മതവിശ്വാസങ്ങളുടെ മേലുള്ള നിയന്ത്രണം കടുപ്പിച്ച് ലോകരാഷ്ട്രങ്ങൾ 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മതവിശ്വാസികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സർക്കാർ നയങ്ങളിൽ ഗണ്യമായ വർദ്ധനവ് എന്ന് പുതിയ റിപ്പോർട്ട്. പ്യു റിസേർച് സെന്റർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മതവിശ്വാസങ്ങൾക്കു മേലുള്ള ആഗോളനിയന്ത്രണത്തെക്കുറിച്ചുള്ള പത്താം വാർഷിക റിപ്പോർട്ട് അവതരണത്തിന്റെ ഭാഗമായിട്ടാണ് ഈ പഠനം നടത്തിയത്.

വിശ്വാസപരമായ കാര്യങ്ങളിൽ ഏറ്റവും കൂടുതൽ നിയന്ത്രണം നേരിടുന്നത് ക്രിസ്ത്യാനികളാണ്. 143 രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ കടുത്ത സമ്മർദ്ധമാണ് നേരിടുന്നത്. ഇതിൽ തന്നെ ചൈനയും റഷ്യയും ഉൾപ്പെടുന്ന 52 രാജ്യങ്ങളിൽ, ക്രിസ്ത്യാനികൾക്ക് മതപരമായ കാര്യങ്ങളിൽ പങ്കെടുക്കുവാനും മറ്റും കടുത്ത നിയന്ത്രണമാണുള്ളത്. മിഡിൽ ഈസ്റ്റിലും ആഫ്രിക്കൻ രാജ്യങ്ങളിലുമാണ് മതസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതലായും ഉണ്ടാകുന്നത്. ഈയൊരു പ്രവണത 2007-2017 കാലയളവിലാണ് കൂടുതയായി കാണപ്പെടാൻ തുടങ്ങിയത് എന്നും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു.

ഇതുകൂടാതെ പല രാജ്യങ്ങളിലും മതപരമായ അടയാളങ്ങൾ പൊതുവായി പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്. കുരിശടയാളം ധരിക്കൽ, മുസ്ലിം വിശ്വാസികളെ സംബന്ധിച്ചിടത്തോളം പർദ്ദ ധരിക്കൽ തുടങ്ങിയവയും പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുകയാണ്. ചൈന, ഇറാൻ, റഷ്യ, ഈജിപ്ത്, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് മതവിശ്വാസത്തിനുമേൽ നിയന്ത്രണം ഏറ്റവും കൂടുതലെന്നും ഫിലിപ്പീൻസ്, ജപ്പാൻ, ബ്രസീൽ, സൗത്ത് കൊറിയ തുടങ്ങിയ സ്ഥലങ്ങളിൽ മതവിശ്വാസങ്ങൾക്കു മേലുള്ള നിയന്ത്രണം താരതമ്യേന കുറവാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.