“നിങ്ങൾ ഞങ്ങൾക്ക് ഈശ്വരന്റെ സാന്നിദ്ധ്യമാണ്” – തന്നെ ശുശ്രൂഷിച്ച സന്യാസിനിമാരോട് ഒരു കോവിഡ് രോഗി പറഞ്ഞത്

സി. സൗമ്യ DSHJ

ജലന്ധറിലെ സേക്രട്ട് ഹാർട്ട് ഹോസ്പിറ്റൽ. ഇവിടെയെത്തുന്ന മിക്ക രോഗികൾക്കും സ്വന്തം വീട്ടിലെത്തുന്ന ഒരു പ്രതീതിയാണ്. തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ (SH) ഭാഗമായ ഈ ആശുപത്രിയിൽ നിന്നും രോഗികൾ ഡിസ്ചാർജ് ആയി പോകുമ്പോൾ സിസ്റ്റേഴ്സിന്റെ മുഖത്തു നോക്കി പറയാറുണ്ട്, ‘നീ ദൈവമാണ്’എന്ന്. അവരെ ഈ സന്യാസിനിമാർ സ്നേഹത്തോടെ തിരുത്തും. ‘ഞങ്ങളല്ല, സുഖപ്പെടുത്തിയത്; ദൈവമാണ്’ എന്ന്. 35 -ഓളം നേഴ്സുമാരായ സിസ്റ്റേഴ്സ് ഇവിടെയുണ്ട്. അവരിൽ രണ്ടു പേരായ സി. ഡെയ്‌സിയും സി. ആൻസിലും ഈ കോവിഡ് കാലഘട്ടത്തിലെ വേറിട്ട അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.

ഐസിയു-വിലും വാർഡിലുമായി നിരവധി കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആശുപത്രിയാണ് ഇവിടം. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ രണ്ട് വാര്‍ഡുകള്‍ ഐസിയു ആക്കി മാറ്റി. അങ്ങനെ ഇപ്പോൾ തന്നെ 24 ബെഡോളം ഇവിടെ കോവിഡ് ഐസിയു ബെഡ് ആണ്. ബന്ധുക്കളോ സ്വന്തക്കാരോ ഒന്നും അടുത്തില്ലാത്ത അവസ്ഥയിൽ അഡ്മിറ്റാകുന്ന കോവിഡ് രോഗികളോട് ഇരട്ടി ഉത്തരവാദിത്വമാണ് നമുക്കുള്ളതെന്ന് ഈ സിസ്റ്റർമാർ പറയുന്നു.

ദൂരെ നിന്ന് രോഗിയെ അഡ്മിറ്റാക്കി പോകുന്നവർ

കോവിഡ് ഐസിയു-വിൽ ശുശ്രൂഷ ചെയ്യുന്ന സി. ഡെയ്‌സി ഈ കാലഘട്ടത്തിൽ വളരെ വ്യത്യസ്തത നിറഞ്ഞ അനുഭവങ്ങളെ തരണം ചെയ്തിട്ടുണ്ട്. കോവിഡ് രോഗികളുടെ വീട്ടുകാർ പോലും വളരെ പേടിച്ചാണ് അവരുടെ അടുത്ത് നിൽക്കുന്നത്. മാത്രമല്ല, ഈ രോഗികളെ ശുശ്രൂഷിക്കുന്നതിനും ഒത്തിരി ക്ഷമ വേണം. ബന്ധുക്കളെ ആരെയും കോവിഡ് ഐസിയു-വിലേക്ക് കയറ്റാറില്ല. കോവിഡ് പോസിറ്റിവ് ആണെന്ന് അറിഞ്ഞുകഴിയുമ്പോൾ പിന്നെ അവരോട് ഒരു അകലം പാലിക്കും. എന്നാൽ, രോഗം മൂർച്ഛിക്കുന്ന ഈ സമയങ്ങളിൽ രോഗികൾ മറ്റുള്ളവരുടെ സാന്നിദ്ധ്യം വളരെയധികം ആഗ്രഹിക്കുകയും ചെയ്യും. ഈയൊരു സാഹചര്യത്തിൽ അവർക്കൊപ്പം നിൽക്കാൻ നേഴ്‌സുമാർ മാത്രമേ കാണുകയുള്ളൂ. പലപ്പോഴും രോഗികളുടെ ബന്ധുക്കൾ വളരെ ദൂരെ മാറിനിന്ന് രോഗികളെ അഡ്മിറ്റാക്കിയിട്ടാണ് പോകുന്നത്. സഹായം ചോദിച്ചാൽ പോലും അവർ പേടിച്ച് മാറിനിൽക്കുന്ന അവസ്ഥ.

അങ്ങനെയുള്ള ഒരു സംഭവം സി. ആൻസ് വെളിപ്പെടുത്തിയത് ഇപ്രകാരമാണ്: ഒരിക്കല്‍ നാൽപത് വയസോളം പ്രായമുള്ള ഒരു സ്ത്രീ തന്റെ ബന്ധുവിനെ ആശുപത്രിയിലാക്കാൻ വന്നു. അവരെ ഷിഫ്റ്റ് ചെയ്യുവാനായി സഹായം ചോദിച്ചപ്പോൾ അവർ അതിന് സമ്മതിച്ചില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യം ലഭിക്കാതെ പലപ്പോഴും രോഗികൾ ഏകാന്തതയിലേക്കും ഒറ്റപ്പെടലിലേക്കും പോകും. രോഗത്തിന്റെ ബുദ്ധിമുട്ടുകളും ഒപ്പം ഒറ്റപ്പെട്ടുപോയതിന്റെ വിഷമതകളുമെല്ലാം ചേർന്ന് വല്ലാത്ത ഒരു അവസ്ഥയിലാവും അവർ.

വാർഡിൽ ശുശ്രൂഷ ചെയ്യുന്ന സി. ഡെയ്‌സിക്കും പറയാനുണ്ട് ഏറെ വ്യത്യസ്തത നിറഞ്ഞ അനുഭവങ്ങൾ…

ഇരുപത്തിരണ്ട് വർഷമായി നേഴ്‌സിംഗ് രംഗത്ത് ശുശ്രൂഷ ചെയ്യുന്ന സമര്‍പ്പിതയാണ് സി. ഡെയ്‌സി. കൊറോണ കാലഘട്ടം തുടങ്ങിയപ്പോൾ മുതൽ ഐസിയു-വിൽ ശുശ്രൂഷ ചെയ്യുകയും ഇപ്പോൾ കുറച്ചുനാളുകളായി കൊറോണ വാർഡിൽ സേവനം ചെയ്തുവരികയും ചെയ്യുന്നു ഈ സിസ്റ്റർ. കോവിഡ് രോഗത്തിന്റെ തുടക്കത്തിൽ ഈ രോഗം ബാധിച്ച് വരുന്നവരെ ഐസിയു-വിലായിരുന്നു അഡ്മിറ്റ് ചെയ്തിരുന്നത്. മാത്രമല്ല, തുടക്കത്തിൽ എല്ലാവർക്കും ഭയങ്കര പേടിയായിരുന്നു. രോഗം പകരുമോ എന്നുള്ള ഭയം. എന്നാൽ, പിന്നീട് ആ ഭയം മാറി. ഈ രോഗികൾക്ക് ഏറ്റവും കൂടുതൽ വേണ്ടത് മാനസികമായ പിന്തുണയാണെന്നു മനസിലാക്കി. എത്ര സീരിയസ് ആയിട്ടുള്ള രോഗികളാണെങ്കിലും നാം അവരോട് സ്നേഹത്തോടെ ഒന്ന് ഇടപെട്ട്, പ്രതീക്ഷ നൽകുന്ന രീതിയിൽ സംസാരിക്കുമ്പോൾ തന്നെ അവരുടെ പകുതി രോഗം ഭേദമാകുമെന്ന് സി. ഡെയ്‌സി പറയുന്നു.

മരുന്നിനോടൊപ്പം സ്നേഹവും

മരുന്നിനോടൊപ്പം സ്നേഹവും ഇവര്‍ രോഗികള്‍ക്ക് നല്‍കുന്നു. ഇത് രോഗികള്‍ക്ക് കൂടുതൽ ആശ്വാസം പകരും. അതിലുപരി ഒരു നല്ല സ്ഥലത്താണ് തങ്ങൾ എത്തിയതെന്നുള്ള ചിന്ത അവർക്ക് കൂടുതൽ സമാധാനം നൽകും. “മരുന്നും പരിചരണവും ഒക്കെ ആർക്കു വേണമെങ്കിലും കൊടുക്കാമല്ലോ. എന്നാൽ, തങ്ങൾ അവരോടൊപ്പം ഉണ്ടെന്ന ഓർമ്മ അവരിൽ നിറയ്ക്കാൻ സാധിക്കുക എന്നത് എല്ലാവർക്കും സാധിക്കുകയില്ല. കൂടെ ഒരാൾ ഉണ്ടെന്ന ചിന്ത അവരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കും. മരുന്നിനോടൊപ്പം അവരെ പ്രത്യേകം പരിഗണിച്ചു എന്നതാണ് അവർക്ക് ഏറ്റവും ആശ്വാസം. അപ്പോഴാണ് അവർക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടാകുന്നത്. ഐസിയു-വിൽ നിരാശയിൽ വന്നെത്തിയ പലരും രണ്ട് ദിവസത്തിനുള്ളിൽ തന്നെ കൂടുതൽ ഉന്മേഷമുള്ളവരായി മാറുന്നു.”

ആശുപത്രിയിൽ വളരെ നിരാശപ്പെട്ട് കടന്നുവരുന്ന പലരും ആദ്യത്തെ ഒറ്റദിവസം കൊണ്ടുതന്നെ ഒരു കുടുംബാന്തരീക്ഷത്തിലേക്ക് കടന്നുവരും. തനിയെ ആയി പോകുമ്പോൾ ‘എനിക്ക് മരിച്ചാൽ മതി’ എന്നുപോലും പറഞ്ഞവരുണ്ട്. ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുകയും നമ്മുടെ പുഞ്ചിരിച്ച മുഖം കാണുകയുമൊക്കെ ചെയ്യുമ്പോൾ അവർ കൂടുതൽ പ്രതീക്ഷയുള്ളവരായി മാറുവാൻ തുടങ്ങും.

ഈ ആശുപത്രിയുടെ മറ്റൊരു സൗഭാഗ്യം എന്നത്, നല്ലൊരു നേഴ്‌സുമാരുടെ ടീമാണ്. സന്യാസിനികളായ നേഴ്സുമാരും അല്ലാത്തവരും അടങ്ങുന്നതാണ് ഇവിടുത്തെ നേഴ്‌സുമാർ. അവർ എല്ലാവരും തന്നെ തങ്ങളുടെ അടുത്തുവരുന്ന രോഗികളോട് ഇടപെടുന്നത് ഇപ്രകാരമാണ്. ആവശ്യമുള്ള സുരക്ഷാക്രമീകരണങ്ങളെല്ലാം ഉപയോഗിച്ച് ആ നേഴ്‌സുമാർ എപ്പോഴും അവരോടൊപ്പമുണ്ട്. ഭക്ഷണം കഴിക്കാത്തവരെ നിർബന്ധിച്ചും പ്രോത്സാഹിപ്പിച്ചും ഭക്ഷണം കഴിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, ആശുപത്രിയിലേക്ക് കോവിഡ് രോഗം ബാധിച്ച് കടന്നുവരുന്നവരെ സ്വന്തമായിക്കണ്ട് സ്നേഹിക്കുവാൻ ഈ നേഴ്‌സുമാർക്ക് സാധിക്കുന്നു. തങ്ങളെ പേടിച്ചല്ല, സ്വന്തമായിക്കണ്ടാണ് പരിചരിക്കുന്നത് എന്ന് രോഗികൾക്ക് മനസിലായി തുടങ്ങുമ്പോൾ തന്നെ അവരുടെ പകുതി രോഗം കുറയുന്നു എന്ന് സി. ആൻസിൽ പറയുന്നു.

മരിച്ചുപോകുമെന്നു കരുതി വരുന്നവർ

എത്ര ചികിത്സിച്ചാലും തങ്ങൾ മരിച്ചുപോകുമെന്നു കരുതി ആശുപത്രിയിലേക്ക് നിരാശയോടെ കടന്നുവരുന്ന രോഗികളുണ്ട്. അവരെ പ്രതീക്ഷയുള്ളവരാക്കുക എന്നതാണ് ആദ്യപടി. സി. ഡെയ്‌സി പറയുന്നു: “ഞാൻ ഈ രോഗികളെ കാണുന്നത് സ്വന്തം മാതാപിതാക്കളെപ്പോലെയും സ്വന്തം സഹോദരങ്ങളെപ്പോലെയും എന്റെ വീട്ടിലെ ഒരംഗത്തെപ്പോലെയും ഒക്കെയാണ്.” ഒരു രോഗി സി. ഡെയ്‌സിയോട് പറഞ്ഞത് ഇപ്രകാരമാണ്: “സിസ്റ്റർ, ഇവിടെ വന്ന് അഡ്മിറ്റായ ശേഷം എനിക്ക് തന്നെ ഒരു പോസിറ്റീവ് എനർജി ഉണ്ടായി. ഒരു ആശുപത്രിയിൽ വന്ന് അഡ്മിറ്റായ പ്രതീതിയല്ല ഇവിടെയുള്ളത്. സ്വന്തം വീട്ടിൽ നിന്നും നമുക്ക് കിട്ടുന്ന സ്നേഹവും പരിചരണവും ഇവിടെ നിന്നും അനുഭവിക്കാൻ സാധിക്കുന്നുണ്ട്” – യഥാർത്ഥത്തിൽ അത് തന്നെയല്ലേ ഒരു സമർപ്പിതയായ നേഴ്‌സിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരവും.

തലേദിവസം സംസാരിച്ച വ്യക്തികൾ പിറ്റേന്ന് മരിച്ചതായി കേൾക്കുന്ന സംഭവങ്ങൾ

നിരവധി പേർ കോവിഡ് ബാധിച്ച് ഇവിടെ മരിക്കുന്നുണ്ട്. മതിയായ ചികിത്സ കിട്ടാത്തതുകൊണ്ടല്ല, ഇപ്പോഴത്തെ കോവിഡിന്റെ അതിവ്യാപനം ആ ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നു. “ചിലരൊക്കെ ഗുരുതരമായ രോഗലക്ഷണങ്ങൾ കാണിക്കാതെ തന്നെ മരണത്തിന് കീഴടങ്ങുന്നു. അതൊക്കെ ആരെയും സങ്കടപ്പെടുത്തിക്കളയും. കാരണം, തലേദിവസം രാത്രി വരെ നമ്മോട് സംസാരിച്ച് പിരിഞ്ഞവർ പിറ്റേ ദിവസം മരിച്ചുവെന്ന വാർത്ത നമ്മെ വിഷമിപ്പിക്കും” – സി. ആൻസലിൻ പറയുന്നു.

ഒരു രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കഴിഞ്ഞാൽ, അവരുടെ യഥാർഥ ആരോഗ്യ അവസ്ഥ ബന്ധപ്പെട്ടവരെ അറിയിക്കും. കാരണം, അവരുടെ പ്രിയപ്പെട്ടവർക്ക് മാനസികമായ ഒരുക്കം ആവശ്യമാണ്. ചിലപ്പോൾ പുറമെ നിന്ന് വലിയ പ്രശ്നമൊന്നും ഇല്ലെങ്കിലും രോഗിയുടെ അവസ്ഥ വളരെ അപകടകരമായിരിക്കും. മാത്രമല്ല, രോഗികൾക്കുവേണ്ടി ഒത്തിരി പ്രാർത്ഥന ഈ ആശുപത്രിയിൽ നടത്തുന്നുണ്ട്. നിത്യാരാധന ചാപ്പലിൽ രോഗികൾക്കായി പന്ത്രണ്ട് മണിക്കൂർ ആരാധന സിസ്റ്റേഴ്സ് മാറിമാറി നടത്തുണ്ട്. ഒപ്പം എല്ലാ ദിവസവും ഡ്യൂട്ടി തുടങ്ങുന്നതിനു മുൻപ് സ്റ്റാഫ് ഒന്നിച്ചും പ്രാർത്ഥന നടത്തും. രോഗികൾ ഇത് കേൾക്കാറുണ്ട്. നാനാജാതി മതസ്ഥരായ രോഗികൾ ദൈവത്തിന്റെ ഈ ഭവനത്തിൽ തങ്ങൾക്ക് എത്താൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നവരാണ്.

സിസ്റ്റർ, നിങ്ങളോട് സംസാരിക്കുമ്പോൾ വലിയ ആശ്വാസമാണ്

ഈ സിസ്റ്റർമാർ പറയുന്ന മറ്റൊരു കാര്യം, രോഗികൾ നമ്മുടെ സാമീപ്യവും സംസാരവും ആഗ്രഹിക്കുന്നു എന്നതാണ്. കാരണം, അവർ തന്നെ പറഞ്ഞിട്ടുണ്ട്: “സിസ്റ്റർ, നിങ്ങളോട് സംസാരിക്കുമ്പോൾ വളരെ ആശ്വാസമാണ്” എന്ന്. ഒരു ഗ്ലാസ് വെള്ളം നമ്മൾ കൊടുക്കുന്നതിൽ പോലും വളരെയേറെ ആശ്വാസം അനുഭവിക്കുന്നവരുണ്ട്. മറ്റുള്ളവർ ചെയ്യുന്നതുപോലെയല്ല രോഗികൾക്ക് നമ്മുടെ സാമിപ്യം അനുഭവിക്കുവാൻ സാധിക്കുന്നത്. എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും നമ്മുടെ ഉള്ളിലുള്ള ഈശ്വരന്റെ സാന്നിദ്ധ്യത്തെ അനുഭവിക്കുവാൻ അവർക്ക് സാധിക്കുന്നുണ്ടെന്ന് ഈ സിസ്റ്റർ വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ കാരുണ്യത്തിൽ ആശ്രയിച്ച് മുമ്പോട്ട് പോകുന്നതിന്റെ ഫലമായി തന്നെ അനേകർ സുഖം പ്രാപിക്കുന്നു.

ദൈവത്തിന്റെ സ്വന്തം മാലാഖമാരായി ഈ കോവിഡ് കാലഘട്ടത്തിൽ ഇവർ പ്രവർത്തിക്കുന്നു. തങ്ങളുടെ അടുത്തുവരുന്ന രോഗികൾക്ക് ഇവർ ദൈവത്തിന്റെ സാമിപ്യം പകരുന്നവരാണ്. ഇങ്ങനെ അനേകരുണ്ട് നമ്മുടെ ചുറ്റിലും. അവർക്കായി പ്രാർത്ഥിക്കാം, അവരുടെ സേവനങ്ങളെ നന്ദിപൂർവ്വം സ്മരിക്കാം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

4 COMMENTS

Leave a Reply to SRS& InmatesCancel reply