നിങ്ങള്‍ എന്നില്‍ നിന്നു പഠിക്കുവിന്‍

ഒരു വ്യക്തിക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം അത് തന്റെ ഹൃദയമാണ്. ഹൃദയമില്ലാത്തവന്‍ മരിച്ചവനു തുല്യനാകുന്നു. നമ്മുടെ ഉള്ളിന്റെയുള്ളില്‍ എന്നും ജീവിക്കുന്നവനായ ഈശോ തന്റെ ഹൃദയം കാണിച്ചുകൊണ്ട് ക്ഷണിക്കുകയാണ്, അവനില്‍ ആശ്വാസം കണ്ടെത്താന്‍. ഈ ലോകത്തിന്റെ മാസ്മരികതയുടെ പിന്നാലെ ഓടുമ്പോൾ ഒന്നോര്‍ക്കുക, ഇതെല്ലാം ഇന്നല്ലെങ്കില്‍ നാളെ തകര്‍ന്നുപോകാവുന്നവ മാത്രം. എന്നാല്‍ എപ്പോഴും ആശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഇടം കണ്ടെത്താന്‍ പറ്റിയ ഇരിപ്പിടം അവിടുത്തെ ഹൃദയമാണ്. ആ ഹൃദയമാകുന്ന വിദ്യാലയത്തിലേയ്ക്കാണ് അവിടുന്ന് നമ്മെ ക്ഷണിക്കുന്നത്. അവിടുത്തെ ഈ ക്ഷണം വെറുമൊരു ക്ഷണമല്ല. തന്റെ ഹൃദയത്തിന്റെ ആന്തരികസത്തയെ ആര്‍ജ്ജിച്ചെടുക്കാനുള്ള ക്ഷണമാണ്.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഹൃദയം

യേശുക്രിസ്തുവിന്റെ ഹൃദയത്തില്‍ പ്രവേശിക്കാന്‍ നമ്മെ അനുവദിക്കുന്ന താക്കോലാണ് വിനയം. വി. പൗലോസ് ശ്ലീഹാ പറയുന്നു: “അവന്‍ കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി” (ഫിലി. 2:8). നമ്മുടെ മനുഷ്യത്വത്തില്‍ പങ്കുചേരാന്‍ അവന്‍ തന്നെത്തന്നെ താഴ്ത്തുന്നു. നമ്മെ ഉയര്‍ത്താന്‍ സ്വര്‍ഗം വിട്ട് ഭൂമിയിലേയ്ക്ക് ഇറങ്ങിവന്ന ദൈവം. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ പറ്റിയ വിധത്തിലുള്ള വിനീതഹൃദയമായിരുന്നു ഈശോയുടേത്. പാപികളെയും അനാഥരെയും ചുങ്കക്കാരെയുമെല്ലാം അവിടുന്ന് ഉള്ളുതുറന്ന് സ്‌നേഹിച്ചു. നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലേക്ക്, സമൂഹം പുറത്താക്കിയവരുടെ ഇടയിലേക്ക് അവന്‍ കടന്നുചെല്ലുന്നു. അവരെ തന്നോട് ഉള്‍ച്ചേര്‍ക്കാനായി അവിടുന്ന് അവരുമായി ഉള്‍ച്ചേരുന്നു.

താഴ്മയുള്ളവരായി ജീവിക്കാന്‍ ഈശോ നമ്മോട് പലവിധത്തില്‍ കല്‍പിക്കുന്നു. “നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസന്‍ ആയിരിക്കണം.” വിനയം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സ്വയം താഴ്ന്നവരായി ചിന്തിക്കുന്നതിലോ ഒന്നിനും കൊള്ളാത്തവരായി ധരിക്കുന്നതിലോ അല്ല വിനയം എന്ന പുണ്യം അടങ്ങിയിരിക്കുന്നത്. വിനയം സത്യമാണെന്ന് ആവിലായിലെ വി. അമ്മ ത്രേസ്സ്യ പറയുന്നുണ്ട്. അതിനര്‍ത്ഥം നമ്മള്‍ ആരെന്ന് ആദ്യം അറിയുക.

ശുശ്രൂഷയിലുള്ള വിനയത്വം

അവസാന അത്താഴത്തില്‍ യേശു ശിഷ്യന്മാരുടെ മുമ്പില്‍ മുട്ടുകുത്തി അവരുടെ പാദങ്ങള്‍ കഴുകി. താണിറങ്ങാന്‍ ആവുന്നിടത്തോളം അവിടുന്ന് താണിറങ്ങി. നാം പാപികളാണെങ്കിലും ദുര്‍ബലരാണെങ്കിലും അവന്‍ നമ്മെ സേവിക്കുന്നു. ഇതേ വിനയത്തിലേയ്ക്ക് മറ്റുള്ളവരുടെ പ്രത്യേകിച്ച്, ദരിദ്രരുടെ അതേ സേവനത്തിലേയ്ക്ക് നാം വിളിക്കപ്പെടുന്നു. ഈശോ പറയുന്നു: “ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്തതുപോലെ നിങ്ങളും ചെയ്യണം” (യോഹ. 13:15).

ക്രിസ്തുവിന്റെ സ്‌നേഹം എളിയസ്‌നേഹമാണ്. അവന്റെ താഴ്മയില്‍ ഒരു പിതാവ് തന്റെ കുട്ടിയെ എടുക്കാന്‍ കുനിയുന്നതുപോലെ നമ്മെ അവനിലേയ്ക്ക് ഉയര്‍ത്താന്‍ അവിടുന്ന് കുനിഞ്ഞുനില്‍ക്കുന്നു. ഒരു കുട്ടി മാതാപിതാക്കളുടെ മുഖം അന്വേഷിക്കുന്നതുപോലെ അവിടുത്തെ മുഖം അന്വേഷിക്കുക; നിഷ്‌കളങ്ക ഹൃദയത്തോടെ. വി. മത്തായിയുടെ സുവിശേഷത്തില്‍ അവിടുന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്, ശിശുക്കളെപ്പോലെ സ്വയം ചെറുതാകാന്‍ (മത്തായി 18:4). ഈ ചെറുതാകലില്‍ നാം നമ്മുടെ സ്വന്തം ഇഷ്ടം ഉപേക്ഷിച്ച് താഴ്മയോടെ ആയിരിക്കണം. വിശുദ്ധന്മാര്‍ പറയുന്നതുപോലെ, എളിമ എന്നാല്‍ ഒരു കലാകാരന്റെ കൈയ്യിലുള്ള ബ്രഷ് പോലെയാണ്. ഈശോയ്ക്ക് നമ്മുടെ മേലുള്ള പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ സ്വയം വിട്ടുകൊടുക്കുക.

കാലിത്തൊഴുത്തില്‍, ഇല്ലായ്മയുടെ നടുവിലേക്ക് അവിടുന്ന് കടന്നുവന്നപ്പോള്‍ അവിടെയുള്ള അസൗകര്യങ്ങള്‍, ഇല്ലായ്മകള്‍, കുറവുകള്‍ അതിനെയോര്‍ത്ത് വിലപിക്കുന്ന ഒരു ദൈവത്തെയല്ല നാം കാണുന്നത്. പൂര്‍ണ്ണമനുഷ്യനും പൂര്‍ണ്ണദൈവവുമായ ഈശോ ഒരിക്കലും ചിന്തിച്ചില്ല ഇവിടെ എന്തുണ്ട്, എനിക്ക് എന്തു ചെയ്യാന്‍ സാധിക്കും, എങ്ങനെ ഞാന്‍ മനുഷ്യരെ രക്ഷിക്കും എന്ന്. എളിമയുള്ള വ്യക്തികളുടെ അടുക്കല്‍ എത്തുന്നവരെല്ലാം ജീവിതത്തിന്റെ നിറവ്, തികവ്, ദൈവത്തിന്റെ കൃപ ഇവ പ്രാപിച്ച് കടന്നുപോകുന്നു.

സകല പുണ്യങ്ങളും അതിന്റെ പൂര്‍ണ്ണതയില്‍ തെളിയുന്ന തിരുഹൃദയത്തിനു മുമ്പില്‍ നമുക്ക് ഒന്നുചേരാം. ദിവ്യകാരുണ്യത്തില്‍ മറഞ്ഞിരിക്കുന്ന ഈശോയുടെ തിരുഹൃദയം നമ്മിലേയ്ക്ക് കടന്നുവരുന്നു. വളരെ ലളിതമെങ്കിലും ശക്തമായ സാന്നിദ്ധ്യം നല്‍കി, അവിടുത്തെ മുമ്പില്‍ ഹൃദയം നൊന്ത് നിലവിളിക്കാം. എളിമയിലുള്ള ജീവിതം വഴി മറ്റുള്ളവര്‍ക്ക് താങ്ങും തണലുമായിത്തീരാന്‍, ജീവിതത്തിലേക്ക് കടന്നുവരുന്ന എളിമപ്പെടുത്തുന്ന സാഹചര്യങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുവാൻ വേണ്ട കൃപക്ക് വേണ്ടി പ്രാർത്ഥിക്കാം.

സി. ഷാന്റി ചൂണ്ടിയാനിപ്പുറത്ത് DSHJ

3 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.