കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി മുന്നേറാന്‍ പാപ്പായുടെ ആഹ്വാനം

കാലാവസ്ഥയുടെ അസാധാരണ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി മുന്നേറാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. ലോക മാനവികദിനത്തോടനുബന്ധിച്ച് ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍, കാലാവസ്ഥാ പ്രതിസന്ധി എല്ലായ്‌പ്പോഴും കൂടുതല്‍ ഗുരുതരമായ മാനുഷിക പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു എന്നും തീവ്രമായ കാലാവസ്ഥാ മാറ്റങ്ങളില്‍ കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് പാവപ്പെട്ടവരാണെന്നും പാപ്പാ കുറിച്ചു. നീതിയിലും സമാധാനത്തിലും മനുഷ്യകുടുംബത്തിന്റെ ഐക്യത്തിലും സ്ഥാപിതമായ ഒരു ഐക്യദാര്‍ഢ്യം ഇന്നത്തെ സമൂഹത്തില്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക മാനവികദിനമായി ഐക്യരാഷ്ട്രസഭ ആഘോഷിക്കുന്ന ആഗസ്റ്റ് 19 -നാണ്, ലോക മാനവികദിനം എന്ന ഹാഷ്ടാഗോടു കൂടി കാലാവസ്ഥാ അടിയന്തിരാവസ്ഥാ കാലത്ത് പാവപ്പെട്ടവരോടുള്ള കരുതലിനും മനുഷ്യര്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യത്തിനുമായി പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തത്.

2008 ഡിസംബര്‍ 11 -ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയാണ് ലോക മാനവികദിനം ഔദ്യോഗികമായി സ്ഥാപിച്ചത്. ഐക്യരാഷ്ട്രസഭയുടെ, ഇറാക്കിലെ ബാഗ്ദാദിലുള്ള ആസ്ഥാനത്ത് 2003 ആഗസ്റ്റ് 19 -ന് നടന്ന ഭീകരാക്രമണത്തില്‍ ബ്രസീലുകാരനും ഐക്യരാഷ്ട്രസഭയുടെ നയതന്ത്രജ്ഞനുമായിരുന്ന സെര്‍ജിയോ വിയെയ്റ ദേ മെല്ലോ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടതിനു മറുപടിയായാണ് ലോക മാനവികദിനം സ്ഥാപിക്കപ്പെട്ടത്.

മാനുഷിക സഹായപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളുടെയും മാനുഷികസഹായം ആവശ്യമുള്ള ജനങ്ങളുടെയും സുരക്ഷയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ലോക മാനവികസഹായദിനം സ്ഥാപിതമായത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.