ലോക ലഹരിവിരുദ്ധ ദിനം: ലഹരിയിൽ നിന്നും മുക്തമാകട്ടെ നമ്മുടെ നാട്

ഇന്ന് ലോക ലഹരിവിരുദ്ധ ദിനം. അമിതമായ ലഹരി ഉപയോഗത്തിന്റെ ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. അതിനാൽ തന്നെ ലഹരിവിരുദ്ധ കാര്യങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതൽ ആർജ്ജിച്ചെടുക്കേണ്ടത് ഇന്നിന്റെ ആവശ്യകതയാണ്. ലഹരിമരുന്നിന്റെ ഉപയോഗവും അനധികൃത ലഹരിക്കടത്തും ഇന്ന് ഏറിവരുന്നു. അതിനാൽ തന്നെ ഈ ദിനം ആചരിക്കേണ്ടത് അനിവാര്യം തന്നെ. ലോക ലഹരിവിരുദ്ധ ദിനത്തിന്റെ പ്രധാനമായ ലക്ഷ്യങ്ങളിലൊന്ന് മയക്കുമരുന്നിന്റെ ദുരുപയോഗം ഇല്ലാതാക്കുക എന്നതാണ്. അതോടൊപ്പം തന്നെ ഇന്ന് മയക്കുമരുന്ന് മാഫിയ ഒരു വലിയ ബിസിനസായി വളർന്നുകൊണ്ടിരിക്കുന്നു. അതിനാൽ അനധികൃത കച്ചവടം നിരോധിക്കേണ്ടതും വളരെ അത്യാവശ്യമാണ്.

ജീവൻ രക്ഷിക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച യഥാർഥ്യങ്ങൾ പങ്കുവയ്ക്കുക

2021-ലെ ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം ‘ജീവൻ രക്ഷിക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവയ്ക്കുക’ എന്നതായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യാജസന്ദേശങ്ങൾ കൈമാറുന്നത് തടയുക, ഇത് സംബന്ധിച്ച് കൂടുതൽ ഉപകാരപ്രദമായ വിവരങ്ങൾ കൈമാറുക എന്നതൊക്കെണ് ഈ പ്രമേയത്തിന്റെ ലക്ഷ്യം.

ലഹരിപദാർത്ഥങ്ങളോട് ആരോഗ്യകരമായ സമീപനം സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആധുനിക കാലഘട്ടത്തിൽ കുട്ടികളും കൗമാരക്കാരും ഉൾപ്പെടെയുള്ളവർ ലഹരിക്ക് അടിമകളാകുന്നു. ചിലർ ലഹരിമാഫിയയുടെ പിടിയിൽ പെട്ടുപോകുന്നവരുമുണ്ട്. വീണ്ടുമൊരു തിരിച്ചുപോക്കില്ലാത്ത രീതിയിൽ ശാരീരിക-മാനസികാരോഗ്യം തകർന്നവരും ഇക്കൂട്ടത്തിൽപെടും. സ്‌കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങിളിലെല്ലാം ഇന്ന് വ്യാപകമാണ് ലഹരിയുടെ ഉപയോഗം.

ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഉത്ഭവം

ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി 1987 ഡിസംബറിലാണ് ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്. ഈ ദിനം ആഗോളവ്യാപകമായി ആചരിക്കാൻ തുടങ്ങുന്നതിന് ഒരു കാരണവുമുണ്ട്. ചൈനയിൽ ആരംഭിച്ച ഒന്നാം കറുപ്പ് യുദ്ധത്തിന്റെ മുന്നോടിയായി കറുപ്പ് വ്യാപാരത്തെ തടയാൻ ലിൻ സെക്സു എന്ന വ്യക്തി നടത്തിയ ധീരമായ ശ്രമങ്ങളെ അനുസ്മരിക്കുന്ന ദിനം കൂടിയാണ് ഇത്. ഹ്യുമൻ എന്ന പ്രദേശത്തായിരുന്നു കറുപ്പ് വ്യാപാരം വ്യാപകമായത്.

ഒന്നാം കറുപ്പ് യുദ്ധം 1839 മുതൽ 1842 വരെ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും ക്വിങ് രാജവംശവും തമ്മിൽ ചൈനയിൽ വച്ചു നടന്ന യുദ്ധമാണ്. കറുപ്പിന്റെ കാര്യത്തിൽ സ്വതന്ത്രവ്യാപാരം നടപ്പിലാക്കാൻ ചൈനയെ നിർബന്ധിക്കുക എന്നതായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലക്ഷ്യം. യുദ്ധത്തിൽ ചൈന പരാജയപ്പെട്ടു. ഈ യുദ്ധത്തിന്റെ ലക്ഷ്യം തന്നെ കറുപ്പ് എന്ന ലഹരിമരുന്നിൽ നിന്നും രാജ്യത്തെ കരകയറ്റുക എന്നതായിരുന്നു. കാരണം, ഈസ്റ്റ് ഇന്ത്യ കമ്പനി ചൈനയിലേക്ക് വൻതോതിൽ കറുപ്പ് കയറ്റുമതി ചെയ്ത് വലിയ ലാഭമുണ്ടാക്കി. അതു മാത്രമല്ലായിരുന്നു ഇതിന്റെ പിന്നിലുള്ള ബ്രിട്ടീഷുകാരുടെ ലക്ഷ്യം. ചൈനക്കാരെ ലഹരിമരുന്നിന്റെ അടിമകളാക്കി മാറ്റുക എന്നതുമായിരുന്നു. അതിനാൽ ഈ കറുപ്പ് കച്ചവടത്തെ ചൈനീസ് സർക്കാർ എതിർത്തു. അത് യുദ്ധത്തിന് വഴി തെളിച്ചു.

കറുപ്പ് എന്ന ലഹരിക്കെതിരെ ലിൻ സെക്സു നടത്തിയ ധീരമായ പ്രവർത്തനങ്ങൾ

ലിൻ സെക്സു എന്ന വ്യക്തി ചൈനീസ് പണ്ഡിതനും ക്വിംഗ് (മഞ്ചു) രാജവംശത്തിലെ ഉദ്യോഗസ്ഥനുമായിരുന്നു. പരമ്പരാഗത ചൈനീസ് ചിന്തകളുടെയും സ്ഥാപനങ്ങളുടെയും പുനരുജ്ജീവനത്തിന്റെ വക്താവായിരുന്നു അദ്ദേഹം. ചക്രവർത്തിയുടെ പോലും ഉപദേശകസമിതിയിൽ അംഗമാകാൻ തക്കതായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 1830-കളുടെ മധ്യത്തിൽ ബ്രിട്ടീഷ്, ചൈനീസ് കള്ളക്കടത്തുകാർ നടത്തിയ ഓപിയം വ്യാപാരത്തിന്റെ വളർച്ചയെക്കുറിച്ച് ഡാവോവാങ് ചക്രവർത്തി പരിഭ്രാന്തനായപ്പോൾ വ്യാപാരം നിയമവിധേയമാക്കണമെന്ന നിർദ്ദേശത്തെ ലിൻ എതിർത്തു. അദ്ദേഹത്തിന്റെ നിലപാടുകൾ മയക്കുമരുന്ന് കടത്തിന് തടയിടുന്ന നടപടികളിലേക്കു നയിച്ചു. ഓപിയം വ്യാപാരം നിർത്തുന്നതിൽ അദ്ദേഹം വിജയം നേടി. എങ്കിലും രാജ്യം വിദേശരാജ്യങ്ങളുടെ നുഴഞ്ഞുകയറ്റത്തിന് ഇരയായി.

ലഹരിക്കെതിരെ ഐക്യരാഷ്ട്ര സഭ

ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്നു വിരുദ്ധ വിഭാഗമാണ് യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (യു.എൻ.ഒ.ഡി.സി). ഇത് നാർക്കോട്ടിക്സ് വ്യവസായത്തെ പിന്തുണക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ വിവിധ രാജ്യങ്ങളുടെ അധികാരികളോട് ആവശ്യപ്പെടുകയും മയക്കുമരുന്ന് വ്യവസായത്തിന്റെ മറവിൽ നടക്കുന്ന അനധികൃത പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.

ലഹരിമുക്തമായ ഒരു നല്ല നാളയെ നമുക്ക് സ്വപ്നം കാണാം, അതിനായി പരിശ്രമിക്കാം. വ്യക്തികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ലഹരിയുടെ സ്വാധീനം മാറുമ്പോൾ കുറ്റകൃത്യങ്ങൾ കുറയും. സമൂഹത്തിൽ കൂടുതൽ സമാധാനം കൈവരും. അതിനാൽ, നല്ല നാളേക്കായി നമുക്ക് കൈകോർക്കാം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.