മുത്തശ്ശീ-മുത്തശ്ശന്മാര്‍ക്കും വയോധികര്‍ക്കുമായി തിരുസഭ പ്രഖ്യാപിച്ച ആഗോള ദിനാചരണം ഇന്ന്

മുത്തശ്ശീ-മുത്തശ്ശന്മാര്‍ക്കും മറ്റു വയോധികര്‍ക്കുമായി തിരുസഭ പ്രഖ്യാപിച്ച ആഗോള ദിനാചരണം ഇന്ന്. ‘ഞാന്‍ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്,’ എന്ന തിരുവചനമാണ് പ്രഥമ വയോധിക ദിനാചരണത്തിന്റെ ആപ്തവാക്യമായി ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ന് വത്തിക്കാന്‍ സമയം രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് നവ സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘം അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റിനോ ഫിസിചെല്ലോ മുഖ്യകാര്‍മ്മികത്വം വഹിക്കും. റോമാ രൂപതയില്‍ നിന്നും വൃദ്ധരുടെ അജപാലനവുമായി ബന്ധപ്പെട്ട കൂട്ടായ്മകളില്‍ നിന്നുമായി 2000 -ല്‍പരം പേര്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കും. പേരക്കുട്ടികള്‍ക്കൊപ്പമാകും മുത്തശ്- മുത്തശ്ശന്മാര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തുന്നതെന്ന് ദിനാചരണത്തിന് നേതൃത്വം നല്‍കുന്ന ‘അത്മായക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി’ അറിയിച്ചു.

ദണ്ഡവിമോചനത്തിനുള്ള പ്രാഥമിക നിബന്ധനകള്‍ (തക്കതായ ഒരുക്കത്തോടെ ദിവ്യബലിയില്‍ പങ്കുകൊണ്ടുള്ള, പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക) പാലിക്കുന്നതിനൊപ്പം വൃദ്ധര്‍, രോഗികള്‍, അനാഥര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവരോടൊപ്പം നേരിട്ടോ ഓണ്‍ലൈനിലൂടെയോ സമയം ചെലവഴിച്ചും പൂര്‍ണ്ണ ദണ്ഡവിമോചനം നേടാമെന്ന് അപ്പസ്തോലിക പെനിറ്റന്‍ഷ്യറിയുടെ ഡിക്രി വ്യക്തമാക്കുന്നു. ഗുരുതര കാരണങ്ങളാല്‍ പുറത്തുപോകാന്‍ സാധിക്കാത്തവര്‍ക്ക് മാധ്യമങ്ങളിലൂടെയുള്ള ശുശ്രൂഷകളില്‍ പങ്കെടുത്തും അവരുടെ രോഗപീഡകള്‍ ദൈവത്തിന് സമര്‍പ്പിച്ചും ദണ്ഡവിമോചനത്തില്‍ പങ്കുചേരാനും അനുവാദം നല്‍കിയിട്ടുണ്ട്.

വയോധികര്‍ക്കായുള്ള ദിനാചരണം സഭയില്‍ ആരംഭിക്കുന്ന വിവരം കഴിഞ്ഞ ജനുവരിയിലാണ് പാപ്പ പ്രഖ്യാപിച്ചത്. യേശുവിന്റെ മുത്തശ്ശീ-മുത്തശ്ശന്മാരും കന്യാമറിയത്തിന്റെ മാതാപിതാക്കളുമായ വി. യോവാക്കിം – അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തുവരുന്ന ജൂലൈയിലെ നാലാം ഞായറാഴ്ച, വയോധിക ദിനമായി പാപ്പ തിരഞ്ഞെടുക്കുകയായിരുന്നു. ജൂലൈ 26 -നാണ് ആഗോളസഭയില്‍ വി. യോവാക്കിം – അന്ന ദമ്പതികളുടെ തിരുനാള്‍. അതുപ്രകാരം ഈ വര്‍ഷത്തെ വയോധിക ദിനാചരണം ജൂലൈ 25 -ന് ക്രമീകരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.