മുത്തശ്ശീമുത്തച്ഛന്മാര്‍ക്കും വയോധികര്‍ക്കും വേണ്ടിയുള്ള ദിനാചരണം സീറോ മലബാര്‍ സഭയില്‍

മുത്തശ്ശീമുത്തച്ഛന്മാര്‍ക്കും മറ്റു വയോധികര്‍ക്കുമായിട്ടുള്ള പ്രഥമ ആഗോള ദിനാചരണം സീറോ മലബാര്‍ സഭയില്‍ ആഘോഷിക്കുന്നു. ജൂലൈ 25 ഞായറാഴ്ചയാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ചുള്ള ദിനാഘോഷം ലോകം മുഴുവന്‍ ആചരിക്കുന്നത്. ഈശോയുടെ മുത്തശ്ശീമുത്തച്ഛന്മാരായ ജൊവാക്കിമിന്റെയും അന്നയുടെയും തിരുനാള്‍ ദിനമായ ജൂലൈ 26 -നോട് ചേര്‍ന്നു വരുന്ന ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ചയാണ് ഈ ദിനാചരണം നടക്കുന്നത്.

അറിവിന്റെയും അനുഭവത്തിന്റെയും ഉറവിടമായി വയോധികരെ കാണണമെന്നും പ്രയോജനരഹിതരെന്നു കണ്ട് അവര്‍ പുറത്താക്കപ്പെടരുതെന്നും കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ഥിച്ചിരുന്നു. ദൈവത്തിന്റെ ദാനങ്ങളെ വാഴ്ത്തുകയും ജനതയുടെ വേരുകളെ ഉറപ്പിക്കുകയും ചെയ്യുന്നവരാണ് വയോധികരെന്ന മാര്‍പാപ്പയുടെ വാക്കുകള്‍ ഏറെ ആദരവോടെയാണ് ലോകം മുഴുവന്‍ നോക്കിക്കാണുന്നത്.

‘ഞാന്‍ എന്നും നിങ്ങളോടു കൂടെ ഉണ്ടായിരിക്കും’ (മത്തായി 28:20) എന്ന വചനമാണ് ആചരണത്തിന്റെ പ്രമേയം. വയോധികരുടെ ദൈവനിയോഗം തങ്ങളുടെ വേരുകള്‍ സംരക്ഷിക്കാനും വിശ്വാസം ഇളംതലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനുമാണെന്ന പാപ്പയുടെ ആഹ്വാനത്തിന്റെ ചുവടു പിടിച്ചാണ് സീറോ മലബാര്‍ സഭ ഈ ദിനം ആചരിക്കുന്നത്.

സീറോ മലബാര്‍ സഭയുടെ കുടുംബത്തിനും അത്മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ജൂലൈ 24 ശനിയാഴ്ച വൈകിട്ട് ആറു മണിക്കാണ് ദിനാചരണം ഓണ്‍ലൈനില്‍ സംഘടിപ്പിച്ചിരിക്കുന്നത്. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുളിക്കല്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി മൂലയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഫാ. ഫിലിപ്പ് വട്ടയത്തില്‍ കോര്‍ഡിനേറ്ററായിട്ടുള്ള സൂം കോണ്‍ഫറന്‍സില്‍ ഗ്ലോബല്‍ കത്തോലിക്കാ കോണ്‍ഗ്രസ്, അത്മായ ഫോറം, ഫാമിലി അപ്പസ്‌തോലേറ്റ്, മാതൃവേദി, പ്രൊലൈഫ്, കുടുംബകൂട്ടായ്മ എന്നീ സംഘടനകളുടെ സഭാതല ഭാരവാഹികള്‍ നേതൃത്വം വഹിക്കും. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളില്‍ നിന്നുമുള്ള വയോധികരുടെ പ്രതിനിധികള്‍ പങ്കുചേരും. ആഗോള ദിനാചരണം സഭയിലെ എല്ലാ രൂപതകളിലും ജൂലൈ 25 -ന് ഞായറാഴ്ച പ്രത്യേക പരിപാടികളോടെ നടത്തപ്പെടുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.