ഇടം തേടുന്ന ഇടയജന്മം

ലോകമാകെയുള്ള ജനതയ്ക്ക് സമാധാന സന്ദേശവും ക്രൈസ്തവര്‍ക്ക് ദിവ്യരക്ഷകന്റെ അവതാരവാര്‍ത്തയുമായി ക്രിസ്തുമസ്സ് ദിനങ്ങള്‍ നമ്മെത്തേടി എത്തുകയായി. ബൈബിളിലെ അസന്നിഗ്ദ സത്യങ്ങള്‍ സുവിശേഷ രചയിതാക്കള്‍ ഏതാനും വാക്കുകളില്‍ ഒതുക്കുന്നുണ്ട്. സുവിശേഷങ്ങളില്‍ വി. മത്തായിയും വി. ലൂക്കായും മാത്രമാണ് യേശുവിന്റെ തിരുജനനത്തെ പ്പറ്റി പ്രതിപാദിക്കുന്നത്. എന്നാല്‍ അതാകട്ടെ, ഏതാനും ചെറിയ വാക്കുകളി ലും വാചകങ്ങളിലും. ജനനസംബന്ധിയായ കാര്യങ്ങളെക്കുറിച്ച് (യേശുവിന്റേയും സ്‌നാപകയോഹന്നാന്റേയും) വളരെ വിശദമായി സുവിശേഷ ങ്ങളുടെ ആരംഭത്തില്‍ പ്രദിപാദിക്കുന്ന വി. ലൂക്കാ ‘അവള്‍ തന്റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു’ (ലൂക്കാ 2:6) എന്നുമാത്രമാണ് യേശുവിന്റെ ജനനത്തെ ക്കുറിച്ചു പറയുക. അവതരണത്തിലെ വാക്കുകളുടെ ബഹുലതകള്‍ക്കൊ ണ്ടോ ആവര്‍ത്തിച്ചുള്ള പ്രയോഗങ്ങള്‍ക്കൊണ്ടോ സ്ഥാപിക്കപ്പെടേണ്ടതല്ല രക്ഷകന്റെ ജനനം എന്നതിനാലാവാം അത്.

വി. ലൂക്കായുടെ സുവിശേഷത്തില്‍ യേശുവിന്റെ ജനനം വിവരിക്കുന്ന രണ്ടാം അദ്ധ്യായം 1 മുതല്‍ 5 വരെയുള്ള വാക്യങ്ങള്‍ ഈ സംഭവത്തിന്റെ ഭൗതികവും ചരിത്രപരവുമായ തെളിവുകള്‍ നല്‍കാന്‍ വേണ്ടി ഉപയോഗിച്ചിട്ടുള്ളതാണ്. അഗസ്റ്റസ് സീസ്സര്‍ നടത്തിയിട്ടുള്ളതായി പറയുന്ന ജനസംഖ്യാ കണക്കെടുപ്പ് ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ യേശുവിന്റെ ജനനവും ചരിത്രപരമായ സത്യമാണെന്നു സാക്ഷിക്കുകയാണ് ഈ വേദഭാഗം.

യേശുവിന്റെ ജനനം എന്തുകൊണ്ട് കാലിത്തൊഴുത്തിലായി എന്നതിന് സുവിശേഷം നല്കുന്ന ഉത്തരം ദൈവഹിതം അപ്രകാരമായിരുന്നു എന്നതല്ല മറിച്ച് ”സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല” എന്നതാണ്. ദൈവപുത്രന് ജനിക്കാന്‍ സത്രത്തില്‍ സ്ഥലം തരപ്പെടുത്താന്‍ ദൈവത്തിന് കഴിയാഞ്ഞിട്ടല്ല കാലിക്കൂട്ടിലേയ്ക്ക് യാത്രയായത്. പിന്നെയോ വലിയ ഒന്നിന്റെ എളിയ ആരം ഭം കാണിച്ചുതരുന്നതിനാണ്.

നല്ലതിനും നന്മയ്ക്കും ലോകത്തില്‍ ഇടം കിട്ടാത്ത അവസ്ഥയിലേയ്ക്ക് മനുഷ്യജീവിതം ചുരുങ്ങുകയാണ്. ഇന്ന് നല്ല വിശേഷങ്ങള്‍ സത്രത്തില്‍ നിന്നും കാലിത്തൊഴുത്തിലേയ്ക്ക് കുടിയിറക്കപ്പെടുകയാണ്. അലങ്കരിച്ചൊരു ക്കി വാതിലുകള്‍ തുറന്നിട്ട് അതിഥിയുടെ വരവിനായി കാത്തിരിക്കേണ്ട സത്ര ങ്ങള്‍ കെട്ടിപ്പടുക്കപ്പെടുന്നു. അസൂയയുടേയും വെറുപ്പിന്റേയും ചതുപ്പുനില ങ്ങളായ കാലിത്തൊഴുത്തുകളില്‍ നന്മയുടെ വിത്തുകള്‍ മുളയ്ക്കുന്നു. പ്രശസ് തരായ വ്യക്തികളുടെ ജനനസ്ഥലവും വീടുമൊക്കെ പ്രശസ്തങ്ങളാണ്. ക്രിസ്തുമസ്സ് നാളില്‍ ഒരായിരംവട്ടം അനുസ്മരിക്കുന്ന പുല്‍ക്കൂടിനും കാലി ത്തൊഴുത്തിനുമെങ്ങനെ ആ ഓര്‍മ്മ കൈവന്നു? ഒരുപക്ഷെ നസ്രത്തിലെ ഒരു സത്രത്തിനു ലഭിക്കാമായിരുന്ന ഓര്‍മ്മയുടെ സൂക്തങ്ങള്‍ എങ്ങനെ അതിനു നഷ്ടമായി? സത്രവും കാലിത്തൊഴുത്തും ഇന്നത്തെ മനുഷ്യന്റെ രണ്ട് പ്രതിരൂപങ്ങളാണ്. അലങ്കാരങ്ങളും ആഘോഷങ്ങളും ആചാരങ്ങളുംകൊണ്ടു നിറയ്ക്കപ്പെട്ടതിനാല്‍ യേശുവിനു ജനിക്കാന്‍ ഇടമില്ലാതെപോയ അടയ്ക്കപ്പെട്ട സത്രം പോലെ നിലകൊള്ളുന്ന മനുഷ്യഹൃദയങ്ങള്‍. ആഘോഷങ്ങളുടെ ആളനക്കമോ പരാതികളുടെ പാതിരാവുകളോ ഇല്ലാതെ ഇല്ലായ്മയുടെ നടുവിലും സദാ തുറന്നിട്ട വാതിലുമായി കാലിത്തൊഴുത്തുകണക്കെ നിലകൊള്ളുന്ന മനുഷ്യഹൃദയങ്ങളും ജീവിതം കാലിത്തൊഴുത്തുപോലെ ഓര്‍മ്മിക്കപ്പെടാന്‍ ഇഷ്ടമില്ലാത്തതായാലും ഓര്‍ക്കുക ജനിയ്ക്കാന്‍ ഇടം തേടുന്ന നല്ലിടയന്‍ നിന്റെ മുന്‍പിലുണ്ട്.

കാത്തിരിയ്ക്കാന്‍ ആളില്ലാത്ത ഓര്‍ക്കുമ്പോള്‍ വൃത്തികേടിന്റെയും അറപ്പുള വാക്കുന്ന ദുര്‍ഗന്ധത്തിന്റേയും സാന്നിധ്യമുള്ള കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ യേശു പിറന്നപ്പോള്‍ തൊഴുത്തിനും മഹിമ കൈവന്നു. യേശു ഏതുമനുഷ്യന്റെ ജീവിതത്തിലും ജന്മമെടുക്കാന്‍ ആഗ്രഹിക്കുന്നവനാണെന്ന ഈ വെളിപ്പെടുത്തല്‍ ജീവിതത്തില്‍ പകരുന്നത് കെട്ടുപോകാത്ത പ്രതീക്ഷയാണ്. വാതില്‍ തുറക്കാത്ത സത്രം യേശുവിന് തൊഴുത്തുപോലെയും, തുറന്ന വാതി ലുള്ള തൊഴുത്ത് സത്രം പോലെയുമാണ്. വിരിച്ചൊരുക്കി വിരുന്നുകാര്‍ക്കു വേണ്ടി കാത്തിരിക്കാന്‍ വിധിക്കപ്പെട്ട സത്രവാതിലുകള്‍ അടയ്ക്കപ്പെട്ടപ്പോള്‍, നന്മയുടെ സാന്നിധ്യത്തെ തൊഴുത്തിലേയ്ക്ക് പറഞ്ഞുവിട്ടപ്പോള്‍ അവിടം അവിസ്മരണീയമായിത്തീരുന്നു. ഉള്ളില്‍ വസിക്കുന്നവനാണ് ആകെയുള്ളതിന് വിലനല്കുന്നത്. വിലപ്പെട്ട മനുഷ്യന്റെ വില കെട്ടുപോകാതിരിക്കാന്‍ ഉള്ളില്‍ ദൈവം ജനിക്കണം. ഉള്ളിലെ പുല്‍ക്കൂട്ടില്‍ പിറന്നുവീണ ഉണ്ണിയേശു കാലിത്തൊഴുത്തിനു പുണ്യസ്മരണ നല്കിയതുപോലെ സത്രം കണക്കെ കാത്തുസൂക്ഷിക്കുന്ന നിന്റെ ജീവിതത്തില്‍ യേശു വന്നുപിറക്കുമ്പോള്‍ പുല്‍ ക്കൂട്ടിലേയും വലിയ പുണ്യമുണ്ടാകും നിന്റെ ജീവിതത്തില്‍. പുല്‍ക്കൂട്ടില്‍ പിറന്നുവീണ ഉണ്ണിയേശു കാലിത്തൊഴുത്തിനു പുണ്യസ്മരണ നല്കിയതു പോലെ നിന്റെ ഹൃദയത്തില്‍ പിറന്നു വീഴുന്ന ഉണ്ണിയേശുവിന്റെ ജീവിതത്തിനും പുണ്യസ്മരണ നല്കും. ജീവിതാവേശങ്ങളുടെ തിരയിളക്കം തൊഴുത്തു പോലെ ജീവിതത്തെ പരിവര്‍ത്തനപ്പെടുത്തിയാലും ഭയപ്പെടരുതെ, ജനിക്കാന്‍ ഇടം തേടുന്ന നല്ലയിടയന്‍ ഇടമന്വേഷിച്ച് നിന്റെ മുമ്പിലുണ്ട്. നിന്റെ ഉള്ളില്‍ ദൈവം വസിക്കുന്നു എന്നു ലോകം കണ്ടാല്‍ ആരാധനയ്ക്കായ് ആളുകൂടും കൈയ്യില്‍ പൊന്നും, മീറയും, കുന്തിരിക്കവുമായി അങ്ങനെ അവരെ നിനക്ക് ദൈവത്തിലെത്തിയ്ക്കാം. ദൈവത്തിലേയ്ക്കു തിരിഞ്ഞ ചൂണ്ടുപലകപോലെ.

ദൈവം ഒഴികെ ജീവിതത്തില്‍ മറ്റെല്ലാറ്റിനും ഇടമുണ്ടിന്ന്. ലോകവും ചിന്തകളും അതിനായി മനുഷ്യനെ നിര്‍ബന്ധിക്കുന്നു. ആയിരം പുല്‍ക്കൂടുകളില്‍ പിറക്കുന്ന ഉണ്ണിയേശു എന്റെ ഹൃദയത്തില്‍ പിറക്കുന്നില്ലെങ്കില്‍ ഞാനും വി സ്മരിക്കപ്പെട്ടവനാണ്. ഈ ലോകതത്വമനുസരിച്ച് ഇടിച്ചുകയറാന്‍ കെല്പുള്ളവനെ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ. സാധനങ്ങള്‍ വിറ്റഴിക്കപ്പെടാന്‍ വേണ്ടി ഉപയോഗിക്കുന്ന പരസ്യമെന്ന വിപണനതന്ത്രവും അതുതന്നെ. ഇല്ലാത്തതിനെ പരസ്യത്തിന്റെ മായാവലയത്തില്‍ ഉണ്ടെന്നുവരുത്തിത്തീര്‍ത്ത് ഹൃദയത്തില്‍ ഇടം നേടുന്നു. മനുഷ്യനില്‍ ജന്മംകൊള്ളാന്‍ ആഗ്രഹിക്കുന്ന ദൈവം ഇടിച്ചുകയറാറില്ല. വാതില്‍ക്കല്‍ കാത്തുനിന്ന് മുട്ടിവിളിക്കാന്‍ തയ്യാറാണവന്‍. ഉത്തരം ഇല്ലായെന്നാണെങ്കിലോ, വശങ്ങളിലേയ്ക്കു മാറ്റിനിര്‍ത്തപ്പെട്ടവര്‍ എന്ന് സമൂഹം മുദ്രകുത്തിയവനില്‍ അവന് ജനിയ്ക്കാന്‍ ഇടമുണ്ടാകും. ഈ ക്രിസ്തുമസ്സ് നാളില്‍ നമ്മുടെ ചിന്തകള്‍ക്കിടയില്‍, മനോഭാവങ്ങള്‍ക്കിടയില്‍, ജീവി തവ്യഗ്രതകള്‍ക്കിടയില്‍, ആഗ്രഹങ്ങള്‍ക്കിടയില്‍, വ്യക്തിബന്ധങ്ങള്‍ക്കിടയില്‍ പിറക്കാന്‍ ഇടംതേടുന്ന യേശു ഉണ്ടെന്നറിയുക. ഒരിടമൊരുക്കി അവന്‍ ജീവിത ത്തില്‍ പിറവികൊണ്ടാല്‍ വികലതകള്‍ മാറ്റി വിശ്വോത്തരങ്ങളാക്കും നമ്മെ.

ഫാ. വര്‍ഗ്ഗീസ് വെള്ളാവൂര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.