പനാമയിലെ യുവജനദിന വേദിയിൽ വീണ്ടും സ്തുത്യര്‍ഹ സേവനവുമായി ഓർഡർ ഓഫ് മാൾട്ട

1984 ലെ ആദ്യ ആഗോള യുവജനദിനാഘോഷം മുതൽ ഇതുവരെയും ആഗോള യുവജന സമ്മേളനത്തിന്റെ ഭാഗമായിരുന്നവരാണ് ഓർഡർ ഓഫ് മാൾട്ട. വോളണ്ടിയർമാരായും വത്തിക്കാന്റെ സംഘാടകർക്ക് സഹായികളായും മെഡിക്കൽ സേവന ദാതാക്കളായുമെല്ലാം അവർ സമ്മേളന വേദികളിൽ നിറസാന്നിധ്യമാകാറുണ്ട്.

പനാമയിൽ ജനുവരി 22 മുതൽ 27 വരെ നടക്കുന്ന 34 ാമത് യുവജന സമ്മേളനത്തിലും ഓർഡർ ഓഫ് മാൾട്ടയുടെ സേവനം ലഭിക്കും. ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള വോളണ്ടിയർമാരാണ് അത്യാഹിത, അപകട മെഡിക്കൽ സഹായം നൽകുക. 120 ഓളം വോളണ്ടിയർമാർ എല്ലാസമയവും ഗ്രൗണ്ടിൽ ഉണ്ടാവും.

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള, “ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടേ” എന്ന വചനം ആസ്പദമാക്കിയുള്ള ശുശ്രൂഷകളാണ് അവർ കാഴ്ച വയ്ക്കുക. സമ്മേളനത്തിലെ പ്രധാന ചടങ്ങുകളിലും വിശുദ്ധ കുർബാന മധ്യേയുമെല്ലാം ഓർഡർ ഓഫ് മാൾട്ട സജീവമായി പ്രവര്‍ത്തിക്കും. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഈ ആശയം മുന്നോട്ടു കൊണ്ടുവന്നതും ഇതിന് തുടക്കമിട്ടതും. അതുകൊണ്ട് തന്നെ അദ്ദേഹത്തെയാണ് സംഘടനയിലെ ഓരോ അംഗവും മാതൃക ആക്കിയിരിക്കുന്നതും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.