കോട്ടയം അതിരൂപതയില്‍ വിശ്വാസപരിശീലന അദ്ധ്യയന വര്‍ഷം ഉദ്ഘാടനം ചെയ്തു

കോട്ടയം അതിരൂപതയില്‍  വിശ്വാസപരിശീലന അദ്ധ്യയന വര്‍ഷത്തിനു തുടക്കമായി. അതിരൂപതയിലെ പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിശ്വാസപരിശീലന അദ്ധ്യയന വര്‍ഷാരംഭത്തിന്റെ കേന്ദ്രതല ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. വിശ്വാസത്തെക്കുറിച്ചുള്ള അറിവില്‍ പരിപോഷിപ്പിക്കപ്പെടാനും കൗദാശിക ജീവിതത്തില്‍ ആഴപ്പെടാനും വിശ്വാസപരിശീലനത്തിലൂടെ സഭ ലക്ഷ്യമിടുന്നതായി അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സമൂഹത്തില്‍ ക്രിസ്തീയ സാക്ഷ്യങ്ങള്‍ നല്‍കിക്കൊണ്ട് മൂല്യങ്ങളും സന്മാര്‍ഗങ്ങളും മുറുകെപ്പിടിച്ചുകൊണ്ട് മുന്നേറാന്‍ വിശ്വാസപരിശീലനത്തിലൂടെ കുട്ടികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിരൂപത വിശ്വാസപരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഡോ. ബ്രസന്‍ ഒഴുങ്ങാലില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പുതുവേലി സെന്റ് ജോസഫ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വികാരി റവ. ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍, റവ. ഫാ. ബിബിന്‍ ചക്കുങ്കല്‍, ബ്ലസന്‍ ചിറയത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

പുതുവേലി സെന്റ് ജോസഫ്സ് ക്നാനായ കാത്തലിക് ചര്‍ച്ച് വിശ്വാസ പരിശീലനകേന്ദ്രത്തിലെ മതബോധന വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അദ്ധ്യാപകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, ചെയര്‍മാന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.