മാതൃകയാണ്, യൂറോപ്പിലെ ഈ ക്രിസ്തുമസ് ആഘോഷം 

സി. സോണിയാ കുരുവിള മാതിരപ്പള്ളിൽ

യൂറോപ്പില്‍ ക്രിസ്മസ് വളരെ മനോഹരമായി ആഘോഷിക്കാറുണ്ട്. വളരെ മനോഹരമായ പുല്‍ക്കൂടും ക്രിസ്മസ്ട്രീയും മറ്റുമായി എല്ലാ വീടുകളും, കടകളും ഒപ്പം ഒരോ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും തെരുവുകളും വഴിയോരങ്ങളും അലങ്കരിക്കുന്നു. ഓരോ കുടുംബത്തിലും മാതാപിതാക്കള്‍ മക്കള്‍ക്കും, മക്കള്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ തമ്മിലും സുഹൃത്തുക്കള്‍ പരസ്പരവും ഒത്തിരി സമ്മാനങ്ങള്‍ കൈമാറുന്നു.

വിശ്വാസികളും അവിശ്വാസികളും എല്ലാം ഈ പാരമ്പര്യം തുടരുന്നു. എങ്ങും സമ്മാനങ്ങള്‍ മേടിയ്ക്കുവാനുള്ള തിരക്കാണ്. യേശു ക്രിസ്തുവിന്റെ ജനന തിരുനാള്‍ ആഘോഷിയ്ക്കുവാനുള്ള ബാഹ്യമായ ഒരുക്കത്തില്‍  പലപ്പോഴും ചിലരെങ്കിലും ആന്തരികമായ ഒരുക്കങ്ങള്‍ നടത്താന്‍ മറന്നുപോകുമെങ്കിലും തങ്ങളുടെ ചുറ്റുമുള്ള പാവങ്ങളെ കണ്ടില്ല എന്ന് ഇവര്‍ നടിക്കില്ല.

തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായ് സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ അവര്‍ വിശന്ന് വലയുന്ന അപരനുവേണ്ടി എന്തെങ്കിലും നല്ല സാധനങ്ങള്‍ വാങ്ങിക്കും. മിക്ക നഗരങ്ങളിലും എതെങ്കിലും ഒരു പള്ളിയുടെ മുമ്പില്‍ വോളണ്ടിയേഴ്‌സിന്റെ  നേതൃത്വത്തില്‍ പാവങ്ങള്‍ക്കുവേണ്ടിയുള്ള ക്വിറ്റ് സ്വീകരിയ്ക്കും. ഉടന്‍ തന്നെ അവ അടുത്തുള്ള പാവപ്പെട്ടവരുടെ ഭവനങ്ങളില്‍ എത്തിയ്ക്കും (നിറമോ  ജാതിയോ  മതമോ നോക്കാതെ). അങ്ങനെ ചുറ്റുമുള്ളവരും വിശപ്പറിയാത്ത ഒരു നല്ല ക്രിസ്തുമസ്‌ക്കാലം എല്ലാവരോടുമൊപ്പം പങ്കിടുന്നു. ഈ ദിവസങ്ങളില്‍ ഒറിസ്താനോ, കാല്യരി എന്നി നഗരങ്ങളിലുള്ള രണ്ട് പള്ളികളുടെ മുമ്പില്‍ നിന്നുള്ള കാഴ്ച്ചകള്‍ ചുവടെ.