ഈശോയെ കൂട്ടുപിടിച്ച് പരീക്ഷ എഴുതാം

പത്ത്, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരീക്ഷ തുടങ്ങിയിരിക്കുകയാണ്‌. ഇവരെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ ഒരു പരീക്ഷാ കാലഘട്ടമാണിത്. അതിനാൽ തന്നെ ആകുലതകളും ഏറെയുണ്ട്. ഈ ആകുലതകളൊക്കെ മാറ്റി പരീക്ഷ എഴുതാൻ നമുക്ക് കഴിയും. പക്ഷേ അതിന് ഈശോയെ കൂട്ടുപിടിക്കണമെന്നു മാത്രം.

ഈശോയെ കൂടെ കൂട്ടി പരീക്ഷ എഴുതാൻ നിങ്ങളെ സഹായിക്കുന്ന ഏതാനും കുറിക്കുവഴികൾ ഇതാ:

1. പ്രാർത്ഥനയോടെ പഠിക്കാം

പരീക്ഷയ്ക്ക് ഒരുങ്ങുന്ന സമയമാണല്ലോ ഇത്. ചുരുക്കിപ്പറഞ്ഞാൽ അവസാനവട്ട ഒരുക്കം നടക്കുന്ന സമയം. ഈ സമയം പഠിക്കുന്നതൊക്കെയും പ്രാർത്ഥനയോടെ ആരംഭിക്കാം. അതിരാവിലെ എഴുന്നേറ്റ് പഠിക്കുന്ന എല്ലാ വിഷയങ്ങളെയും ദൈവത്തിനു സമർപ്പിക്കാം. പഠിക്കുന്ന കാര്യങ്ങളൊക്കെയും ഓർമ്മയിൽ നിന്നതിനും പരീക്ഷ ഏറ്റവും നന്നായി എഴുതിയതിനും ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടും പ്രാർത്ഥിക്കാം. ഇങ്ങനെ പ്രാർത്ഥിക്കുമ്പോൾ കൂടുതൽ പ്രതീക്ഷ മനസ്സിൽ നിറയും.

2. ഈശോയെ കൂടെയിരുത്താം

പരീക്ഷയ്ക്ക് പഠിക്കുമ്പോഴും പരീക്ഷ എഴുതുമ്പോഴും നാം ഒറ്റയ്ക്കല്ല ഈശോ നമ്മോടൊപ്പം ഉണ്ടെന്ന സത്യം നാം മനസിലാക്കണം. ഈശോയെ കൂടെയിരുത്തിക്കൊണ്ട് പരീക്ഷ എഴുതാൻ തുടങ്ങാം. ഒപ്പം പരിശുദ്ധ ത്രീത്വത്തിന്റെ സാന്നിധ്യം പഠിക്കുമ്പോഴും പരീക്ഷ എഴുതുമ്പോഴും നമ്മോടൊപ്പം ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കാം. അപ്പോൾ നാം പരീക്ഷ എഴുതുന്നത് ഒറ്റയ്ക്കായിരിക്കുകയില്ല. പരിശുദ്ധ ത്രീത്വത്തിന്റെ സാന്നിധ്യത്തിലായിരിക്കും.

3. ജ്ഞാനത്തിനായുള്ള പ്രാർത്ഥന

വിശുദ്ധ ഗ്രന്ഥത്തിൽ ജ്ഞാനത്തിന്റെ പുസ്തകം ഒൻപതാം അദ്ധ്യയത്തിൽ ജ്ഞാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനയുണ്ട്. പഠിക്കുമ്പോഴും പരീക്ഷയ്ക്കായി വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും ജ്ഞാനത്തിനായുള്ള പ്രാർത്ഥന ചൊല്ലിയിട്ട് ഇറങ്ങുക. ദൈവികമായ ജ്ഞാനം നമ്മിൽ നിറയുവാൻ ഈ പ്രാർത്ഥന സഹായിക്കും.

4. ആകുലതകൾ ദൈവത്തിനു സമർപ്പിക്കാം

പല കുട്ടികളുടെയും പ്രശ്നമാണ് അമിതമായ ആകുലത. പരീക്ഷാപേടി മൂലം പഠിച്ച പല കാര്യങ്ങളും മറന്നുപോകുന്ന കുട്ടികളെ അറിയാം. ഇത്തരം സന്ദർഭങ്ങളിൽ അമിതമായ ആകുലത ഗുണത്തിനു പകരം ദോഷമേ ചെയ്യൂ എന്ന് മനസിലാക്കാം. നമ്മുടെ ആകുലതകൾ മനസിലാക്കുന്ന ദൈവത്തിന്റെ കൈകളിലേയ്ക്കു തന്നെ നമ്മുടെ പേടികളെ നൽകാം. ദൈവം കൂടെയുണ്ടെന്ന് ഉറച്ചു വിശ്വസിക്കാം. അപ്പോൾ ആകുലത അകലുകയും സ്വസ്ഥത നിറയുകയും ചെയ്യും.

5. മനസിലെ വിദ്വേഷം അകറ്റാം

പരീക്ഷയ്ക്കായി ഒരുങ്ങുന്ന ഈ സമയം നമ്മുടെ മനസ്സിൽ ആരോടെങ്കിലും വെറുപ്പും വിദ്വേഷവുമുണ്ടോ? ചിന്തിക്കാം. ചിലപ്പോൾ ചില അധ്യാപകരോട്, ചില കൂട്ടുകാരോട് ഒക്കെ ദേഷ്യം നമ്മുടെ ഉള്ളിൽ ഉണ്ടാകാം. അങ്ങനെ ഉണ്ടെങ്കിൽ അതൊക്കെ നീക്കം ചെയ്യാം. ഇത്തരം വിദ്വേഷങ്ങൾ നമ്മെ പഠനത്തിൽ നിന്ന് പിന്നോട്ട് വലിക്കും. അതിനാൽ ദേഷ്യവും വിഷമവുമൊക്കെ മാറ്റി സ്വസ്ഥതയോടെ ആയിരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.