ലോകശ്രദ്ധയാകര്‍ഷിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരിയന്‍ രൂപം

ബല്‍ഗേറിയായിലെ ഹാസ്‌ക്കോവോയില്‍, ഉണ്ണീശോയെ കയ്യിലേന്തിയ മരിയ രൂപം ഇനി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരിയ രൂപം എന്ന പേരില്‍ അറിയപ്പെടും. 100 അടിയിലധികം (30 മീറ്റര്‍) ഉയരമുള്ള ‘പരിശുദ്ധ ദൈവമാതാവിന്റെ സ്മാരകം’ എന്നു പേരിട്ടിരിക്കുന്ന ഈ രൂപം, ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം ഉണ്ണിയേശുവുമൊത്തുള്ള മാതാവിന്റെ ലോകത്തെ ഏറ്റവും ഉയരമേറിയ രൂപമാണ്.

തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞ ഈ രൂപം കാണാന്‍ ആയിരങ്ങളാണ് ദിനംപ്രതി ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 2002-ലാണ് ഹാസ്‌കോവോ മുനിസിപ്പല്‍ കൗണ്‍സില്‍ ഏതാണ്ട് 1,50,000 യൂറോ ചിലവ് വരുന്ന രൂപം നിര്‍മ്മിക്കുവാനുള്ള അനുവാദം നല്‍കിയത്. വെറും രണ്ടു ലക്ഷം മാത്രം വരുന്ന ഹാസ്‌ക്കോവോ നഗരവാസികളുടെ ഉദാരമായ സംഭാവനയും, നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന രൂപത്തിന്റെ ചിത്രമുവും ഉള്‍കൊള്ളുന്ന പോസ്റ്റ്കാര്‍ഡുകളുടെ വില്‍പ്പനയും വഴിയാണ് നിര്‍മ്മാണത്തിനാവശ്യമായ പണം കണ്ടെത്തിയത്.

ഹാസ്‌ക്കോവിന്റെ മാദ്ധ്യസ്ഥയാണ് കന്യാമേരി. മാതാവിന്റെ ജനനത്തിരുനാളായ 1993-ലെ സെപ്തംബര്‍ എട്ടിനാണ് ഇത് സംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനം നടന്നത്.