ലോകത്തിലെ ഏറ്റവും കളര്‍ ഫുള്ളായ ദേവാലയങ്ങള്‍ 

    നിറങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന ദേവാലയങ്ങള്‍. നിറങ്ങളുടെ അത്ഭുതകരമായ കൂടിച്ചേരലുകളില്‍ കാഴ്ചക്കാരന്റെ കണ്ണുകളെ ഭ്രമിപ്പിക്കുന്ന ചിത്രങ്ങളോടു കൂടിയ ദേവാലയം. സാധാരണ നിലയില്‍ വെള്ള നിറത്തിലാണ് പള്ളികള്‍ കാണപ്പെടുന്നത് എങ്കിലും യൂറോപ്പിലും റഷ്യയിലും അമേരിക്കയിലും ഏതാനും ചില ദേവാലയങ്ങള്‍ ഈ വിധം കാണപ്പെടുന്നുണ്ട്.

    യൂറോപ്പില്‍ ഗോഥിക് കാലഘട്ടങ്ങളില്‍ നിര്‍മ്മിച്ച ചില ദേവാലയങ്ങളില്‍ ആണ് ആദ്യം പല നിറങ്ങള്‍ ഉപയോഗിച്ചുള്ള ചിത്രരചനകള്‍ ആരംഭിച്ചത് എങ്കിലും നിയോ ഗോഥിക് കാലഘട്ടത്തിലും ഈ ശൈലി തുടര്‍ന്ന് വന്നിരുന്നു എന്ന് ചരിത്രം പഠിപ്പിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഫ്‌ളോറന്‍സിലെ മാതാവിന്റെ ബസലിക്കയിലും ഏതാണ്ട് സമാനമായ ശൈലി സ്വീകരിച്ചിരുന്നു. ആധുനിക കാലത്തിലും ഇതേ രീതിയിലുള്ള ദേവാലയങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ആ ദേവാലയങ്ങളിലൂടെ ഒന്ന് കടന്നു പോകാം

    1 . മെക്‌സിക്കോയിലെ ഔര്‍ ലേഡി ഓഫ് റെമഡീസ് ദേവാലയം

    കടും മഞ്ഞ നിറത്തില്‍ ദേവാലയത്തിന്റെ പുറം വശം ചായം പൂശിയ ദേവാലയമാണ് മെക്‌സിക്കോയിലെ പുബെല നഗരത്തിലെ പിരമിഡിനു മുകളില്‍ സ്ഥിതിചെയ്യുന്ന ദേവാലയം. 1575 -75 കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ ദേവാലയം പിരമിഡ് പോലെ തോന്നിക്കുന്ന മലമുകളില്‍ സ്ഥിതി ചെയ്യുന്നു. ഈ ദേവാലയത്തിന്റെ ഉള്‍ഭാഗം പച്ച, മഞ്ഞ, വെള്ള നിറങ്ങളിലുള്ള മാര്‍ബിളുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

    2 . ബാഴ്‌സിലോണയിലെ സഗ്രാദ ഫാമിലിയ ബസിലിക്ക 

    അന്റോണി ഗൌദി എന്ന പ്രശസ്ത കലാകാരന് പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ പോയ ഒരു ദേവാലയമാണ് ബാഴ്‌സിലോണയിലെ സഗ്രാദ ഫാമിലിയ ബസിലിക്ക. എങ്കില്‍ തന്നെയും ബാഴ്‌സിലോണയിലെ പ്രശസ്തമായ സ്ഥലമാണ് ഇത്. 300 ഫീറ്റ് ഉയരത്തില്‍ മണ്ണുകൊണ്ട് നിര്‍മ്മിച്ച ഭീമമായ ഗോപുരങ്ങള്‍ ഈ ബസലിക്കയുടെ പ്രധാന ആകര്‍ഷണമാണ്. മോണ്ടിജൂയിക് കല്ലുകളില്‍ തീര്‍ത്ത ഒരു അത്ഭുത ദേവാലയമാണ് ഇത്.

    3 . ഫ്‌ലോറന്‍സിലെ സെന്റ് മേരീസ് ഓഫ് ഫ്‌ലവേഴ്‌സ്

    സെന്റ് മേരീസ് ഓഫ് ഫ്‌ലവേഴ്‌സ് ദേവാലയം ഫ്‌ലോറന്‍സിന്റെ കത്തീഡ്രല്‍ എന്നാണ് പൊതുവായി അറിയപ്പെടുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ ദേവാലയം നിയോ ഗോഥിക് ശൈലികള്‍ സ്വീകരിച്ചിട്ടുണ്ട്. ചുമന്ന ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച താഴികക്കുടം ലോകത്തെ ഏറ്റവും വലിയ താഴികക്കുടമായി കരുതപ്പെടുന്നു. ഈ ദേവാലയത്തില്‍ അലങ്കരിക്കുവാനായി വിവിധ നിറങ്ങളിലുള്ള കല്ലുകള്‍ വളരെ മനോഹരമായി ഉപയോഗിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

    4 . മോസ്‌കോയിലെ സെന്റ് ബേസില്‍സ് കത്തീഡ്രല്‍

    റഷ്യന്‍ നിര്‍മ്മാണ ശൈലിയുടെ ഏറ്റവും മികച്ച ഉദ്ദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒന്നാണ് മോസ്‌കോയിലെ സെന്റ് ബേസില്‍സ് കത്തീഡ്രല്‍. 1555 -1561 കാലങ്ങള്‍ക്കിടയില്‍ പണി പൂര്‍ത്തീകരിച്ച ഈ ദേവാലയം ആദ്യം നിര്‍മ്മിച്ചത് വെള്ള കല്ലുകള്‍ കൊണ്ടും ചുമന്ന ഇഷ്ടിക കൊണ്ടും ആണ്. മറ്റു കളറുകള്‍ പിന്നീടാണ് ചേര്‍ത്തത്. സ്വര്‍ഗ്ഗീയമായ ഒരു ചാരുത ദേവാലയത്തിന് നല്‍കുന്നതിനായാണ് മറ്റു നിറങ്ങള്‍ കൂടി ഉപയോഗിച്ചത്. ഇന്ന് കാണുന്ന തരത്തില്‍ നിറങ്ങള്‍ ഉപയോഗിച്ചത് 1680 -1848 കാലയളവിലാണെന്നു കരുതപ്പെടുന്നു.

    5 . ഗ്വാട്ടിമാലയിലെ സെന്റ് അന്ദ്രേസ് സിക്യൂള്‍ ദേവാലയം 

    ഗ്വാട്ടിമാലയിലെ ഒരു ചെറിയ ഗ്രാമത്തില്‍ കുന്നിന്‍ മുകളില്‍ സ്ഥിതിചെയ്യുന്ന ദേവാലയമാണ് സെന്റ് അന്ദ്രേസ് സിക്യൂള്‍ ദേവാലയം. നിറങ്ങളെ ഏറെ സ്‌നേഹിക്കുന്നവരാണ് ഇന്നാട്ടുകാര്‍. അതിനാല്‍ തന്നെ ഇവിടുത്തെ ദേവാലയത്തിന്റെ മുന്‍വശം പല വിധത്തിലുള്ള കടും നിറങ്ങള്‍ കൊണ്ട് ഉള്ള ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. കടും മഞ്ഞ നിറത്തില്‍ ഉള്ള പ്രതലത്തില്‍ മനുഷ്യനും മൃഗങ്ങളും കുരിശും മാലാഖമാരും ഒക്കെയായി 200 റോളം ചിത്രങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. കടും മഞ്ഞ, പച്ച, നീല, റോസ് നിറങ്ങളില്‍ ഉള്ള ചിത്രങ്ങളാല്‍ അലങ്കരിച്ചിരിക്കുന്ന ഈ ദേവാലയം ആണ് ലോകത്തിലെ ഏറ്റവും കളര്‍ഫുള്ളായ ദേവാലയം.