നീയാണ് ദൈവാലയം

ഫാ. സാജൻ നെട്ടപ്പോങ്ങ്

ദൈവം വസിക്കുന്ന ഇടമാണ് ദൈവാലയം. മലമേൽ ഉയർത്തപ്പെട്ട പട്ടണത്തിന് മറഞ്ഞിരിക്കുക സാദ്ധ്യമല്ല. ദൈവത്തെ ദർശിക്കാനും അറിയാനും മനസിലാക്കാനും അനുഭവിക്കാനും മനസ് തുറക്കാനും കുറവുകൾ പങ്കുവയ്ക്കാനും വിഷമതകൾ ചൊരിയാനും തെറ്റുകൾ ഏറ്റുപറയുവാനും നിറവുകൾക്ക് നന്ദി പറയാനും പരാതിപ്പെടാനും ആവശ്യങ്ങൾ ചോദിച്ചുവാങ്ങുവാനും നേരായ പാതയിലൂടെ സഞ്ചരിക്കാനും നമ്മെ എന്നും പ്രചോദിപ്പിക്കുന്ന ഇടം.

മറ്റൊരു ഇടത്തിലും ഇല്ലാത്ത ശാന്തത ഒരു ദൈവാലയത്തിനുണ്ട്. ഒരുപാട് വേദനകളോടെ കയറിവരുമ്പോഴും അവിടെ കുറച്ചുനേരം ചിലവഴിച്ച് ഇറങ്ങിപ്പോകുമ്പോൾ എന്തെന്നില്ലാത്ത ഒരു മനഃസുഖം ദൈവാലയം പ്രദാനം ചെയ്യാറുണ്ട്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും പ്രത്യാശയും അതിന്റെ അകത്തളങ്ങളിൽ തങ്ങിനിൽക്കുന്നുണ്ട്. ഒരിക്കലെങ്കിലും ദൈവാലയത്തിൽ പ്രവേശിക്കാത്തവരായി, ദൈവമേ എന്ന് വിളിക്കാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. എന്താണ് ദൈവാലയത്തെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്? പരിശുദ്ധി, നിശബ്ദത, ദൈവസാന്നിദ്ധ്യം, പ്രശാന്തത, അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന പ്രാർത്ഥനകൾ, പ്രഭാവലയം, സംരക്ഷണം, കോട്ട, ആശ്രയം. ആരോടും തുറന്നുപറയാനാകാത്ത നിന്നിലെ സ്വകാര്യ നൊമ്പരങ്ങൾ ഇറക്കിവയ്ക്കാനുള്ള ഇടം.

ദൈവാലയത്തിൽ നിന്ന് അകലാൻ നൂറോ ആയിരമോ കാരണങ്ങൾ നിന്റെ ജീവിതത്തിലുണ്ടാകാം; എന്നാൽ അടുക്കാൻ ഒരു കാരണം മാത്രം. നിന്നെയും കാത്ത് യുഗാന്ത്യത്തോളം വിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്ന ഈശോ. വിശ്വസം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ദൈവത്തേയും ദൈവീക അസ്ഥിത്വത്തെയും ദൈവം തന്ന ബുദ്ധി കൊണ്ടു തന്നെ അളക്കാൻ ശ്രമിക്കുന്ന മനുഷ്യനോട് ദൈവാലയത്തെപ്പറ്റിയും ദൈവസാന്നിധ്യത്തെപ്പറ്റിയും പറയുമ്പോൾ ഒരുപക്ഷേ പരിഹസിച്ചേക്കാം!

ദൈവം വസിക്കുന്ന ഇടം പരിശുദ്ധമാണ്. അത് നമ്മൾ ഓരോരുത്തരുമാണ്. നമ്മുടെ ശരീരത്തിൽ ദൈവം വാസമാകുമ്പോൾ നാം ഓരോരുത്തരും ദൈവത്തിന്റെ ജീവനുള്ള ആലയങ്ങളായി മാറും. വിശുദ്ധി നിറഞ്ഞ ജീവിതങ്ങൾ എനിക്ക് ചുറ്റുമില്ലെന്നോർത്ത് നെടുവീർപ്പെടുന്ന എനിക്കെന്തേ എന്റെ ജീവിതം വഴി മറ്റുള്ളവർക്ക് വിശുദ്ധിയുടെ പരിമളം പകർന്നുകൂടാ! ദൈവം വസിക്കാനായി നമുക്ക് നമ്മുടെ ഹൃദയങ്ങളെ ഒരുക്കാം. പാപത്തിൽനിന്ന് അകന്ന്, വെറുപ്പും വിദേഷവും ദൂരെയകറ്റി, അപരനെ ശത്രുവായി കാണാതെ ദൈവത്തിന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപെട്ടവനാണെന്നു മനസിലാക്കി ഒത്തൊരുമയോടെ അവൻ ആയിരിക്കുന്ന അവസ്ഥയിൽ മനസിലാക്കാൻ ശ്രമിക്കുമ്പോൾ, അപരനിലെ കുറവുകളേയും തിന്മകളെയും മാത്രം കണ്ടുപിടിച്ച് സമൂഹമദ്ധ്യത്തിൽ അവഹേളിക്കുന്നതിനു പകരം അവനിലെ നന്മയേയും നിറവുകളെയും ഓർത്ത് അഭിമാനിക്കാനും ദൈവത്തിന് നന്ദി പറയാനും സാധിക്കുമ്പോൾ, വിശക്കുന്നവന്റെ മുൻപിൽ ആഹാരം പകർന്നു നൽകുമ്പോൾ, കരയുന്നവന്റെ കണ്ണുനീർ ഒപ്പുമ്പോൾ, ആപത്തിൽ അകപ്പെട്ടവന് തുണയായി ഭവിക്കുമ്പോൾ, ഒറ്റപ്പെട്ടു പോയവന് ആശ്രയത്തിന്റെ തുരുത്തായി മാറുമ്പോൾ, തിന്മയിൽ പതിച്ചവന് നന്മയിലേക്ക് വഴികാട്ടുമ്പോൾ, തകർന്നുപോയവനെ തിരികെ പ്രത്യാശയുടെ തീരത്തേക്ക് അണയ്ക്കുമ്പോൾ, കൂരിരുട്ട് നിറഞ്ഞിടത്ത് ഒരു ചെറുമെഴുകുതിരിയായി മാറി അപരന്റെ ജീവിതത്തെ പ്രകാശം കൊണ്ടു നിറയ്ക്കുമ്പോൾ, തോറ്റു പോയവന് വിജയം നേടിക്കൊടുക്കാൻ പാടുപെടുമ്പോൾ, ചതിക്കപ്പെട്ടവനും ഒതുക്കപ്പെട്ടവനും മാറ്റിനിർത്തപ്പെട്ടവനും വേണ്ടി വാദിക്കാൻ തുടങ്ങുമ്പോൾ, അന്യായവിധികളിൽ പെട്ട് ജീവൻ നഷ്ടപ്പെടാൻ പോകുന്ന സമയങ്ങളിൽ നീതിയുടെ വാദങ്ങളിലൂടെ അവനെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരുമ്പോൾ, അനാഥർക്കും വിധവകൾക്കും ആശ്രയമായി മാറുമ്പോൾ, അപരനു മുൻപിൽ നീ ഒരു ദൈവാലയമായി, ദൈവമായി മാറുന്നു.

എന്തിലും ഏതിലും തിന്മ കാണാൻ വെമ്പൽ കൊള്ളുന്ന, ഏത് നല്ല കാര്യങ്ങളെയും വിമർശനബുദ്ധിയോടെ മാത്രം സമീപിക്കാൻ ആഗ്രഹിക്കുന്ന ഒരു ലോകത്ത് ദൈവത്തിന് വസിക്കാനുള്ള ആലയവും അന്യം നിന്നുപോകുന്നു. മുഖംമൂടികളും പുറംചട്ടകളും അഴിച്ചുവച്ച് ദൈവസന്നിധിയിൽ ആയിരിക്കാനായി നമുക്ക് പരിശ്രമിക്കാം. നീ കടന്നുവരുന്ന ദൈവാലയത്തിൽ നിന്നെയും കാത്ത് മുറിവേൽപ്പിക്കപ്പെട്ട, ശരീരം ഉഴവുചാല് കണക്കെ ഉഴുതുമറിക്കപ്പെട്ട, കാരിരുമ്പാണി കൊണ്ട് കഠോരവേദന ഏല്പിക്കപ്പെട്ട, അവസാനതുള്ളി രക്തവും നിനക്കായി മാത്രം ഒഴുക്കപ്പെട്ട പരാജിതനായ ഒരു ദൈവം നിന്റെ വരവും കാത്ത് കണ്ണിൽ എണ്ണയൊഴിച്ച് ഇവിടെ ഈ അൾത്താരയിൽ കാത്തിരിക്കുന്നു. ഒരു വാക്ക് കൊണ്ടോ, നോക്ക് കൊണ്ടോ നിന്നെ ഒന്ന് നുള്ളിനോവിക്കാൻ പോലും ആഗ്രഹിക്കാത്തവൻ, നീ ചെയ്ത ഒരു തെറ്റിന്റെ പേരിലും ഒരിക്കലും നിന്നെ അവൻ കുറ്റപ്പെടുത്തില്ല, നീ ചെയ്ത ഹീനകൃത്യങ്ങളെ തൂക്കിനോക്കില്ല, നീ വീണുപോയ നിമിഷങ്ങളെ ഓർത്ത് നിന്നെ ശപിക്കില്ല, സ്നേഹിക്കാൻ മാത്രം, ക്ഷമിക്കാൻ മാത്രം, കരുണ കാണിക്കാൻ മാത്രം അറിയുന്ന ഒരു ദൈവം. നിന്റെ തകർച്ചയിൽ ആശ്വാസമേകാൻ, തളർച്ചയിൽ ഒന്നുചേരാൻ, നിന്റെ വേദനകളിൽ നിന്നോടൊത്തു വേദനിക്കാൻ, നിന്റെ കാലൊന്ന് ഇടറുമ്പോൾ നിന്നെ താങ്ങാൻ നിന്റെ ദൈവം നിന്റെ കൂടെ ഉണ്ട്.

എന്തേ കുഞ്ഞേ, നീ ഇന്നും ജീവിതത്തിന്റെ ആളൊഴിഞ്ഞ ഇടവഴികളിൽ ആ നല്ല ദൈവത്തെ ഉപേക്ഷിച്ചലയുന്നു. നിന്നെ സൃഷ്‌ടിച്ച, പരിപാലിക്കുന്ന, കരുതുന്ന, താങ്ങുന്ന, തണലാകുന്ന, നയിക്കുന്ന ദൈവം നിനക്കായി, നിന്റെ മടങ്ങിവരവിനായി ഓരോ നിമിഷവും വേദനയോടെ ആഗ്രഹിക്കുന്നു. നിന്റെ എത്ര വലിയ പാപങ്ങളും നന്ദികേടുകളും മറക്കാനും പൊറുക്കാനും തയ്യാറായി നിന്നെയും കാത്ത് ഈ തിരുവോസ്തിയിൽ. തിരക്കുകൾ, സമയക്കുറവ്, ജോലിഭാരം, വിരസത, മടി, താല്പര്യമില്ലായ്മ, വിശ്വസക്കുറവ്, ദൈവത്തെക്കൊണ്ട് ആവശ്യമില്ല എന്നൊക്കെപ്പറഞ്ഞു നിന്റേതായ ന്യായങ്ങൾ നിരത്തി നീ മാറി നടക്കുമ്പോഴും ഒരൊറ്റ ചോദ്യം മാത്രം നിനക്കായ് കുരിശിൽ യാഗമായവൻ നിന്നോടായി ഉണർത്തിക്കുന്നു: “ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടമാക്കിയാൽ അവന് എന്ത് പ്രയോജനം? തന്റെ ആത്മാവിന് പകരമായി അവൻ എന്ത് നൽകും?”

ജീവിതത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് ഓർക്കുക. ഇനി അധികസമയം മാറ്റിവയ്ക്കാനായിട്ടില്ല. ദൈവം ആത്മാവിനെ നിന്റെ ശരീരത്തിൽ നിന്നും തിരികെ വിളിക്കുമ്പോൾ ഒഴികഴിവൊന്നും പറഞ്ഞു നിനക്ക് പിടിച്ചുനിൽക്കാനാവില്ല. നാലുപേർ ചേർന്ന് നിന്നെ ദൈവാലയത്തിലേക്ക് എടുത്തുകൊണ്ടു വരുന്നതിനു മുമ്പ് ഒരിക്കലെങ്കിലും നിന്റെ പാദങ്ങൾ പരിപാവനമായ ആലയത്തെ സ്പർശിക്കട്ടെ.

നമുക്ക് മടങ്ങിവരാം, തെറ്റുകൾ ഏറ്റുപറയാം, പശ്ചാത്തപിക്കാം, മേലിൽ പാപം ചെയ്യുകയില്ലെന്ന തീരുമാനങ്ങൾ എടുക്കാം, യേശുവിനെ ഏകരക്ഷകനും കർത്താവുമായി ഏറ്റുപറയാം. ഇനിയുള്ള ശിഷ്ടകാലമെങ്കിലും ദൈവത്തിനു വേണ്ടി മാത്രം മാറ്റിവയ്ക്കാം. അപ്പോൾ നീയും ഒരു ദൈവാലയമായി മാറും. നിന്റെ മുൻപിലും തിരികൾ തെളിയും. പരമപരിശുദ്ധനായവൻ തന്റെ പരുശുദ്ധിയിലേക്ക് നിന്നെ നയിക്കും. തകർന്നു കിടക്കുന്ന, അശുദ്ധി നിറഞ്ഞ, മ്ളേച്ഛതയുടെ ദുർഗന്ധം വമിക്കുന്ന നാമാകുന്ന ദൈവാലയത്തെ അവന്റെ തിരുച്ചോര കൊണ്ട് അവൻ കഴുകി വെടിപ്പാക്കും.

ദൈവാലയങ്ങൾ തേടി അലയുന്ന, ഇനിയും ദൈവത്തെ സ്വന്തമാക്കിയിട്ടില്ലാത്ത ഒരുപാട് പേർക്ക് നിന്റെ ജീവിതം ഒരു വഴികാട്ടിയാകട്ടെ സോദരാ. എപ്പോഴും മനസ്സിൽ ഉരുവിടുക; ഓർമ്മിക്കുക ദൈവം വസിക്കുന്ന ആലയം നീ തന്നെ. അതൊരിക്കലും നശിപ്പിക്കല്ലേ!

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.