന്നെങ്കിലും പതിനാറാം വയസില്‍ കാര്‍ലോ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്തതോടെ മരിയ ക്രിസ്റ്റീന സെല്ല, വിവാഹജീവിതത്തിലേയ്ക്കാണ് താന്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് മനസിലാക്കി.

പതിനെട്ടാം വയസില്‍ ഇടതുകാലിനുണ്ടായ സാര്‍ക്കോമാ എന്ന അസുഖത്തെ വകവയ്ക്കാതെ അവള്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും 1991 -ല്‍ കാര്‍ലോയെ വിവാഹം ചെയ്യുകയും ചെയ്തു. മൂന്നാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ച സമയത്ത് അവളുടെ അസുഖം തീവ്രമായി. എങ്കിലും കുഞ്ഞിനെ നശിപ്പിക്കാതെ അവള്‍ ചികിത്സ തുടര്‍ന്നു. റിച്ചാര്‍ഡോ എന്ന തന്റെ മൂന്നാമത്തെ കുട്ടിക്ക് പിന്നീടൊരിക്കല്‍ അയച്ച കത്തില്‍ അന്നത്തെ അവസ്ഥയെക്കുറിച്ച് മരിയ ക്രിസ്റ്റീന സെല്ല വിവരിച്ചതിങ്ങനെ…

“നിന്നെ നഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ കിണഞ്ഞു പരിശ്രമിച്ചു. റിച്ചാര്‍ഡോ, നീ ഞങ്ങള്‍ക്ക് നല്‍കപ്പെട്ട സമ്മാനമാണ്. പലപ്പോഴും ഉദരത്തില്‍ നിന്ന് നീ എന്നോട് പറയുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്, അമ്മേ എന്നെ ഇത്രമേല്‍ സ്‌നേഹിക്കുന്നതിന് നന്ദി എന്ന്.

എങ്ങനെയാണ് ഞങ്ങള്‍ക്ക് നിന്നെ സ്‌നേഹിക്കാതിരിക്കാനാവുക? നീ അമൂല്യമാണ്. നിന്റെ കണ്ണുകളിലേക്കു നോക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട്, മക്കള്‍ക്കു വേണ്ടി സഹിക്കുന്നതൊന്നും വെറുതെയാവില്ല എന്ന്.”

26 ാം വയസില്‍ കാന്‍സര്‍ ബാധിച്ചായിരുന്നു മരിയ ക്രിസ്റ്റീന സെല്ലയുടെ മരണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.