പോളിഷ് പാർലമെന്റ് ഈ വർഷം കർദ്ദിനാൾ വിസിന്‍സ്കിയുടെ വർഷമായി ആചരിക്കും

കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ കീഴിൽ ക്രിസ്തുമതം സംരക്ഷിക്കാനും ശക്തിപ്പെടുത്താനും സഹായിച്ച ബഹുമാനാർത്ഥം പോളിഷ് പാർലമെന്റ്, 2021-നെ കർദ്ദിനാൾ സ്റ്റെഫാൻ വിസിന്‍സ്കിയുടെ വർഷമായി പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കടുത്ത അടിച്ചമര്‍ത്തലുകള്‍ക്കിടയിലും പോളിഷ് സഭയെ ധീരതയോടെ നയിച്ച കര്‍ദ്ദിനാളിന്റെ നേട്ടങ്ങളെക്കുറിച്ച് വിവരിക്കുന്ന പ്രമേയങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും വന്‍ഭൂരിപക്ഷത്തോടെയാണ് പാസ്സാക്കിയത്.

തിന്മയ്ക്കെതിരായ അചഞ്ചലമായ മനോഭാവത്തിന്റെ പ്രതീകമായി കർദ്ദിനാൾ വിസിന്‍സ്കി മാറി. ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ പോളണ്ടുകാരില്‍ ഒരാള്‍ എന്നാണ് സെനറ്റില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കര്‍ദ്ദിനാളിനെക്കുറിച്ച് പരാമർശിച്ചത്. കര്‍ദ്ദിനാള്‍ വിസിന്‍സ്കിയും വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയും രാഷ്ട്രത്തിലെ ഏറ്റവും മഹാന്മാരായ പ്രബോധകരായിരുന്നെന്നും രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞ കാലയളവില്‍ ഇരുവരും പോളണ്ട് ജനതയെ ഒരുമിച്ചു നയിച്ചവരാണെന്നും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് അദ്ദേഹം ക്രിസ്ത്യൻ ട്രേഡ് യൂണിയനുകളുമായി സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഒപ്പം കത്തോലിക്കാ യൂണിയൻ ഓഫ് യംഗ് വർക്കേഴ്സ് സംഘടിപ്പിക്കുകയും ചെയ്തു. 1946-ൽ പയസ് പന്ത്രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ ലബ്ലിനിലെ ബിഷപ്പായും രണ്ടുവർഷത്തിനു ശേഷം ഗ്നിസ്നോയുടെയും വാർസയുടെയും ആർച്ചുബിഷപ്പായും ഉയർത്തി. 1981 മെയ് 28-ന് മരിക്കുന്നതുവരെ വിസിന്‍സ്കി പോളണ്ടിന്റെ പ്രൈമേറ്റായി സേവനമനുഷ്ഠിച്ചു. ഇത് 1989-ൽ പോളണ്ടിൽ കമ്മ്യൂണിസത്തിന്റെ തകർച്ചയിലേയ്ക്ക് നയിച്ചു.

2019 ഒക്ടോബർ 3-ന് വത്തിക്കാൻ കർദിനാളിന്റെ മദ്ധ്യസ്ഥതയിൽ നടന്ന ഒരു അത്ഭുതം സ്ഥിരീകരിച്ചു. 2020 ജൂൺ 7-ന്‌ വാർ‌സയിൽ വച്ച് അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയർത്തുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.