ഭിന്നശേഷിക്കാരുടെ കരം പിടിച്ചു ചങ്ങനാശേരി രൂപത

ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു ചങ്ങനാശേരിയില്‍ നടന്ന സംഗമം അവിസ്മരണീയ നിമിഷങ്ങൾ ആയി മാറി. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ്സ് ഹൗസിലെ മാര്‍ കാളാശേരി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഭിന്നശേഷിക്കാരുടെ സ്‌നേഹസംഗമം അരങ്ങേറിയത്.

അതിരൂപത കെയര്‍ഹോം ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ നടന്ന സംഗമത്തില്‍ പാട്ടുപാടിയും നൃത്തം ചെയ്തുമാണ് അവര്‍ വേദി കീഴടക്കിയത്. ജില്ലാ കളക്ടര്‍ ബി.എസ്. തിരുമേനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ആരാണ് വലിയവരെന്ന വാദം സമൂഹത്തില്‍ ഉയരുന്‌പോള്‍ ജീവന്‍ നല്‍കിയ ദൈവത്തിനു മുന്പില്‍ ധനവാനും ദരിദ്രനും ശാരീരിക ന്യൂനതയുള്ളവനും ഒരുപോലെയാണെന്ന ബോധ്യമാണുണ്ടാകേണ്ടതെന്നു മാര്‍ പെരുന്തോട്ടം അഭിപ്രായപ്പെട്ടു.

സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ശാരീരിക ന്യൂനതയുള്ളവരെ പരിചരിക്കുന്നതിനും സംരക്ഷിക്കാനും വൈദികരും സന്യാസിനികളും നല്‍കുന്ന സേവനം സ്മരണീയമാണെന്നും ഈ രംഗത്തേക്കു കൂടുതല്‍ ആളുകള്‍ കടന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചങ്ങനാശേരി അതിരൂപതയുടെയും വിവിധ കോണ്‍ഗ്രിഗേഷനുകളുടെയും നേതൃത്വത്തില്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍, ഇടവകകളിലെ ഭിന്നശേഷിയുള്ള വ്യക്തികള്‍, ഇവരുടെ മാതാപിതാക്കള്‍, ഈമേഖലയിലെ അധ്യാപകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സാമൂഹിക സേവന വിദ്യാര്‍ഥികള്‍, അതിരൂപതയിലെ വിവിധ സംഘടനാ പ്രതിനിധികള്‍, വൈദികര്‍, സന്യാസിനികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.