പിടിവിട്ടു പോകുന്ന വാക്കുകൾ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഡിഗ്രിക്ക് പഠിക്കുന്ന യുവാവാണ് അങ്ങനെയൊരു നൊമ്പരവുമായി വന്നത്. ദേഷ്യം വരുമ്പോൾ മാത്രമല്ല, തമാശയ്ക്കുപോലും ചീത്ത പറയുന്ന ശീലം. എത്ര ശ്രമിച്ചിട്ടും നിർത്താനാകുന്നില്ല. ഇങ്ങനെയൊരു ദുശീലത്തിന് അടിമപ്പെട്ടതിനെക്കുറിച്ച് അവൻ പറഞ്ഞു: “വീട്ടിൽ ആരും അശ്ലീലം പറയില്ല. ഹൈസ്കൂളിൽ എത്തിയപ്പോഴാണ് ചില കൂട്ടുകാരിൽ നിന്ന് അങ്ങനെയുള്ള പദങ്ങൾ കേൾക്കുന്നത്. അവരോടൊപ്പമായിരിക്കുമ്പോൾ തമാശയ്ക്കുവേണ്ടി ആരംഭിച്ചതാണ്. പിന്നീട് മറ്റുള്ളവരോട് ദേഷ്യപ്പെടുമ്പോഴും മാനസിക പിരിമുറുക്കം വരുമ്പോഴുമെല്ലാം അങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുക പതിവായി. അതങ്ങനെ അറിയാതെ സംഭവിക്കുന്നതാണ്. എത്ര ശ്രമിച്ചിട്ടും മാറ്റാൻ കഴിയുന്നില്ല.”

നാലു കാര്യങ്ങളാണ് ഞാനവനോട് പറഞ്ഞത്. “ഒന്നാമതായി, ഇനി ചീത്ത പറയില്ലെന്ന് തീരുമാനമെടുക്കുക. രണ്ടാമതായി, അതിനുള്ള കൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കുക, സാധിക്കുമെങ്കിൽ അല്പസമയം ദൈവവചനം വായിക്കുക. മൂന്നാമതായി, രാത്രി കിടക്കാൻ പോകുന്നതിനുമുമ്പ് എത്ര തവണ പാളിച്ചകൾ പറ്റിയെന്നും അതിജീവിച്ചെന്നും സ്വയം വിലയിരുത്തുക. അവസാനമായി, എടുത്ത തീരുമാനത്തിൽ വീഴ്ച സംഭവിക്കുമ്പോഴും നിരാശപ്പെടാതെ വീണ്ടും പരിശ്രമിച്ചുകൊണ്ടിരിക്കുക.”

നമ്മളിൽ ചിലരെങ്കിലും ഈ യുവാവിനെപ്പോലെ വാക്കുകൾ നിയന്ത്രിക്കാൻ കഴിയാത്തവരല്ലേ? ആദ്യമെല്ലാം തമാശയ്ക്ക് ഉപയോഗിച്ചുതുടങ്ങുന്ന വാക്കുകൾ പിന്നീട് നമ്മുടെ ജീവിതശൈലിയായി മാറുന്നു. നാം പോലും അറിയാതെ മറ്റുള്ളവരെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുന്നതിന് അത് കാരണമായി തീരുകയും ചെയ്യുന്നു.

ക്രിസ്തു തന്നെക്കുറിച്ച്‌ പറയുന്ന വാക്കുകൾ ശ്രദ്ധിക്കൂ: “ദൈവം അയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നു” (യോഹ. 3:34). അതുകൊണ്ടു തന്നെ നമ്മുടെ വാക്കും പ്രവർത്തിയും ദൈവഹിതത്തിന് അനുസരിച്ച് മാത്രമായിരിക്കട്ടെ! അതിനാൽ നമുക്ക് പ്രാർത്ഥിക്കാം, ദൈവമേ അവിടുന്ന് എനിക്ക് നൽകിയ ബുദ്ധിയും കഴിവും മനസുമെല്ലാം നിനക്കുവേണ്ടി മാത്രം ഉപയോഗിക്കാൻ എന്നെ അനുവദിക്കണമേ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.