വേദനകളുടെ സമയം നിങ്ങൾ ഒറ്റയ്ക്കല്ല: ഫ്രാൻസിസ് പാപ്പ 

ക്രിസ്ത്യാനികളായ നാം വേദനകളുടെ സമയം ഒറ്റയ്‌ക്കല്ല എന്ന സന്ദേശവുമായി ഫ്രാൻസിസ് പാപ്പ. “ക്രിസ്തു നമുക്കു മുൻപേ സഹനത്തിലൂടെയും മരണത്തിലൂടെയും കടന്നുപോയി. അവിടുന്ന് വളരെ ക്രൂരമായി അവഗണിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും നഗ്നനാക്കപ്പെടുകയും അവസാനം ക്രൂശിക്കപ്പെടുകയും ചെയ്‌തു. നമ്മുടെ വേദനകളിൽ ദൈവത്തിന്റ ഉത്തരം ഒരിക്കലും നമ്മെ തനിച്ചാക്കുന്നതല്ല; നമ്മെ അവിടുത്തെ കൂടെ നിർത്തുന്നതാണ്.”

മൊറേണ്ടി പാലം തകർന്നതിന്റെ ഒന്നാം വാർഷികത്തിൽ വത്തിക്കാനിൽ നിന്നും പുറപ്പെടുവിച്ച കത്തിലാണ് ഫ്രാൻസിസ് പാപ്പ  ഇക്കാര്യം പറഞ്ഞത്. 

“ക്രിസ്തു വേദനകളുടെ സമയം നമ്മോടൊപ്പം കരയുന്നുണ്ട്. നമ്മുടെ വേദനയും  ദേഷ്യവും ദുഃഖവുമെല്ലാം ക്രിസ്തുവിനു കൊടുക്കുവാൻ നമുക്കു  സാധിക്കണം. അപ്പോൾ പിതാവായ ദൈവം നമുക്ക് ഉത്തരം നൽകും. അത് വാക്കിലൂടെയല്ല; മറിച്ച്‌ നമ്മോടൊപ്പം  നിത്യം വസിക്കുന്ന പുത്രനായ ഈശോയിലൂടെ ആണ്” – പാപ്പ കൂട്ടിച്ചേർത്തു. മൊറേണ്ടി പാലം തകർന്ന് കഴിഞ്ഞ വർഷം ജെനോവയിൽ  42 പേരാണ് മരിച്ചത്. 

“ഒരു വലിയ ദുരന്തത്തിനു ശേഷം അത് നമ്മുടെ കുടുംബങ്ങളെയും സമൂഹത്തെയും  വല്ലാതെ വേദനിപ്പിക്കും. പ്രതീക്ഷ കൈവിടാതെ മുമ്പോട്ടു പോവുക” – പാപ്പ ഉദ്‌ബോധിപ്പിച്ചു.