ക്രൈസ്തവരുടെ പ്രത്യാശയാണ് ക്രിസ്മസ് – ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രത്യാശയുടെ വലിയ സന്ദേശമാണ് ദൈവപുത്രന്റെ മനുഷ്യാവതാരത്തിലൂടെ മാനവകുലത്തിന് ലഭിച്ചതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച പൊതുപ്രസംഗത്തില്‍ സംസാരിക്കവേയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ”ക്രിസ്തുവിന്റെ ജനനം നമുക്ക് പ്രത്യാശയുടെ സമ്മാനമാണ്. ഇഹലോകത്തിലെ സാഹചര്യങ്ങളെ നേരിടുവാനുള്ള ബലവും ശക്തിയും നമുക്ക് ലഭിച്ചത് അവിടുന്ന് ലോകത്തിലേക്ക് വന്നത് കൊണ്ടാണ്. പുത്രനായ ക്രിസ്തുവിലൂടെ പിതാവായ ദൈവത്തിങ്കലേക്കാണ് ക്രൈസ്തവരുടെ പ്രത്യാശ. ബേത്‌ലഹേമിലെ പൈതല്‍ നമുക്കു നല്‍കുന്നത് ഈ മഹത്വകരമായ പ്രത്യാശയാണ്.” ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

വിശുദ്ധ ഫ്രാന്‍സിസ് അസീസിയാണ് പുല്‍ക്കൂടിന് തുടക്കം കുറിച്ചത്. ആ പുല്‍ക്കൂട്ടിലെ ലാളിത്യമാണ് പ്രത്യാശയുടെ മഹനീയ മാതൃകയായി തലമുറകളിലേക്ക് കൈമാറുന്നതെന്നും ഫ്രാന്‍സിസ് പാപ്പ ചൂണ്ടികാണിച്ചു. ക്രൈസ്തവരായ നാം ഇഹലോക ജീവിത യാത്രയില്‍ പ്രത്യാശയോടെയാണോ ജീവിക്കുന്നതെന്ന കാര്യം ചിന്തിക്കേണ്ട വിഷയമാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ക്രിസ്തുമസിന് ഒരുക്കുന്ന പുല്‍ക്കൂടുകളില്‍ ഇതേ പ്രത്യാശ കാണുവാന്‍ സാധിക്കും.

എളിമയുടെ സന്ദേശമാണ് പുല്‍ക്കൂട് നമുക്ക് നല്‍കുന്നത്. യഹൂദിയായിലെ ചെറുപട്ടണമായ ബേത്—ലഹേമിലാണ് രക്ഷകന്‍ വന്നു പിറന്നത്. ഇവിടെ മുതല്‍ നമുക്ക് ആ എളിമ ദര്‍ശിക്കാം. പരിശുദ്ധ അമ്മ ദൈവദൂതനോട് താന്‍ വിധേയപ്പെടുന്നുവെന്നു പറയുന്നത് തന്നെ വലിയ പ്രത്യാശയോടെയാണ്. പുല്‍ക്കുടിലില്‍ നമുക്ക് അമ്മയെ ദര്‍ശിക്കാം. അതിനു സമീപമായി ജോസഫ് നല്‍ക്കുന്നു. ദൂതന്റെ സന്ദേശം ഉള്‍ക്കൊള്ളുകയും ദൈവാത്മാവിനാല്‍ നിറഞ്ഞ ശിശുവിനെയാണ് താന്‍ സംരക്ഷിക്കേണ്ടതെന്ന ഉത്തരവാദിത്വവും അദ്ദേഹം ഏറ്റെടുക്കുന്നു’.

പണ്ഡിതരേയുംസാധാരണക്കാരായ ആട്ടിടയരേയും നമുക്ക് പുല്‍ക്കുടിലില്‍ കാണുവാന്‍ സാധിക്കും. ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരനായ മിശിഹായേ പ്രതീക്ഷയോടെ കാത്തിരുന്നവരാണ് അവര്‍. തങ്ങളെ രക്ഷിക്കുവാന്‍ സ്വന്തമായി കഴിയില്ലെന്ന തിരിച്ചറിവാണ് അവരെ രക്ഷകന് വേണ്ടി പ്രത്യാശയോടെ കാത്തിരിക്കുവാനുള്ള സാഹചര്യത്തെ ഒരുക്കിയത്. ഈ തിരിച്ചറിവ് ഏറെ പ്രധാനപ്പെട്ടതാണ്. ദൈവത്തിലുള്ള പ്രത്യാശ മാത്രമാണ് നമ്മേ കാത്തു സംരക്ഷിക്കുന്നത്. കാലിതൊഴുത്തിലെ എല്ലാവര്‍ക്കും പ്രത്യാശയുടെ ഈ തിരിച്ചറിവ് ഉണ്ടായിരുന്നു.” പാപ്പ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.