ലോകത്തിന്റെയും ദൈവത്തിന്റെയും കണ്ണിൽ നിങ്ങൾ വിലപ്പെട്ടവരാണ്: മിണ്ടാമഠത്തിലെ സിസ്റ്റേഴ്സിനെക്കുറിച്ച് മാർപാപ്പ

ദൈവവും ലോകവും സന്യസ്തരുടെ ജീവിതത്തെ വിലമതിക്കുന്നു എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. മഡഗാസ്‌ക്കർ സന്ദർശന വേളയിൽ ആന്റനാരിയോയിലെ കാർമ്മൽ ഓഫ് സെൻറ് ജോസഫ് മിണ്ടാമഠത്തിലെ സിസ്റ്റേഴ്സിനോടാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. ശനിയാഴ്ചയാണ് പാപ്പാ മിണ്ടാമഠത്തിൽ എത്തിയത്.

“എല്ലാ കാര്യങ്ങളും കൃത്യതയോടെ നിർവ്വഹിച്ചുകൊണ്ട് ക്രിസ്തുവിനോട് കൂടുതൽ അടുത്തായിരിക്കുവാൻ ശ്രമിക്കുന്നവരാണ് നിങ്ങൾ. എന്നാൽ, സ്നേഹത്തിന്റെയും അനുസരണത്തിന്റെയും ദാരിദ്ര്യത്തിന്റെയും ചെറിയ പടവുകൾ കയറുമ്പോൾ നാം നമ്മുടെ പ്രവർത്തികളെ പൂർണ്ണമാക്കി മാറ്റുകയാണ് ചെയ്യുന്നത്” – മാർപാപ്പ പറഞ്ഞു.

സന്ദർശന വേളയിൽ അദ്ദേഹം പ്രത്യേകമായി പറഞ്ഞത്, വിശുദ്ധിയിലേയ്ക്ക് വളരുന്നതിന്റെ പ്രാധാന്യത്തെയും പരിശ്രമങ്ങളെയും കുറിച്ചാണ്. മാർപാപ്പ മാത്യകയായി എടുത്തുകാട്ടിയത് വി. കൊച്ചുത്രേസ്യായുടെ ജീവിതമാണ്. ആ വിശുദ്ധയുടെ ജീവിതം വെറുമൊരു കഥയല്ല, ഒരു യാഥാർത്ഥ്യമാണ്. നമുക്ക് അനുഗമിക്കാൻ പറ്റിയ ഒരു നിഷ്കളങ്ക ജീവിതമാണ് വി. കൊച്ചുത്രേസ്യയുടേത്, മാർപാപ്പ സൂചിപ്പിച്ചു.

വി. കൊച്ചുത്രേസ്യയുടെ ജീവിതത്തിലുണ്ടായ ഒരു സംഭവവും അദ്ദേഹം പറഞ്ഞു. പ്രായമായ ഒരു സഹോദരിയെ സഹായിക്കാൻ ശ്രമിച്ച വി. കൊച്ചുത്രേസ്യയോട്, ആ ശ്രമത്തെ തെറ്റായി വ്യാഖ്യാനിച്ച മറ്റൊരു സഹോദരി ദേഷ്യത്തോടെ പറഞ്ഞു: “നീ എന്നെ കളിയാക്കാൻ ശ്രമിക്കുകയാണ്.” എന്നാലും വി. കൊച്ചുത്രേസ്യയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളിലും അവൾ സ്നേഹത്തോടെ പുഞ്ചിരിച്ചു കൊണ്ടിരുന്നു. ഈ മാതൃക വലിയൊരു പ്രചോദനമാണ്. അനുസരണവും ഉപവി പ്രവൃത്തികളുമെല്ലാം വലിയ ത്യാഗം അനുഷ്ഠിക്കേണ്ടതും എന്നാൽ വലിയ സ്നേഹം ഉളവാക്കുന്നതുമാണ് – മാർപാപ്പ ചൂണ്ടിക്കാട്ടി.

വിശുദ്ധിയിലേയ്ക്കുള്ള വഴികൾ വളരെ ഇടുങ്ങിയതാണ്. അനുദിന ജീവിതത്തിലെ അനുസരണവും സ്നേഹപ്രവർത്തികളും എല്ലാം അതിലേയ്ക്ക് നയിക്കുന്നതായിരിക്കണമെന്നും ഈ സഹോദരങ്ങളുടെ ജീവിതം ദൈവത്തിന്റെ മുമ്പിൽ വലിയ വിലയുള്ളതാണെന്നും മാർപാപ്പ ഓർമ്മപ്പെടുത്തി.