ദൈവത്തിന്റെ വഴികള്‍

ഏശയാപ്രവാചകന്റെ  സമകാലികനായ മിക്കാ പ്രവാചകന്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് പ്രവചിച്ചു. ബേത്‌ലഹം-എഫ്രായിം യൂദയാ ഭാവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവര്‍ എനിക്കായി നിന്നില്‍ നിന്നും പുറപ്പെട്ടു (മിക്കാ 5,2). അവന്‍ പണ്ടേ, യുഗങ്ങള്‍ക്ക് മുമ്പേ ഉള്ളവനാണ്.

ക്രിസ്തു സംഭവം, അത് കെട്ടുകഥയല്ല ചരിത്രസംഭവമാണ് എന്ന് ദൈവം തന്നെ മനുഷ്യചരിത്രത്തിലൂടെ തെളിയിക്കുന്നു. ക്രിസ്തു, പ്രവാചകന്‍മാര്‍ പ്രതീക്ഷിച്ചിരുന്ന, കാത്തിരുന്ന മിശിഹായാണ് മനുഷ്യരക്ഷകനാണ്. ലോക മാസകലമുള്ള എല്ലാ ജനതകളും പേരെഴുതിക്കാന്‍ താന്താങ്ങളുടെ പട്ടണ ത്തില്‍ ഒരുമിച്ചുചേരുന്നത് ഒരു സൂചനയാണ്. ലൂക്കാ സുവിശേഷം 2,10ല്‍ ദൂതന്റെ വാക്കുകളിങ്ങനെ,- ഇതാ സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. അന്ന് നിലവിലിരുന്ന രാഷ്ട്രീയസാമുദായിക സാഹചര്യത്തില്‍ നികുതി നിശ്ചയിക്കുന്നതിനും, പട്ടാള ജോലി നിര്‍ണയത്തിനുമായി ഓരോ നാല്‍പതുവര്‍ഷവും കാനേഷുമാരി കണക്കെടു ക്കുന്ന രീതി നിലവിലുണ്ടായിരുന്നു. ഭൂമി കണ്ട ഏറ്റം പൂര്‍ണ്ണമനുഷ്യന്റെ വരവിനുവേണ്ടി ദൈവം പദ്ധതികള്‍ മെനഞ്ഞൊരു കാലത്ത് ഒരു നിമിത്തം പോലെ ഈ കാനേഷുമാരി നടക്കുന്നു.

ക്രിസ്തു വചനം മാംസമായ ദൈവമാണ്. ദൈവമായിരുന്നിട്ടും ദൈവത്തോടുള്ള സമാനത മുറുകെ പിടിക്കേണ്ടകാര്യമായി പരിഗണിക്കാതെ മനുഷ്യരക്ഷയ്ക്കുവേണ്ടി, മനുഷ്യസ്‌നേഹത്താല്‍ പ്രേരിതനായി മനുഷ്യാവതാരം ചെയ്തവനാണവിടുന്ന്. അവിടുന്ന് സാര്‍വ്വത്രിക രക്ഷകനാണ്. ഭൂമിയിലെ ഓരോ മനുഷ്യനെയും വ്യക്തിപരമായി കരുതുന്നവനാണവിടുന്ന്. ക്രിസ്തു, ഭാവനയില്‍ വിരിഞ്ഞ ദൈവപുരുഷനല്ല മറിച്ച് ചരിത്രത്തില്‍ ദൈവം കനിഞ്ഞേകിയ ദൈവസാന്നിധ്യമാണ്. വി. ഗ്രന്ഥചരിത്രവും ലോകചരിത്രവും സാക്ഷിക്കുന്ന ഈ വലിയ വിശ്വാസസത്യത്തിന്റെ സാക്ഷികളും പ്രഘോഷകരുമാകേണ്ടവരാണ് നമ്മള്‍.

ദൈവത്തിന് മനുഷ്യരുടെ ജീവിതത്തിലിടപെടാന്‍ ദൈവം കണ്ടെത്തുന്ന ചിലവഴികളുണ്ട്. ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ട ജോസഫും നസറത്തിലെ മറിയവും ദൈവം തെരഞ്ഞെടുത്ത വഴികളാണ്. പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായ ക്രിസ്തുവിന്റെ ജനനം അങ്ങനെ ദാവീദിന്റെ വംശത്തില്‍ തന്നെ നടക്കുന്നു.

വന്ധ്യയെന്നു വിളിക്കപ്പെട്ടിരുന്ന എലിസബത്തിനെ ദൈവം കനിഞ്ഞനുഗ്രഹിച്ചതിന്റെ ആറാം മാസം ദൈവദൂതന്‍ ഗബ്രിയേല്‍ നസറത്തിലെ മറിയത്തോട് പറഞ്ഞു: ദൈവത്തിനൊന്നും അസാധ്യമല്ല. അസാധ്യതകളെ സാധ്യതകളാക്കുന്ന ദൈവസ്‌നേഹത്തെ അനുഭവിച്ചറിഞ്ഞവര്‍ ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ എന്ന്. ദൈവവാക്കിനുമുമ്പില്‍ സമ്പൂര്‍ണ്ണ സമര്‍പ്പണംനടത്തുന്നവരുടെ ജീവിതവഴികള്‍ പിന്നീട് ദൈവം ക്രമീകരിക്കുന്നത് ശ്രദ്ധേയമാണ്. അവരുടെ യാത്ര ബെത്‌ലഹമിലേക്ക് അപ്പത്തിന്റെ ഭവനത്തിലേക്കാണ്. അപ്പമാകാനുള്ളവനെ ഉള്ളില്‍ വഹിക്കുന്ന മറിയത്തോടുകൂടെ  ജോസഫ് യാത്ര ആരംഭിക്കുകയാണ്. രണ്ട് ആത്മീയചിന്തകളെ നമുക്ക് സ്വന്തമാക്കാം. ഈ ചിന്തകള്‍ പ്രാര്‍ത്ഥനകളായി പിന്നീട് അത് ജീവിതമാകുമ്പോള്‍ നമ്മളും ദൈവേഷ്ടമനുസരിച്ച് ജീവിക്കുന്നവരാകും.

ഒന്ന്, ഉള്ളില്‍ ദൈവം നിറഞ്ഞ മറിയവും, ദൈവനിയോഗം വിശ്വാസപൂര്‍വ്വം ഏറ്റെടുത്ത യൗസേപ്പും ജീവിതത്തിന്റെ ശ്രേഷ്ഠമാതൃകകളാണ് – ദൈവം ഏല്‍പ്പിച്ച നിയോഗങ്ങളോട് നൂറുശതമാനം വിശ്വസ്തത പുലര്‍ത്താന്‍ കഷ്ടതകള്‍ നിറഞ്ഞ ലോകനിയമങ്ങള്‍പോലും പരാതികളോ പരിഭവങ്ങളോ ഇല്ലാതെ സ്വീകരിക്കുന്നവര്‍. രാഷ്ട്രം ജനത്തോടും ജനം രാഷ്ട്രത്തോടും നീതി പുലര്‍ത്താത്തൊരു സാമൂഹ്യപശ്ചാത്തലത്തില്‍ ജീവിതത്തിന്റെ നിയോഗങ്ങളെ എല്ലാവരും തിരിച്ചറിഞ്ഞറിഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായേനെ.

രണ്ട്, മറിയത്തോടുകൂടെ യാത്ര. കൂടെ യാത്രചെയ്യുന്ന, കൂടെവസിക്കുന്ന, കൂട്ടായി നില്‍ക്കുന്ന ആഴമേറിയ ആത്മബന്ധങ്ങളുള്ള കുടുംബങ്ങളെയാണ് ദൈവം വിഭാവനം ചെയ്യുന്നത്. ലോകം കൈവിരല്‍ തുമ്പിലിരിക്കുന്ന ഈ കാലത്തിന്റെ നഷ്ടമാണ് അകലം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മനുഷ്യബന്ധ ങ്ങള്‍. ഇത് ഒരു ആത്മശോധനയുടെ ഉണര്‍ത്തു പാട്ടാകട്ടെ. എന്റെ ദൈവം എമ്മാനുവേലാണ്- കൂടെ വസിക്കുന്നവന്‍. കൂടെ വസിക്കുന്നവനെ കൂട്ടു പിടിച്ച് ബന്ധങ്ങളുടെ ഊഷ്മളതയിലേക്ക് നമുക്ക് പ്രവേശിക്കാം.

ഫാ. ജീവന്‍ കദളിക്കാട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.