പിതൃദിനത്തിൽ നിങ്ങളുടെ പിതാക്കന്മാരെയോർത്ത് ആകുലരാണോ? ഈ വിശുദ്ധർ നിങ്ങൾക്കു മുൻപേ നടന്നവരാണ്

പിതൃദിനം വളരെ സന്തോഷം നൽകുന്ന ഒന്നാണ്. സാധാരണ അമ്മമാരെ എല്ലായ്പ്പോഴും വാഴ്ത്തുമ്പോൾ അപ്പന്മാരെ നാമെല്ലാം വിസ്മരിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ അവരുടെ നിശബ്ദസേവനത്തെ നാം എക്കാലവും ഓർമ്മിക്കണം. എങ്കിലും ഒരുപാട് പേർക്ക് ഫാദേഴ്സ് ഡേ എന്നത് ചിലപ്പോൾ കണ്ണീരോർമ്മയായിരിക്കും. നമ്മിൽ നിന്നും മരണത്താൽ വേർപിരിഞ്ഞവരോ ‘അപ്പാ’ എന്ന് വിളിക്കാൻ കുഞ്ഞുങ്ങൾ ഇല്ലാത്തവര്‍ക്കോ ഒക്കെ ഈ പിതൃദിനം വളരെയധികം വേദനയുണ്ടാക്കുന്നു.

ഈ ദിനത്തെയോർത്ത് വിഷമിക്കുന്നവരാണോ നിങ്ങൾ? വിഷമിക്കേണ്ട, നിങ്ങൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ കൂടി കടന്നുപോയ നിരവധി വിശുദ്ധരുണ്ട് നമുക്ക്. അവരെ അറിയാം. അവരോട് പ്രാർത്ഥിക്കാം. നമ്മുടെ വിഷമങ്ങൾ എടുത്തുമാറ്റുവാൻ അവരുടെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാം.

1. നിങ്ങളുടെ പിതാവ് നിങ്ങളിൽ നിന്ന് അകന്നുപോയവരാണോ?

വാഴ്ത്തപ്പെട്ട ജെറോഗ്ന്യൂ വൊച്ചകോസ്‌കിക്ക് അദ്ദേഹത്തിന്റെ 11 വയസ്സു വരയേ തന്റെ പിതാവിനൊപ്പം താമസിക്കുവാൻ സാധിച്ചിരുന്നുള്ളൂ. അദ്ദേഹത്തിന്റെ പിതാവിന്റെ അമിത മദ്യപാനം മൂലം കുടുംബത്തെ ഉപേക്ഷിച്ച് അദ്ദേഹം മറ്റൊരിടത്തേക്ക് പോയി. പിന്നീട് ഒരു സലേഷ്യൻ യൂത്ത് സെന്ററിൽ എത്തപ്പെട്ട വൊച്ചകോസ്‌കിക്ക് അവിടുത്തെ പുരോഹിതരായിരുന്നു പിതാവിന്റെ സ്നേഹവും വാത്സല്യവും നൽകിയത്.

പിന്നീട് സ്‌കൂൾ വിദ്യാഭ്യാസം പകുതി വഴിയിലുപേക്ഷിച്ച് ഒരു ഫാർമസിയിൽ ജോലി ചെയ്യാനാരംഭിച്ചു. നാസികൾ പോളണ്ട് കൈയ്യേറിയപ്പോൾ യൂത്ത് ഗ്രൂപ്പ് പ്രവർത്തിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടു. എന്നാൽ സംഘത്തിലുണ്ടായിരുന്ന നിരവധി യുവാക്കൾ രഹസ്യസങ്കേതങ്ങളിൽ ഒത്തുകൂടിയിരുന്നു. നാസികൾക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കുചേർന്നതിനാൽ പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും രണ്ടു വർഷത്തോളം ജയിലിൽ തടവിലാക്കപ്പെടുകയും ചെയ്തു. പിന്നീട് വൊച്ചകോസ്ക്കി രക്തസാക്ഷിത്വം വരിച്ചു.

2. നിങ്ങളുടെ പിതാവിന്റെ മുൻപിൽ വിലയില്ലാത്തവരെന്ന ചിന്ത നിങ്ങളെ അലട്ടുന്നുണ്ടോ? ഈ വിശുദ്ധനെ അറിയാം

വി. അൽഫോൻസ് ലിഗോരി സഭയിലെ വലിയൊരു പണ്ഡിതനും ഇറ്റാലിയൻ ബിഷപ്പും ആയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഗ്യൂസപ്പെ കപ്പലിലെ ക്യാപ്റ്റൻ ആയിരുന്നു. അദ്ദേഹത്തിന്റെ മകനെ ഓർത്ത് ഗ്യൂസപ്പെ അസന്തുഷ്ടനായിരുന്നു. പ്രായത്തിനൊത്ത വളർച്ചയില്ലാത്ത ലിഗോരി, ആരോഗ്യം കുറഞ്ഞവനും ആസ്മ രോഗിയുമായിരുന്നു. തന്റെ മകൻ സൈന്യത്തിൽ ചേർന്നാൽ ഒരിക്കലും ശോഭിക്കില്ലെന്നു മനസ്സിലാക്കിയ ആ പിതാവ് ഒടുവിൽ ലിഗോരിയെ നിയമം പഠിക്കുവാനയച്ചു. പിന്നീട് ഒരു മികച്ച വക്കീൽ എന്ന നിലയിൽ പ്രശസ്തനായി തുടങ്ങിയപ്പോഴേക്കും അദ്ദേഹത്തിന് ദൈവവിളി ലഭിച്ചു. എന്നാൽ അത് ഗ്യൂസപ്പെ എതിർത്തു. അപ്പോൾ ‘എനിക്ക് പിതാവില്ല, പക്ഷേ ദൈവമുണ്ട്’ എന്ന് പറഞ്ഞുകൊണ്ട് ലിഗോരി വൈദികപഠനത്തിനായി സെമിനാരിയിൽ ചേർന്നു.

പിന്നീട് ഫാ. അൽഫോൻസ് ലിഗോരി പുരുഷാരങ്ങളുടെ മദ്ധ്യേ വലിയ ശക്തിയിൽ ഏറ്റവും മനോഹരമായി പ്രസംഗിക്കുന്നതു കാണാൻ ഗ്യൂസപ്പെയ്ക്ക് കഴിഞ്ഞു. ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധൻ എന്ന് ആളുകൾ ബിഷപ്പ് അൽഫോൻസ് ലിഗോരിയെ വിളിച്ചുതുടങ്ങി. അതൊക്കെ അദ്ദേഹത്തിന്റെ പിതാവ് ഗ്യൂസപ്പെയ്ക്ക് കേൾക്കാൻ സാധിച്ചു. ആദ്യമൊക്കെ മകനിൽ അസന്തുഷ്ടനായിരുന്നെങ്കിലും പിന്നീട് ആ പിതാവിന് തന്റെ ചിന്താഗതി മാറ്റുവാൻ ദൈവം അവസരം നൽകി.

3. ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട പിതാവാണോ നിങ്ങൾ?

വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സ്ഥാപകനായ വാ. ഫ്രഡറിക് ഒസാനം എന്ന പിതാവിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇരുപത്തിയെട്ടാം വയസ്സിൽ വിവാഹിതനായ അദ്ദേഹം വളരെ കുറച്ചു നാൾ മാത്രമേ ജീവിച്ചിരുന്നുളളൂ. അദ്ദേഹത്തിന്റെ ആദ്യത്തെ രണ്ടു മക്കളും ഭാര്യ അമേലിയായുടെ ഗർഭാവസ്ഥയിൽ വച്ചു തന്നെ മരണമടഞ്ഞു. ഇതിൽ അതീവദുഃഖിതയായ അദ്ദേഹത്തിന്റെ ഭാര്യ അമേലിയ വിശ്രമത്തിനായി സ്വന്തം വീട്ടിലേക്ക് പോയി. ആ സമയം ഫ്രഡറിക്ക് എഴുതിയ അതിമനോഹരമായ കത്തുകൾ കണ്ടെടുത്തിട്ടുണ്ട്.

എല്ലാ ദിവസവും എഴുതിയ കത്തുകളിലെല്ലാം തന്റെ ദുഃഖവും വേദനയും മറക്കാൻ ദിവ്യകാരുണ്യത്തിൽ അഭയം തേടുന്നുണ്ടെന്നും അത് വലിയ ആശ്വാസമാണെന്നും പറഞ്ഞിട്ടുണ്ട്. പിന്നീട് അവർക്ക് ഒരു മകൾ ജനിച്ചു. എങ്കിലും അദ്ദേഹം തന്റെ നാൽപതാം വയസ്സിൽ മരണമടഞ്ഞു.

4. നിങ്ങളുടെ പിതാവ് മരണമടഞ്ഞു എങ്കിൽ ഈ വിശുദ്ധയോട് പ്രാർത്ഥിക്കൂ

വി. ലിഡ്‌വിനയ്ക്ക് സ്കേറ്റിങ്ങിനിടയിൽ പരിക്കു പറ്റി വർഷങ്ങളോളം വിശ്രമജീവിതത്തിലായിരുന്നു. ഡച്ചുകാരിയായ ഇവരുടെ ജീവിതം കിടക്കയിൽ ചിലവഴിക്കേണ്ടി വന്നതിൽ വലിയ നിരാശയായിരുന്നു. എങ്കിലും ഈശോയോടൊത്ത് തന്റെ ജീവിതത്തിലെ സഹനങ്ങൾക്ക് അർത്ഥം കണ്ടെത്തുവാൻ അവൾ ശ്രമിച്ചു. അതിലൂടെ അവർക്കു വലിയ ആത്മീയനിർവൃതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പെട്ടന്നുണ്ടായ അവളുടെ പിതാവിന്റെ മരണം വിശുദ്ധയെ കഠിനദുഃഖത്തിലാഴ്ത്തി. കാരണം അവളുടെ അമ്മ ലിഡ്‌വിനയെ വലിയൊരു ഭാരമായിട്ടായിരുന്നു കണ്ടിരുന്നത്. ആ അവസ്ഥയിൽ പിതാവിന്റെ സ്നേഹവും കരുണയുമായിരുന്നു അവൾക്ക് ആശ്വാസമായിട്ടുണ്ടായിരുന്നത്. പിതാവിന്റെ വിയോഗം ലിഡ്‌വിനയുടെ സമാധാനം ഇല്ലാതാക്കിയെങ്കിലും ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് പ്രാർത്ഥിച്ചു. പിന്നീട് പരിശുദ്ധ അമ്മ വിശുദ്ധയ്ക്ക് ആശ്വാസം നൽകിയെന്നും അതിലൂടെ തന്റെ സഹനങ്ങൾക്ക് അർത്ഥം കണ്ടെത്തുവാനും അവള്‍ക്ക് സാധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.